Latest News

റിയാസ് മുസ്‌ല്യാര്‍ വധം: രണ്ടുപേര്‍ കൂടി അന്വേഷണ പരിധിയില്‍; പെരിയടുക്കയില്‍ ആയുധ ശേഖരം കണ്ടെത്തിയ സ്ഥലത്ത് പ്രതികള്‍ ഒളിവില്‍ കഴിഞ്ഞതായി വിവരം

കാസര്‍കോട്: പഴയചൂരിയിലെ മദ്രസാധ്യാപകന്‍ റിയാസ് മുസ്‌ല്യാരെ കുത്തിക്കൊന്ന കേസില്‍ പ്രതികള്‍ക്ക് സഹായം ചെയ്തുകൊടുത്തുവെന്ന് സംശയിക്കുന്ന രണ്ടുപേരെ പോലീസ്‌ അന്വേഷിക്കുന്നു. കൊലയ്ക്ക് ശേഷം പ്രതികള്‍ രണ്ടുപേരേയും ഫോണില്‍ വിളിച്ചതായാണ് വിവരം.[www.malabarflash.com]

കേസില്‍ പ്രതികളായ കേളുഗുഡ്ഡെ അയ്യപ്പനഗര്‍ ഭജനമന്ദിരത്തിന് സമീപത്തെ അജേഷ് എന്ന അപ്പു (20), കേളുഗുഡ്ഡെയിലെ നിതിന്‍ (19) എന്നിവര്‍ക്ക് ഒളിത്താവളം ഒരുക്കിയത് നേരത്തെ കൊലക്കേസില്‍ പ്രതിയായ ഒരു യുവാവും സുഹൃത്തുമാണെന്നാണ് വിവരം. കമ്പാറിന് സമീപം പെരിയടുക്കയില്‍ രണ്ടുപ്രതികളും ഒളിവില്‍ കഴിഞ്ഞതായാണ് സംശയിക്കുന്നത്. പ്രതികള്‍ക്ക് വേണ്ടി കാവല്‍ നില്‍ക്കാനാണ് ആയുധങ്ങള്‍ ശേഖരിച്ചുവെച്ചതെന്നാണ് സംശയിക്കുന്നത്.

ഹോട്ടല്‍ ഭക്ഷണം കൊണ്ടുവന്നതിന് പുറമെ ഭക്ഷണം പാകം ചെയ്തു കഴിച്ചതായും സൂചന ലഭിച്ചിരുന്നു. കിടന്നുറങ്ങാന്‍ ടെന്റ് കെട്ടിയതായും സംശയിക്കുന്നു. ഒരു പാത്രത്തില്‍ പയറും കഞ്ഞിയും ഉണ്ടായിരുന്നു. കൂടാതെ ബാക്കി വന്ന കുബ്ബൂസും പൊതിഞ്ഞുവെച്ച നിലയിലായിരുന്നു. നൂറിലേറെ ബിയര്‍ കുപ്പികളും സ്ഥലത്ത് നിന്ന് കണ്ടെത്തിയിരുന്നു. 40ല്‍കൂടുതല്‍ പേര്‍ പ്രതികള്‍ക്ക് കാവല്‍ നിന്നുവെന്നാണ് നിഗമനം. വാളും രണ്ട് ഇരുമ്പ് വടികളും 35 മരവടികളും സ്ഥലത്ത് നിന്ന് പോലീസ് കണ്ടെത്തിയിരുന്നു.

കേളുഗുഡ്ഡെയിലെ വയലിലുള്ള ഒരു ഷെഡ്ഡിനകത്ത് ഒളിവില്‍ കഴിഞ്ഞുവെന്നാണ് പ്രതികള്‍ മൊഴി നല്‍കിയിരുന്നത്. വയലിലൂടെ നടന്നാല്‍ പെരിയടുക്കയില്‍ എത്താമെന്നാണ് ഇപ്പോള്‍ അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. അതിനാല്‍ രാത്രിയില്‍ തങ്ങാന്‍ പെരിയടുക്കയിലാണ് സങ്കേതമൊരുക്കിയതെന്നാണ് സംശയിക്കുന്നത്. സംശയിക്കുന്ന രണ്ടുപേരെ ചോദ്യം ചെയ്താല്‍ ഒളിത്താവളത്തെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുമെന്ന് കരുതുന്നു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.