Latest News

സമസ്ത ഉലമാ സമ്മേളനത്തിന് ശനിയാഴ്ച തുടക്കം

തൃശൂര്‍: ‘മുസ്‌ലിം നവോത്ഥാനത്തിന്റെ കേരളീയ പരിസരം’ എന്ന പ്രമേയത്തില്‍ ശനിയാഴ്ച മുതല്‍ മൂന്ന് നാള്‍ തൃശൂര്‍ താജുല്‍ ഉലമാ നഗറില്‍ നടക്കുന്ന സമസ്ത ഉലമാ സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.[www.malabarflash.com] 

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പതിനയ്യായിരം മതപണ്ഡിതന്മാര്‍ സമ്മേളനത്തില്‍ സ്ഥിരം പ്രതിനിധികളായി സംബന്ധിക്കുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

മുസ്‌ലിംകളുടെ വൈജ്ഞാനിക-വിദ്യാഭ്യാസ-സാംസ്‌കാരിക വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച സമസ്തയുടെ സമ്പൂര്‍ണ സംസ്ഥാന പ്രതിനിധി സമ്മേളനമാണ് തൃശൂരില്‍ നടക്കുന്നത്. ഇസ്‌ലാമിക ശരീഅത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചുള്ള ഗഹനമായ ചര്‍ച്ചകളും ഇന്ത്യന്‍ സാഹചര്യത്തില്‍ ഇസ്‌ലാമിക സമൂഹത്തിന്റെ ഭാവിയും സമ്മേളനം ചര്‍ച്ച ചെയ്യും. സമസ്തയുടെ സമുന്നതരായ പണ്ഡിതന്മാര്‍ക്ക് പുറമെ ദേശീയ-അന്തര്‍ദേശീയ രംഗത്തെ പ്രമുഖപണ്ഡിതരും സമ്മേളനത്തിന് എത്തുന്നുണ്ട്.
ശനിയാഴ്ച വൈകീട്ട് നാലിന് സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീം ഖലീലൂല്‍ ബുഖാരി തൃശൂര്‍ പുഴക്കല്‍ പാടത്തെ താജുല്‍ ഉലമാ നഗറില്‍ പതാക ഉയര്‍ത്തുന്നതോടെയാണ് മുന്ന് നാള്‍ നീണ്ടുനില്‍ക്കുന്ന സമ്മേളന പരിപാടികള്‍ക്ക് തുടക്കമാകുന്നത്. 

സമസ്തമുശാവറ അംഗങ്ങളായ നാല്‍പത് പണ്ഡിതരും ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം സി എന്‍ ജയദേവന്‍ എം പി ഉദ്ഘാടനം ചെയ്യും. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. എഴ് മണിക്ക് നടക്കുന്ന നവോത്ഥാന സമ്മേളനത്തില്‍ എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ്‌പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തും. 

മാര്‍ച്ച് നാലിന് രാവിലെ പത്ത് മണിക്ക് ഉലമാ പ്രതിനിധി സമ്മേളനം യു എ ഇയിലെ പ്രശസ്ത ഇസ്‌ലാമിക പണ്ഡിതന്‍ ഡോ. ശൈഖ് അഹമ്മദ് ഖുബൈസി ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. സമസ്ത ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ആമുഖ സന്ദേശം നല്‍കും.
തുടര്‍ന്ന് വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍, കോണ്‍വൊക്കേഷന്‍, ചര്‍ച്ച തുടങ്ങിയവ നടക്കും. 

മാര്‍ച്ച് അഞ്ചിന് പ്രാസ്ഥാനിക സെഷന്‍, കര്‍മശാസ്ത്ര സെമിനാര്‍, വിവിധ വിഷയങ്ങളില്‍ ചര്‍ച്ച, സംവാദം, ക്ലാസ് എന്നിവയുണ്ടാകും. വൈകിട്ട് അഞ്ചിന് സമാപന പൊതു സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നയപ്രഖ്യാപന പ്രഭാഷണം നടത്തും.

വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗത സംഘം കോഓര്‍ഡിനേറ്റര്‍ വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, ജനറല്‍ കണ്‍വീനര്‍ സയ്യിദ് ഫസല്‍ വാടാനപ്പള്ളി, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് പി കെ ബാവ ദാരിമി, മീഡിയാ കോര്‍ഡിനേറ്റര്‍ എസ് ശറഫുദ്ദീന്‍ എന്നിവരും പങ്കെടുത്തു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.