Latest News

പോര്‍മുഖമൊരുങ്ങി; മലപ്പുറം തെരഞ്ഞെടുപ്പ് ചൂടിലേക്ക്‌

മലപ്പുറം: സിപിഎം കൂടി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതോടെ മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപ തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി.[www.malabarflash.com] 

ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റും ജില്ലാ പഞ്ചായത്ത് മെമ്പറുമായ അഡ്വ.എം ബി ഫൈസലാണ് ഇടതുപക്ഷ സ്ഥാനാര്‍ഥിയായി മലപ്പുറത്ത് മത്സരിക്കുന്നത്‌

ഇ അഹമ്മദിന്റെ മരണത്തോടെ ഒഴിവുവന്ന മലപ്പുറം ലോക്‌സഭാ മണ്ഡലത്തിത്തില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് എന്‍. ശ്രീപ്രകാശിനെയാണ് ബിജെപി സ്ഥാനാര്‍ഥിയാക്കുന്നത്.

ഇ. അഹമ്മദിന്റെ മകള്‍ ഫൗസിയ മലപ്പുറത്ത് ലീഗ് സ്ഥാനാര്‍ഥിയാകുമെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ആദ്യഘട്ടത്തിലെ അനിശ്ചിതത്വത്തിനൊടുവില്‍ കുഞ്ഞാലിക്കുട്ടിയെത്തന്നെ സ്ഥാനാര്‍ഥിയായി നിശ്ചയിക്കുകയായിരുന്നു. 

ലീഗിലെ തന്നെ ഒരു വിഭാഗമാണ് കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാര്‍ഥിത്വത്തിന് തടയിടാന്‍ ഫൗസിയയെ രംഗത്തിറക്കാന്‍ ശ്രമം നടത്തിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 

സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ പാണക്കാട് മുനവ്വറലി തങ്ങള്‍, കെപിഎ മജീദ് എന്നിവരുടെ പേരുകളും ഉയര്‍ന്നുകേട്ടിരുന്നു. ഇ അഹമ്മദിനെപ്പോലെതന്നെ പ്രാഗല്‍ഭ്യമുള്ള ഒരാളെത്തന്നെ മലപ്പുറത്തുനിന്ന് ലോക്‌സഭയിലേയ്ക്ക് അയയ്ക്കണമെന്ന അഭിപ്രായമായിരുന്നു പൊതുവെ ലീഗില്‍ ഉയര്‍ന്നത്.

2014ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇ. അഹമ്മദ് സിപിഎമ്മിലെ പി.കെ സൈനബയെ 1.94 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയിരുന്നത്. കഴിഞ്ഞ തവണ സംസ്ഥാനത്തുണ്ടായ റെക്കോര്‍ഡ് ഭൂരിപക്ഷമായിരുന്നു ഇത്. 

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വേങ്ങരയില്‍നിന്ന് മത്സരിച്ച കുഞ്ഞാലിക്കുട്ടി സിപിഎമ്മിന്റെ പി.പി ബഷീറിനോട് വന്‍ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. കുഞ്ഞാലിക്കുട്ടിക്ക് 72,181 വോട്ട് ലഭിച്ചപ്പോള്‍ 34,124 വോട്ട് മാത്രമാണ് ബഷീറിന് ലഭിച്ചിരുന്നത്. ഇ അഹമ്മദിന്റെ ഭൂരിപക്ഷം കുഞ്ഞാലിക്കുട്ടിയ്ക്ക് ലോക്‌സഭയില്‍ നിലനിര്‍ത്താനാകുമെന്നാണ് ലീഗ് നേതൃത്വം കണക്കുകൂട്ടുന്നത്.

കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നല്‍കിയ സാധ്യതാ പട്ടികയില്‍ ഫൈസലിന്റെ പേരിനായിരുന്നു മുന്‍തൂക്കം. മുന്‍ മന്ത്രിയും എംപിയുമായിരുന്ന ടി.കെ ഹംസ, സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.കെ റഷീദലി എന്നിവരുടെ പേരുകളും പട്ടികയിലുണ്ടായിരുന്നു. യുവനേതാവ് എന്ന നിലയില്‍ ഫൈസലിന് നറുക്കുവീഴുകയായിരുന്നു. 

ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റും ചങ്ങരംകുളം ഡിവിഷനില്‍ നിന്നുള്ള ജില്ലാപഞ്ചായത്ത് അംഗവുമായ എം.ബി. ഫൈസല്‍, വട്ടംകുളം സ്വദേശിയാണ്. അപ്രതീക്ഷിതമായി ലഭിച്ച സ്ഥാനാര്‍ഥിത്വം മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും എതിര്‍ സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷത്തെ ഭയക്കുന്നില്ലെന്നും ഫൈസല്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

വര്‍ഗീയതയ്ക്ക് എതിരായ മതനിരപേക്ഷ നിലപാട് ഉയര്‍ത്തിക്കാട്ടിയാണ് എല്‍.ഡി.എഫ് ജനങ്ങളെ സമീപിക്കുകയെന്നാണ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചുകൊണ്ട് കോടിയേരി പറഞ്ഞത്. അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പിനുശേഷം രാജ്യത്ത് ഉരുത്തിരിഞ്ഞ രാഷ്ട്രീയ കാലാവസ്ഥ തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടും. 

കേരള രാഷ്ട്രീയത്തില്‍ യു.ഡി.എഫിന്റെ പ്രസക്തി നഷ്ടപ്പെട്ടു എന്നതിന്റെ ഉദാഹരണമാണ് ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള പി.കെ കുഞ്ഞാലിക്കുട്ടിയുടെ തീരുമാനമെന്നും കോടിയേരി ആരോപിച്ചിരുന്നു.

കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാകും എല്‍ഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിടുകയെന്നാണ് കരുതുന്നത്. അതിന് സാധിച്ചാല്‍ത്തന്നെ മലപ്പുറം ഉപതിരഞ്ഞെടുപ്പ് കേരളത്തിലെ ഇടതുപക്ഷ ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന കോടിയേരിയുടെ പ്രസ്താവനയ്ക്ക് സാധൂകരണമാകുമെന്നാണ് ഇടതുപക്ഷം കണക്കുകൂട്ടുന്നത്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.