Latest News

കെപിസിസി അധ്യക്ഷൻ വി.എം.സുധീരൻ രാജിവച്ചു

തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ വി.എം.സുധീരൻ സ്ഥാനം രാജിവച്ചു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ആരോഗ്യകാരണങ്ങളാലാണ് രാജിയെന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്.  രാജി കോണ്‍ഗ്രസ് ഹൈക്കമാൻഡിന് നൽകുമെന്നും സുധീരൻ അറിയിച്ചു.[www.malabarflash.com]

തീർത്തും അപ്രതീക്ഷിതമായാണ് അദ്ദേഹം തലസ്ഥാനത്ത് വാർത്താ സമ്മേളനം വിളിച്ച് രാജിയറിയിച്ചത്. തന്‍റെ രാജിക്ക് രാഷ്ട്രീയകാരണങ്ങൾ ഒന്നും തന്നെയില്ലെന്നും സ്ഥാനത്തോട് നീതിപുലർത്താൻ കഴിയുന്നില്ലെങ്കിൽ ഒഴിയുക എന്നതാണ് തന്‍റെ രീതിയെന്നും അദ്ദേഹം പറഞ്ഞു. വേണമെങ്കിൽ തനിക്ക് അധ്യക്ഷ പദവിയിൽ നിന്നും അവധിയെടുത്ത് മാറിനിൽക്കാം. പക്ഷേ, അതു ശരിയായ നടപടിയായി തോന്നാത്തതുകൊണ്ടാണ് രാജിയെന്നും അദ്ദേഹം വിശദീകരിച്ചു.

രാജിക്കാര്യം താൻ ആരുമായും ആലോചിച്ചിട്ടില്ല. ആലോചിച്ചാൽ ഒരുപാട് തടസങ്ങളുണ്ടാകുമെന്ന് അറിയാവുന്നതുകൊണ്ട് ഇതിനുള്ള സ്വാതന്ത്ര്യം താൻ സ്വീകരിക്കുകയായിരുന്നു. തന്‍റെ പ്രവർത്തനകാലത്ത് ഒപ്പം നിന്ന എല്ലാ നേതാക്കളോടും പ്രവർത്തകരോടും നന്ദി അറിയിക്കുന്നുവെന്നും സുധീരൻ കൂട്ടിച്ചേർത്തു.

2014 ഫെബ്രുവരിയിലാണ് സുധീരൻ കെപിസിസിയുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നത്. സ്ഥാനാരോഹണത്തിനെതിരേ എഐ ഗ്രൂപ്പുകൾ സംയുക്തമായി ഹൈക്കമാൻഡിൽ സമ്മർദ്ദം ചെലുത്തിയെങ്കിലും രാഹുൽ ഗാന്ധിയുടെ കർശന നിലപാട് സുധീരന് തുണയാവുകയായിരുന്നു. സുധീരനെ ഒഴിവാക്കാൻ ജി.കാർത്തികേയനെ എഐ ഗ്രൂപ്പുകൾ സംയുക്തമായി നിർദ്ദേശിക്കുകയും ചെയ്തിരുന്നു.

തുടർന്ന് വന്ന നിയമസഭാ സമ്മേളനത്തിൽ അഴിമതി ആരോപണം നേരിടുന്ന മന്ത്രിമാരെയും എംഎൽഎമാരെയും മാറ്റിനിർത്തണമെന്ന ആവശ്യത്തിൽ അദ്ദേഹം ഉറച്ചുനിന്നതും ഗ്രൂപ്പുകൾ കടുത്ത സമ്മർദ്ദമുണ്ടാക്കിയിരുന്നു. സുധീരന്‍റെ ശക്തമായ നിലപാടിനെ തുടർന്നാണ് തൃക്കാക്കര എംഎൽഎ ബെന്നി ബെഹനാൻ മത്സര രംഗത്തുനിന്നും മാറിനിന്നതും. കെ.ബാബു, അടൂർ പ്രകാശ് എന്നിവരെയും മാറ്റിനിർത്തണമെന്ന് അദ്ദേഹം ശക്തമായി ആവശ്യപ്പെട്ടെങ്കിലും ഉമ്മൻ ചാണ്ടിയുടെ സമ്മർദ്ദത്തിന് മുന്നിൽ ഹൈക്കമാൻഡ് ആവശ്യം തള്ളുകയായിരുന്നു. 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.