കാഞ്ഞങ്ങാട്: ചികിത്സയിലെ പിഴവുമൂലം യുവതി മരണപ്പെട്ട സംഭവത്തില്‍ വൈദ്യനെ പോലീസ് അറസ്റ്റ് ചെയ്തു.[www.malabarflash.com]
പുതിയകോട്ട ജസീല സെന്ററിലെ സിദ്ധ ശിവാനന്ദ ആയുര്‍വ്വേദിക്കിലെ വൈദ്യനായ തോയമ്മലിലെ എസ് വിശ്വാമിത്രനെയാണ് ഹൊസ്ദുര്‍ഗ് എസ്‌ഐ എ സന്തോഷ്‌കുമാര്‍ അറസ്റ്റ് ചെയ്തത്. ഇയാളുടെ വൈദ്യശാലയിലും വീട്ടിലും നടത്തിയ റെയ്ഡില്‍ അംഗീകാരമില്ലാതെ നിര്‍മ്മിച്ച ആയുര്‍വ്വേദ മരുന്നുകള്‍ പോലീസ് കണ്ടെത്തി. ഇയാള്‍ ഡോക്ടര്‍ എന്ന ബോര്‍ഡ് വെച്ചാണ് ചികിത്സ നടത്തുന്നതെങ്കിലും ഇയാള്‍ക്ക് ബിരുദമോ സര്‍ട്ടിഫിക്കറ്റോ ഇല്ലെന്നും പോലീസ് കണ്ടെത്തി.
ബല്ല കല്യാണ്‍ റോഡിലെ മൈക്കാനം വീട്ടില്‍ കുമാരന്റെ ഭാര്യ ടി പി സുജാതയുടെ മരണവുമായി ബന്ധപ്പെട്ടാണ് വിശ്വാമിത്രനെ പോലീസ് അറസ്റ്റ് ചെയ്തത്. മാര്‍ച്ച് ഒന്നിനാണ് സുജാത മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കിടെ മരണപ്പെട്ടത്.
മഞ്ഞപ്പിത്ത രോഗത്തെത്തുടര്‍ന്ന് സുജാതയെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയിലായിരുന്നു ചികിത്സിച്ചിരുന്നത്. ഇതിനിടയില്‍ കുമാരന്‍ ഭാര്യയുടെ ചികിത്സാകാര്യം വൈദ്യശാല നടത്തുന്ന വിശ്വാമിത്രനോട് പറഞ്ഞിരുന്നു.
പയ്യന്നൂര്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തുവന്നാല്‍ ഒരാഴ്ചക്കുളളില്‍ താന്‍ അസുഖം ചികിത്സിച്ച് ഭേദമാക്കിത്തരാമെന്ന് വിശ്വാമിത്രന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ കുമാരന്‍ ഭാര്യയെ ഡിസ്ചാര്‍ജ് ചെയ്ത് വിശ്വാമിത്രന്റെ കീഴില്‍ ചികിത്സ ആരംഭിക്കുകയായിരുന്നു.
എന്നാല്‍ ഒരാഴ്ച കഴിഞ്ഞപ്പോള്‍ അസുഖം മൂര്‍ച്ചിക്കുകയായിരുന്നു. ഇതോടെ വിശ്വാമിത്രന്‍ സുജാതയെ മറ്റെവിടേയെങ്കിലും കൊണ്ടുപോയി ചികിത്സിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുജാതയെ മംഗലാപുരം കസ്തൂര്‍ബാ മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റിയത്. എന്നാല്‍ രോഗം ചികിത്സിക്കാന്‍ പറ്റാത്ത വിധം മൂര്‍ച്ചിച്ചതായി അവിടുത്തെ വിദഗ്ദ ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ഇവിടത്തെ ചികിത്സക്കിടയിലാണ് സുജാത മരണപ്പെട്ടത്.
സുജാതയുടെ മരണത്തിന് ഉത്തരവാദി വിശ്വാമിത്രന്റെ ചികിത്സയിലെ പിഴവാണെന്നാരോപിച്ച് കുമാരന്‍ ഹൊസ്ദുര്‍ഗ് പോലീസിലും ആയുര്‍വേദ വകുപ്പ് അധികൃതര്‍ക്കും പരാതി നല്‍കിയിരുന്നുവെങ്കിലും നടപടി ഉണ്ടായില്ല. തുടര്‍ന്ന് കഴിഞ്ഞ ദിവസം ഹൊസ്ദുര്‍ഗ് സിഐ സി കെ സുനില്‍കുമാറിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഹൊസ്ദുര്‍ഗ് പോലീസിന് നിര്‍ദ്ദേശം നല്‍കിയത്. തുടര്‍ന്ന് പ്രാഥമീക അന്വേഷണം നടത്തിയ ഹൊസ്ദുര്‍ഗ് പോലീസ് വിശ്വാമിത്രന്‍ ആയുര്‍വേദ വൈദ്യന്‍, ഡോക്ടര്‍ എന്ന് തെറ്റിദ്ധരിപ്പിച്ച് ചികിത്സ നടത്തുന്നതായി കണ്ടെത്തുകയായിരുന്നു. പിന്നീടാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
വിശ്വാമിത്രന്റെ സിദ്ധശിവാനന്ദ ആയുര്‍വേദിക് അനധികൃതമായിട്ടാണ് ഇതുവരെയും പ്രവര്‍ത്തിച്ചതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ക്കായി ആയുര്‍വ്വേദ മെഡിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിന് പോലീസ് റിപ്പോര്‍ട്ട് നല്‍കും.
ക്രമക്കേട് കണ്ടെത്തിയതിനാല്‍ ശിവാനന്ദ ആയുര്‍വ്വേദിക് സ്ഥാപനം അടച്ചുപൂട്ടി സീല്‍ ചെയ്തു. അറസ്റ്റ് ചെയ്ത വിശ്വാമിത്രനെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment