Latest News

ബ്ലോഗ് എക്‌സ്പ്രസിന് ജില്ലയില്‍ ആവശകരമായ വരവേല്‍പ്പ്

കാഞ്ഞങ്ങാട് : കേരള ടൂറിസത്തിന്റെ പ്രചരണാര്‍ത്ഥം പത്തു ദിവസം മുമ്പ് കൊച്ചിയിലെത്തിയ ബ്ലോഗ് എഴുത്തുകാരുടെ യാത്ര സംഘം കാസര്‍കോട് ജില്ലയില്‍ പര്യടനം തുടങ്ങി.[www.malabarflash.com]

സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ അതിഥികളായി അമേരിക്ക, ബ്രിട്ടന്‍, കാനഡ, ഇറ്റലി, ജര്‍മ്മനി, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, തുടങ്ങിയ 30 രാജ്യങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത ബ്ലോഗര്‍മാരുടെ സംഘം പ്രത്യേകം തയ്യാറാക്കിയ ബസില്‍ വയനാട്, കണ്ണൂര്‍ ജില്ലകളിലെ സന്ദര്‍ശനത്തിനു ശേഷമാണ് ജില്ലയിലെത്തിയത്.

ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്ന സംഘം ഇവിടെയെത്തുന്നവര്‍ക്കുള്ള താമസ സൗകര്യങ്ങളും യാത്രാ സൗകര്യങ്ങളും വിലയിരുത്തിയ ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങും.

ബേക്കല്‍ താജ് റിസോര്‍ട്ടില്‍ ഒരുക്കിയ വിരുന്നു സല്‍ക്കാരത്തില്‍ പങ്കെടുത്ത ശേഷം നീലേശ്വരത്ത് എത്തിയ സംഘം ബേക്കല്‍ റിപ്പിള്‍സ് ഹൗസ് ബോട്ടില്‍ സഞ്ചരിച്ച് വലിയപറമ്പ് കായലിന്റെ സൗന്ദര്യം ആസ്വദിച്ചു. കടിഞ്ഞിമൂലയില്‍ എത്തിയ ബ്ലോഗര്‍മാര്‍ക്ക് കാസര്‍കോട് ജില്ലാ ഹൗസ് ബോട്ട് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് കെ വി കൃഷ്ണന്‍, സെക്രട്ടറി വി വി രാജേഷ്, ബേക്കല്‍ റിപ്പിള്‍സ് ഹൗസ്‌ബോട്ട് ഡയരക്ടര്‍ ടി വി മനോജ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.

കേരള ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരായ പി മുരളീധരന്‍, കെ എസ് ഷൈന്‍, കെ ആര്‍ സജീവ്, ടൂറിസ്റ്റ് ഗൈഡ് മനോജ് വാസുദേവന്‍ എന്നിവര്‍ ബ്ലോഗര്‍മാരെ അനുഗമിച്ചു.
വലിയപറമ്പ് പ്രദേശം സന്ദര്‍ശിക്കുന്ന സംഘം ഇടയിലക്കാട് കാവില്‍ ഒരുക്കിയ വാനര സദ്യയും കാണും. ബേക്കല്‍കോട്ട, ബേക്കല്‍ ബീച്ച് പാര്‍ക്ക് എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയ ശേഷം തലസ്ഥാനത്തേക്ക് തിരിക്കും.

ബേക്കലിലെ ലളിത്, ഒഴിഞ്ഞവളപ്പിലെ നീലേശ്വരം ഹെര്‍മിറ്റേജ് എന്നീ റിസോര്‍ട്ടുകളാണ് ബ്ലോഗ് എഴുത്തുകാര്‍ക്ക് സൗജന്യ താമസ സൗകര്യം നല്‍കുന്നത്.
ജില്ലയിലെ പര്യടനത്തിനു ശേഷം ഇവര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ എഴുതുന്ന യാത്രാ വിവരണങ്ങള്‍ ഇവിടുത്തെ ടൂറിസം മേഖലയ്ക്ക് അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ സ്വീകാര്യതയും പ്രചാരണവും ലഭിക്കാന്‍ ഇടയാക്കും.

സംസ്ഥാന ടൂറിസം വകുപ്പ് ബ്ലോഗ് എഴുത്തുകാരെ ക്ഷണിച്ചു വരുത്തി ആതിഥേയത്വം നല്‍കുന്നത് ഇതു നാലാം തവണയാണെങ്കിലും ആദ്യമായാണ് ബ്ലോഗ് എക്‌സ്പ്രസ് കാസര്‍കോട് ജില്ലയില്‍ എത്തിയത്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.