Latest News

കുണ്ടറ പീഡനം: പെണ്‍കുട്ടിയുടെ മുത്തച്ഛന്‍ അറസ്റ്റില്‍

കൊല്ലം: കുണ്ടറ പീഡനക്കേസില്‍ പെണ്‍കുട്ടിയുടെ മുത്തച്ഛന്‍ വിക്ടറിനെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ ഒരു വര്‍ഷമായി മുത്തച്ഛന്‍ പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.[www.malabarflash.com]
പ്രതി വിക്ടര്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇയാള്‍ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി. ഇയാളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് പറഞ്ഞു.

മുത്തച്ഛന്റെ പെരുമാറ്റത്തെക്കുറിച്ച് പെണ്‍കുട്ടികള്‍ പരാതി പറഞ്ഞിരുന്നതായി മുത്തശ്ശി വെളിപ്പെടുത്തിയിരുന്നു. ഇതോടെ നാല് ദിവസമായി പോലീസ് കസ്റ്റഡിയിലുള്ള മുത്തച്ഛന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ഇതുസംബന്ധിച്ച് നേരത്തെതന്നെ പോലീസിന് നിര്‍ണായക വിവരം ലഭിച്ചിരുന്നു. പൊലീസിലെ ചില മനശാസ്ത്ര വിദഗ്ധര്‍ നടത്തിയ കൗണ്‍സിലിങ്ങിനു ശേഷമാണ് കസ്റ്റഡിയിലുള്ളവര്‍ ചോദ്യംചെയ്യലുമായി സഹകരിക്കുന്നത്. കേസന്വേഷണത്തില്‍ പോലീസിനെ ഏറ്റവും കൂടുതല്‍ കുഴക്കിയിരുന്നത് ഇപ്പോള്‍ കസ്റ്റഡിയിലുള്ള ഒമ്പത് പേരും നല്‍കിയ ഒരേ സ്വഭാവത്തിലെ മൊഴികളായിരുന്നു. ഇതില്‍ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാകാത്ത സാഹചര്യമായിരുന്നു പോലീസിന്.

നേരത്തെ ചോദ്യം ചെയ്യലുമായി സഹകരിക്കാതിരുന്ന പെണ്‍കുട്ടിയുടെ അമ്മ ഇപ്പോള്‍ പോലീസിനോട് സഹകരിക്കുന്നുണ്ട്. കൂടാതെ പെണ്‍കുട്ടിയുടെ ചേച്ചിയും ചില കാര്യങ്ങള്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്. നേരത്തെ ശേഖരിച്ച അയല്‍വാസികളുടെ മൊഴിയിലും പ്രതിയെ പിടികൂടാനാവശ്യമായ സൂചനകളുണ്ടായിരുന്നു.

സംഭവം നടന്ന് രണ്ട് മാസം പിന്നിട്ടതിനാല്‍ ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിക്കുന്നതിന് പോലീസിന് ബുദ്ധിമുട്ടുണ്ടായിരുന്നു. തിങ്കളാഴ്ച നുണപരിശോധനയ്ക്ക് ഹാജരാവാന്‍ കൊല്ലം സെഷന്‍സ് കോടതി കുട്ടിയുടെ അമ്മയോടും മുത്തച്ഛനോടും ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് അമ്മ പോലീസുമായി സഹകരിക്കാന്‍ തുടങ്ങിയത്.

കുണ്ടറയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി ഇക്കഴിഞ്ഞ ജനുവരി 15-ാം തിയ്യതിയാണ് ആത്മഹത്യ ചെയ്തത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഫെബ്രുവരി 17-ന് ലഭിക്കുകയും ലൈംഗികാതിക്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ തുടര്‍ന്ന് യാതൊരു നടപടിയും ഉണ്ടാവാതിരുന്നതിനെത്തുടര്‍ന്ന് കുട്ടിയുടെ പിതാവ് വിവിധ ഉദ്യോഗസ്ഥര്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കുകയായിരുന്നു.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.