Latest News

കാസര്‍കോടിനെ ഗുജറാത്താക്കാന്‍ ആര്‍എസ്എസിന്റെ ഗൂഢപദ്ധതി: പി ജയരാജന്‍

കാസര്‍കോട്: കാസര്‍കോട് പോലുള്ള മേഖലകളെ ഗുജറാത്താക്കാനുള്ള ആര്‍എസ്എസിന്റെ ഗൂഢപദ്ധതിയുടെ ഭാഗമാണ് മദ്രസാധ്യാപകന്‍ മുഹമ്മദ് റിയാസ് മുസ്‌ല്യാരുടെ കൊലപാതകമെന്ന് സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം പി ജയരാജന്‍ പറഞ്ഞു.[www.malabarflash.com]

ഹിന്ദുകളെയും മുസ്ലീങ്ങളെയും തമ്മില്‍തല്ലിച്ച് കലാപമുണ്ടാക്കി വോട്ട് പിടിക്കലും ഇതുവഴി മാഫിയാസംഘങ്ങളെ വളര്‍ത്തലുമാണ് ആര്‍എസ്എസ് ലക്ഷ്യം. നാടാകെ കൊലകള്‍ നടത്തി കേരളത്തെ ഗുജറാത്താക്കാനാണ് ആര്‍എസ്എസ് ലക്ഷ്യം. അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ ജയിക്കലാണ് ബിജെപി ലക്ഷ്യം. ഹിന്ദുകളിലും മുസ്ലീങ്ങളിലും വിരോധവും പ്രകോപനവുമുണ്ടാക്കാന്‍ ഇവര്‍ ശ്രമിക്കുന്നു. ഇതിനായി മംഗളൂരുവിലെ ബിജെപി നേതാവ് നളീന്‍കുമാര്‍ കട്ടീലും കാസര്‍കോട്ടെ കട്ടീല്‍ സുരേന്ദ്രനും കൊണ്ടുപിടിച്ച് ശ്രമിക്കുന്നു.

ബിജെപിയുടെ അധികാരം കേന്ദ്രത്തില്‍ ഉറപ്പിച്ചു നിര്‍ത്താനാണ് ആര്‍എസ്എസ് ന്യൂനപക്ഷങ്ങള്‍ക്കെതിരെ അക്രമം അഴിച്ചുവിടുന്നത്. ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ഇതാണ് കണ്ടത്. ഭാസ്‌കര കുമ്പളയുടെ 20-ാം രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി കുമ്പളയില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനാധിപത്യവും മതനിരപേക്ഷതയും സാമൂഹ്യ ഐക്യവും തകര്‍ക്കാനാണ് ആര്‍എസ്എസ് ശ്രമം. ഗോ രക്ഷാസേന പ്രഛന്നവേഷമിട്ട ആര്‍എസ്എസാണ്. പശുവിനെ രക്ഷിക്കുന്നവരെന്ന പേരില്‍ ആളെ കൊല്ലുന്ന സംഘമാണ് ഇവര്‍. ഇന്ത്യയിലാകെ ഏഴ് ക്ഷീര കര്‍ഷകരെയാണ് ഇത്തരത്തില്‍ സംഘപരിവാര്‍ കൊന്നത്. പശുവിനെ രക്ഷിക്കാന്‍ മനുഷ്യനെ കൊല്ലുന്ന സംസ്‌കാരം മതഭ്രാന്താണ്. ആര്‍എസ്എസിന്റെ മതഭ്രാന്ത് നേരിടാന്‍ ന്യൂനപക്ഷ മത ഭ്രാന്ത് പ്രചരിപ്പിച്ചാല്‍ പറ്റില്ല.

കോണ്‍ഗ്രസുകാര്‍ രാത്രി ആര്‍എസ്എസും പകല്‍ കോണ്‍ഗ്രസുമാണെന്ന് എ കെ ആന്റണിയാണ് പറഞ്ഞത്. കോണ്‍ഗ്രസ് നേതാക്കള്‍ അനുദിനം ബിജെപിയില്‍ ചേരുകയാണ്. ഉത്തരപ്രദേശില്‍ പിസിസി അധ്യക്ഷയായ റീത്ത ബഹുഗുണ ഇന്ന് ബിജെപി സര്‍ക്കാരില്‍ മന്ത്രിയാണ്. ആര്‍എസ്എസിന്റെ അക്രമങ്ങള്‍ക്ക് ഇരയാകുന്നത് കോണ്‍ഗ്രസല്ല സിപിഐ എമ്മും ഡിവൈഎഫ്‌ഐയുമാണ്. അതിന്റെ ഇരയാണ് ഭാസ്‌കര കുമ്പളയുടെ രക്തസാക്ഷിത്വം. രക്തസാക്ഷികളുടെ ജീവത്യാഗമാണ് മതഭ്രാന്തന്മാര്‍ക്ക് കീഴടങ്ങാതെ കേരളം നിലനില്‍ക്കുന്നതിന് കാരണമെന്ന് പി ജയരാജന്‍ പറഞ്ഞു.

ലീഗില്‍നിന്ന് രാജിവച്ച് ഡിവൈഎഫ്‌ഐയില്‍ ചേര്‍ന്ന പെര്‍ളയിലെ 40 പേരെ പി ജയരാജന്‍ ഹാരമണിയിച്ച് സ്വീകരിച്ചു. 

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.