Latest News

കിഫ്ബി ഫണ്ട് വിനിയോഗിച്ച് മാന്ദ്യത്തെ പ്രതിരോധിക്കാന്‍ സര്‍ക്കാറിന്റെ ബജറ്റ്; സാമൂഹിക ക്ഷേമ പദ്ധതികള്‍ക്ക് ഊന്നല്‍


തിരുവനന്തപുരം: കിഫ്ബി ഫണ്ട് വഴിയുള്ള പൊതു വിനിയോഗം വര്‍ധിപ്പിച്ച് മാന്ദ്യത്തെ നേരിടാന്‍ ലക്ഷ്യമിട്ട് തോമസ് ഐസകിന്റെ ബജറ്റ്. കിഫ്ബിയുടെ ആദ്യ ഘട്ടത്തില്‍ 15,000 കോടി രൂപയുടെ പദ്ധികള്‍ നടപ്പാക്കും. [malabarflash.com]

അടുത്ത സാമ്പത്തിക വര്‍ഷം 25,000 കോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തും. കെഎസ്ഇബിയുടെ ചിട്ടിയിലേക്ക് ഒരു ലക്ഷം പ്രവാസികളുടെ നിക്ഷേപം ആകര്‍ഷിച്ച് ഫണ്ട് ശേഖരണം നടത്തുമെന്നും തോമസ് ഐസക് പ്രഖ്യാപിച്ചു.

സംസ്ഥാന സര്‍ക്കാര്‍ നല്‍കിവരുന്ന ക്ഷേമ പെന്‍ഷനുകള്‍ 1000 രൂപയില്‍ നിന്ന് 1100 രൂപയായി വര്‍ധിപ്പിച്ചതായി ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. പെന്‍ഷന്‍ വാങ്ങുന്നവരുടെ ഏകീകൃത പട്ടിക തയ്യാറാക്കും. രണ്ട് പെന്‍ഷന്‍ വാങ്ങുന്നതിന് നിയന്ത്രണം കൊണ്ടു വരും. പത്രപ്രവര്‍ത്തക പെന്‍ഷനും പ്രവാസി പെന്‍ഷനും രണ്ടായിരം രൂപയായി വര്‍ധിപ്പിക്കുമെന്നും തോമസ് ഐസക് പ്രഖ്യാപിച്ചു.

ബജറ്റില്‍ സാമൂഹിക ക്ഷേമ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കിയിട്ടുണ്ട്. എല്ലാ ക്ഷേമ പെന്‍ഷനുകളും 1,100 രൂപയാക്കി വര്‍ധിപ്പിച്ചു. രണ്ട് പെന്‍ഷന്‍ വാങ്ങുന്നതിന് നിയന്ത്രണം വരുത്തി അത് ഏകീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പ്രവാസി ക്ഷേമ പെന്‍ഷനുകള്‍ 500 രൂപയില്‍ നിന്നും 2000 രൂപയാക്കി ഉയര്‍ത്തി. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പ്രത്യേക പരിഗണ നല്‍കി വിവിധങ്ങലായ പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് പത്ത് കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കെഎസ്ആര്‍ടിസിക്ക് 3,000 കോടിയുടെ പാക്കേജ് തയ്യാറാക്കി. ഇന്റര്‍നെറ്റ് സേവനം പൗരാവകാശം ആക്കുമെന്നും ആരോഗ്യ വിദ്യാഭ്യാസ മേഖലകളില്‍ വന്‍തോതില്‍ തസ്തിക അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കാര്‍ഷിക മേഖലയ്ക്കായി അടങ്കല്‍ തുക 2106 കോടി ബജറ്റില്‍ വകയിരുത്തി. മൃഗസംരക്ഷണത്തിന് 308 കോടി രൂപയും, ക്ഷീരമേഖലയ്ക്ക് 98 കോടിയും ധനമന്ത്രി തോമസ് ഐസക്ക് ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

വരള്‍ച്ച നേരിടാന്‍ 1058 കോടി രൂപയുടെ പദ്ധതി ആവിഷ്‌കരിക്കും. കിഫ്ബി 1700 കോടി രൂപയും നിക്ഷേപിക്കും. കൂടാതെ വരള്‍ച്ചാ ദുരിതാശ്വാസത്തിനു 30 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ റോഡ് വികസനത്തിന് മുഖ്യ പരിഗണന നല്‍കുന്ന നിരവധി പദ്ധതികള്‍ ധനമന്ത്രി ഡോ തോമസ് ഐസക്ക് ബജറ്റില്‍ പ്രഖ്യാപിച്ചു. റോഡുകള്‍ അഞ്ച് വര്‍ഷം കൊണ്ട് നവീകരിക്കുന്നതിനായി 50,000 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്. സംസ്ഥാനത്തെ ഒമ്പത് ജില്ലകളെ ബന്ധിപ്പിച്ച് തീരദേശഹൈവേ നിര്‍മ്മിക്കും. ഇതിനായി 6500 കോടി വകയിരുത്തി. മലയോര ഹൈവേ നിര്മ്മാണത്തിനായി 3500 കോടിയും വകയിരുത്തി. കിഫ്ബി വഴി ഇത് ലഭ്യമാക്കുമെന്നും ധനമന്ത്രി അറിയിച്ചു.

ജെന്‍ഡര്‍ ബജറ്റ് പുനസ്ഥാപിച്ച് വനിതാ സൗഹൃദ ബജറ്റാണ് മന്ത്രി വെള്ളിയാഴ്ച അവതരിപ്പിച്ചത്. സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേക വകുപ്പ് 201718 കാലയളവില്‍ സ്ഥാപിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. പിങ്ക് കണ്‍ട്രോള്‍ റൂമുകള്‍, സ്വയംപ്രതിരോധ പരിശീലനം തുടങ്ങിയവയ്ക്ക് 12 കോടി രൂപ ബജറ്റില്‍ വകയിരുത്തി. അക്രമങ്ങളില്‍ ഇരകളാകുന്ന സ്ത്രീകള്‍ക്ക് എത്രയും പെട്ടെന്നുള്ള സംരക്ഷണത്തിനും പുനരധിവാസത്തിനും പ്രത്യേക ഫണ്ട് തുടങ്ങാന്‍ 5 കോടി രൂപ മാറ്റിവെച്ചു. സ്ത്രീകള്‍ക്കു വേണ്ടിയുള്ള ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി 34 കോടി രൂപ വകയിരുത്തി.

റേഷന്‍ സബ്‌സിഡിക്ക് 900 കോടി രൂപ വകയിരുത്തുമെന്നും സിവില്‍ സപ്ലൈസിന് 200 കോടിയും കണ്‍സ്യൂമര്‍ഫെഡിന് 150 കോടിയും, ഹോര്‍ട്ടികോര്‍പ്പിന് 100 കോടിയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

ആരോഗ്യമേഖലയ്ക്ക് പ്രത്യേക പരിഗണന. ആരോഗ്യമേഖലയ്ക്ക് കിഫ്ബിയില്‍ നിന്ന് 2000 കോടി രൂപയാണ് ബജറ്റില്‍ ധനമന്ത്രി വകയിരുത്തിയിട്ടുള്ളത്. സര്‍ക്കാര്‍ ആശുപത്രികളില്‍ 5257 പുതിയ തസ്തികകള്‍ സൃഷ്ടിക്കുമെന്ന് മന്ത്രി അറിയിച്ചു.

കേന്ദ്രസര്‍ക്കാറിനെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് ബജറ്റ് അവതരണത്തിനിടെ മന്ത്രി ഉന്നയിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ സംസ്ഥാന ബജറ്റിന് തിരിച്ചടിയെന്നും നോട്ടു നിരോധനത്തിനിടയിലെ ബജറ്റ് അവതരണം വെല്ലുവിളി നിറഞ്ഞതാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിന്റെ പല കണക്കുകളും വിസ്മയിപ്പിക്കുന്നത്. കേന്ദ്രത്തിന്റേത് ഒട്ടകപക്ഷി നയമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സാധാരണക്കാരുടെ ജീവിതം താറുമാറാക്കുന്നതാണ് നോട്ടു നിരോധനം. അഞ്ച് മാസം പിന്നിട്ടിട്ടും നോട്ടു നിരോധനത്തിന്റെ പ്രതിസന്ധി മാറിയില്ല. പ്രത്യാഘാതങ്ങളെ അഭിമുഖീകരിച്ചേ മതിയാകൂ. ബാങ്കുകളില്‍ നിക്ഷേപങ്ങളില്‍ ഗണ്യമായ കുറവുണ്ടായി. പണമുണ്ടെങ്കിലും വായ്പയെടുക്കാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. റവന്യൂ കമ്മി വര്‍ധിക്കുമെന്നും ചെലവ് കുറയ്ക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം ബജറ്റ് ചോര്‍ന്നെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. തോമസ് ഐസക് ബജറ്റ് അവതരിപ്പിക്കുന്ന ഘട്ടത്തില്‍ തന്നെ നവമാധ്യമങ്ങളിലൂടെ ബജറ്റ് രേഖ തന്നെ പുറത്ത് വന്നു എന്നാണ് പ്രതിപക്ഷം ആരോപിച്ചത്. വിഷയം പരിശോധിക്കാം എന്ന് സ്പീക്കറും മുഖ്യമന്ത്രിയും അറിയിച്ചു. എന്നാല്‍ മാധ്യമങ്ങള്‍ക്ക് നല്‍കുന്ന ഹൈലൈറ്റ് മാത്രമാണ് പുറത്തു വന്നതെന്ന് തോമസ് ഐസക് വിശദീകരിച്ചു.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.