Latest News

പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ ആത്മഹത്യ: സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ ബന്ധുക്കള്‍

തിരുവനന്തപുരം: വര്‍ക്കലയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്‌കൂള്‍ മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍.[www.malabarflash.com]

വര്‍ക്കല അയിരൂര്‍ എം.ജി.എം സ്‌കൂള്‍ വിദ്യാര്‍ഥി വര്‍ക്കല മരക്കടമുക്ക് സ്വദേശി അര്‍ജുന്‍ (17) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. പരീക്ഷയ്ക്ക് കോപ്പിയടിച്ചുവെന്ന് ആരോപിച്ച് സ്‌കൂള്‍ അധികൃതര്‍ അപമാനിച്ചതില്‍ മനംനൊന്താണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാരോപിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. 

സംഭവം വിവാദമായതോടെ ഡി.വൈ.എഫ്.ഐ, എ.ബി.വി.പി എന്നീ സംഘടനകള്‍ സ്‌കൂള്‍ ഉപരോധിച്ചു. തുടര്‍ന്ന് മാനേജ്‌മെന്റ് വിളിച്ചുചേര്‍ത്ത ചര്‍ച്ചയില്‍ ആരോപണ വിധേയനായ വൈസ് പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ധാരണയായതോടെയാണ് ഉപരോധം അവസാനിച്ചത്.

കഴിഞ്ഞ 10 ന് നടന്ന ഐ.പി (ഇന്‍ഫര്‍മേഷന്‍ പ്രാക്ടീസ്) പരീക്ഷയ്ക്ക് സ്മാര്‍ട്ട് വാച്ച് ഉപയോഗിച്ച് കോപ്പിയടിച്ചെന്നാണ് അര്‍ജുനെതിരായ ആരോപണം. ഇത് ഇന്‍വിജിലേറ്റര്‍ കണ്ടെത്തിയെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. തുടര്‍ന്നാണ് ചൊവ്വാഴ്ച രക്ഷിതാക്കളെ വിളിച്ചു വരുത്തി അധികൃതര്‍ കുട്ടിയെ ശാസിച്ചത്. തുടര്‍ന്ന് വീട്ടില്‍ തിരികെയെത്തിയശേഷം അമ്മ പുറത്തു പോയപ്പോഴാണ് കുട്ടി ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം നാലു മണിയോടെ ആയിരുന്നു സംഭവം

വാര്‍ഷിക പരീക്ഷയ്ക്ക് കോപ്പിയടിച്ചവെന്ന് ആരോപിച്ച് സ്‌കൂള്‍ അധികൃതര്‍ അര്‍ജുനെ അപമാനിച്ചുവെന്നും ഇതാണ് ആത്മഹത്യയ്ക്ക് കാരണമെന്നുമാണ് ബന്ധുക്കളുടെ ആരോപണം. സ്‌കൂളില്‍ പ്രത്യേക യോഗം വിളിച്ചുചേര്‍ത്ത് മാതാപിതാക്കളുടെ മുന്നില്‍ വെച്ച് കുട്ടിയെ അപമാനിച്ചുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കുട്ടിയുടെ അമ്മ ഇതുസംബന്ധിച്ച് വര്‍ക്കല പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

പരീക്ഷയില്‍ കുറഞ്ഞ മാര്‍ക്ക് നേടിയതിന് അര്‍ജുന്‍ അടക്കമുള്ള കുട്ടികളുടെ മാതാപിതാക്കളെ കഴിഞ്ഞ ദിവസം പി.ടി.എ യോഗത്തിനായി സ്‌കൂളിലേക്ക് വിളിപ്പിച്ചിരുന്നു. മറ്റൊരു സ്‌കൂളില്‍നിന്ന് ഈ അധ്യയന വര്‍ഷത്തിലാണ് അര്‍ജുന്‍ എ.ജി.എം സ്‌കൂളിലേക്ക് എത്തിയത്. സിലബസ് മാറിയതുകൊണ്ടുള്ള പ്രശ്‌നങ്ങളാവാം മാര്‍ക്ക് കുറയാന്‍ കാരണമെന്ന് അര്‍ജുന്റെ മാതാവ് സ്‌കൂള്‍ അധികൃതരോട് പറഞ്ഞിരുന്നു. പി.ടി.എ യോഗത്തിനുശേഷം പ്രിന്‍സിപ്പലിന്റെ നിര്‍ദേശ പ്രകാരം അര്‍ജുനും മാതാവും മാതൃസഹോദരിയും വൈസ് പ്രിന്‍സിപ്പലിനെയും കണ്ടിരുന്നു. ഇവിടെവച്ച് മകനെ മാനസികമായി തകര്‍ക്കുന്ന രീതിയിലാണ് വൈസ് പ്രിന്‍സിപ്പല്‍ സംസാരിച്ചതെന്ന് കുട്ടിയുടെ വീട്ടുകാര്‍ ആരോപിക്കുന്നു.

അര്‍ജുന്‍ പരീക്ഷയില്‍ ക്രമേട് കാട്ടിയതിന് തെളിവുണ്ടെന്നും കുട്ടിയെ പരീക്ഷകളില്‍നിന്ന് വിലക്കുമെന്നും ക്രിമിനല്‍ കേസെടുപ്പിക്കുമെന്നും മാതാവിനേയും മാതൃസഹോദരിയേയും സാക്ഷിയാക്കി വൈസ് പ്രിന്‍സിപ്പല്‍ പറഞ്ഞുവെന്നാണ് ബന്ധുക്കളുടെ ആരോപണം. വളരെ മോശമായാണ് വൈസ് പ്രിന്‍സിപ്പള്‍ പെരുമാറിയതെന്നും ഇയാളുടെ ഭീഷണിയെ തുടര്‍ന്നുണ്ടായ മനോവിഷമത്താലും ഭയത്താലുമാണ് മകന്‍ ആത്മഹത്യ ചെയ്തതെന്നുമാണ് അര്‍ജുന്റെ മാതാവ് വര്‍ക്കല പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.