Latest News

കര്‍ണാടകയില്‍ 56 മണിക്കൂര്‍ കുഴല്‍ കിണറില്‍ കുടുങ്ങിയ ആറു വയസുകാരി മരിച്ചു

ബെംഗളൂരു: കര്‍ണാടകത്തിലെ ബെളാഗാവിയില്‍ 56 മണിക്കൂറോളം കുഴല്‍ കിണറില്‍ കുടുങ്ങിയ ബാലിക മരിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെ തിങ്കളാഴ്ച രാത്രി 11.30 ഓടെയാണ് ആറു വയസുകാരി കാവേരി മരിച്ചതായി രക്ഷാപ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചത്.[www.malabarflash.com]

ശനിയാഴ്ച വൈകുന്നേരം ബെളാഗാവിയിലെ വീട്ടിനടുത്തുള്ള തോട്ടത്തില്‍ സഹോദരങ്ങള്‍ക്കൊപ്പം കളിച്ചു കൊണ്ടിരിക്കെ കുഴല്‍ കിണറില്‍ വീഴുകയായിരുന്നു.
കുഴല്‍ കിണര്‍ തുറന്നു കിടന്നതാണ് അപകടത്തിനു കാരണമായത്. 400 അടിയോളം ആഴമുണ്ടായിരുന്ന കുഴല്‍ കിണറിനിടയിലെ പൈപ്പിനിടയില്‍ കുട്ടി തങ്ങി നില്‍ക്കുകയായിരുന്നു. കൂടുതല്‍ ആഴങ്ങളിലേയ്ക്ക് കുട്ടി താഴ്ന്നു പോകാതിരിക്കാന്‍ കയര്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തകര്‍ കുട്ടിയുടെ കൈ ബന്ധിച്ചിരുന്നു. 

പൈപ്പിനിടയില്‍ കുട്ടി തങ്ങി നില്‍ക്കുന്നതിനാല്‍ രക്ഷിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു രക്ഷാപ്രവര്‍ത്തകര്‍. കുഴല്‍കിണറിന് സമാന്തരമായി തുരങ്കം നിര്‍മ്മിച്ച് കുട്ടിയെ രക്ഷപ്പെടുത്താമെന്ന ശ്രമങ്ങളാണ് നടന്നത്. പാറക്കല്ലുകള്‍ നിറഞ്ഞ പ്രദേശത്ത് രണ്ട് ദിവസമെടുത്ത് തുരങ്കം നിര്‍മ്മിച്ചുവെങ്കിലും കുട്ടിയെ രക്ഷപ്പെടുത്താന്‍ ദുരന്തനിവാരണ സേനയ്ക്ക് കഴിഞ്ഞില്ല.

ദേശീയ ദുരന്തനിവാരണസേനയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു രക്ഷാപ്രവര്‍ത്തനം നടത്തിയത്. കുട്ടി കുടുങ്ങിക്കിടക്കുന്ന 30 അടി താഴ്ചയില്‍ സമാന്തരമായി തുരങ്കം നിര്‍മ്മിച്ച് കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമങ്ങളായിരുന്നു നടന്നത്. കുഴല്‍കിണറിനു സമാന്തരമായ തുരങ്കത്തിലൂടെയാണ് രക്ഷാപ്രവര്‍ത്തകര്‍ കുട്ടിയുടെ മൃതദേഹം പുറത്തെടുത്തത്. 

കര്‍ഷകനായ ശങ്കര്‍ ഹിപ്പരാഗി എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് കിണര്‍. 400 അടി താഴ്ചയുള്ള കുഴല്‍ക്കിണര്‍ വെള്ളമില്ലാത്തതിനെത്തുടര്‍ന്ന് ഉപേക്ഷിച്ചതാണ്. ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തു.

Keywords: Karnadaka News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.