Latest News

ബോളിവുഡ് താരവും മുന്‍ കേന്ദ്രമന്ത്രിയുമായ വിനോദ് ഖന്ന അന്തരിച്ചു

മുംബൈ: ബോളിവുഡിന്റെ പഴയകാല നായകനും മുന്‍ കേന്ദ്രമന്ത്രിയും പാര്‍ലമെന്റംഗവുമായ വിനോദ് ഖന്ന (70) അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയില്‍ കഴിയുകയായിരുന്നു. നിലവില്‍ പഞ്ചാബിലെ ഗുര്‍ദാസ്പുരില്‍ നിന്നുള്ള ബി.ജെ.പി. എം.പിയാണ്.[www.malabarflash.com]
ഖുര്‍ബാനി, മുക്കന്ദര്‍ ക സിക്കന്ദര്‍, അമര്‍ അക്ബര്‍ ആന്റണി, ഹേര ഫേരി, ഷാക്യു ഹാത്ത് കി സഫായി, ദി ബേണിങ് ട്രേയിന്‍ എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. ഹാത്ത് കി സഫായിയിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് നേടിയിട്ടുണ്ട്.

പേഷ്‌വാറില്‍ ജനിച്ച വിനോദ് ഖന്ന വിഭജനത്തിനുശേഷം കുടുംബത്തോടൊപ്പം ഇന്ത്യയിലേയ്ക്ക് കുടിയേറുകയായിരുന്നു. സോൽവാം സാൽ , മുഗളെ അസം തുടങ്ങിയ അക്കാലത്തെ ഹിറ്റുകള്‍ കണ്ടാണ് സിനിമാമോഹം ഉദിച്ചത്.

1968ല്‍ പുറത്തിറങ്ങിയ അധ്രുതി സുബ്ബ റാവു സംവിധാനം ചെയ്ത സുനില്‍ ദത്തിന്റെ മന്‍ കാ മീത്തില്‍ വില്ലനായിട്ടായിരുന്നു അരങ്ങേറ്റം. പിന്നീട് ഏറെക്കാലം വില്ലനും സഹനടനുമായി തിളങ്ങിനിന്ന വിനോദ് ഖന്നയ്ക്ക് ബ്രേക്കായത് 1971ല്‍ പുറത്തിറങ്ങിയ ഹം തും ഔര്‍ വോ ആയിരുന്നു. പിന്നീട് ഗുല്‍സാറിന്റെ മേരെ അപ്‌നെ അജാനക്, ഫരേബി, സലിം, ദി ബേണിങ് ട്രെയിന്‍, ഖുര്‍ബാനി എന്നിവയിലും മികവുറ്റ വേഷങ്ങള്‍ ചെയ്തു. അക്കാലത്തെ മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായരുന്നു വിനോദ് ഖന്ന.

ഇടയ്ക്ക് ഓഷോയുടെ ശിഷ്യത്വം സ്വീകരിച്ച് സിനിമയില്‍ നിന്ന് വിട്ടുനിന്ന വിനോദ് ഖന്ന പിന്നീട് എണ്‍പതുകളില്‍ സിനിമാലോകത്ത് തിരിച്ചെത്തി. ഇന്‍സാഫ്, ജും, മുസഫര്‍ തുടങ്ങിയവയായിരുന്നു തിരിച്ചുവരവിലെ ശ്രദ്ധേയമായ ചിത്രങ്ങള്‍. ദി ഫെയ്‌സ്‌സ് ഓഫ് ട്രൂത്ത്, പാകിസ്താനി ചിത്രം ഗോഡ്ഫാദര്‍, റിസ്‌ക്, ദില്‍വാലെ എന്നിവയിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.

1997ല്‍ ബി.ജെ.പിയില്‍ ചേര്‍ന്ന വിനോദ് ഖന്ന പഞ്ചാബിലെ ഗുരുദാസ്പുരില്‍ നിന്ന് ജയിച്ച് ലോക്‌സഭാംഗമായി. 1999ലും ജയം ആവര്‍ത്തിച്ച ഖന്ന കേന്ദ്രമന്ത്രിയുമായി. വിദേശകാര്യം, സാംസ്‌കാരിക, ടൂറിസം വകുപ്പുകള്‍ കൈകാര്യം ചെയ്തു. 2004ലെ തിരഞ്ഞെടുപ്പിലും ഗുരുദാസ്പുരില്‍ നിന്ന് ജയം ആവര്‍ത്തിച്ച ഖന്ന 2009ലെ തിരഞ്ഞെടുപ്പല്‍ പരാജയപ്പെട്ടു. 2014ല്‍ ഗുരുദാസ്പുരില്‍ നിന്നു തന്നെ വീണ്ടും ലോക്‌സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.

ഗീതാഞ്ജലിയാണ് വിനോദ് ഖന്നയുടെ ആദ്യ ഭാര്യ. ബോളിവുഡ് നടന്‍മാരായ രാഹുല്‍ ഖന്നയും അക്ഷയ് ഖന്നയും ഇരുവരുടെയും മക്കളാണ്. 1985 ല്‍ ഗീതാഞ്ജലിയുമായി വേര്‍പിരിയുകയും 1990 ല്‍ കവിതയെ വിവാഹം ചെയ്യുകയും ചെയ്തു. സാക്ഷി ഖന്ന, ശ്രദ്ധ ഖന്ന എന്നിവരാണ് ഈ ബന്ധത്തില്‍ ജനിച്ച കുട്ടികള്‍.


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.