Latest News

രാഷ്ട്രീയ നേതാവിന്റെ ചെറുമകനെ രക്ഷിക്കാന്‍ ബലാത്സംഗക്കേസില്‍ പ്രതിയാക്കപ്പെട്ട നിരപരാധി ജയിലില്‍ കിടന്നത് 8 വര്‍ഷം

ഹൈദരാബാദ്: ബലാത്സംഗക്കേസില്‍ നിരപരാധിയായ യുവാവ് ജയിലില്‍ കിടന്നത് എട്ട് വര്‍ഷം. ഹൈദരാബാദിലാണ് സംഭവം. പി. സത്യം ബാബു എന്ന യുവാവാണ് ചെയ്യാത്ത തെറ്റിന് ജയിലിലായത്.[www.malabarflash.com]

വിജയവാഡയില്‍ ഫാര്‍മസി വിദ്യാര്‍ത്ഥിനിയായിരുന്ന ആയിഷ മീര എന്ന 17കാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിലാണ് സത്യം ബാബു ജയിലിലായത്.

2007ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസില്‍ പ്രതിചേര്‍ത്ത സത്യം ബാബുവിനെ വിജയവാഡ വനിതാ സ്‌പെഷ്യല്‍ കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. വിജയ് ബാബു തെറ്റ് ചെയ്തിട്ടില്ലെന്ന് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബം പറഞ്ഞിരുന്നുവെങ്കിലും പോലീസ് ചെവിക്കൊള്ളാന്‍ കൂട്ടാക്കിയില്ല. കൊലപാതകത്തിന് പിന്നില്‍ ഒരു രാഷ്ട്രീയ നേതാവിന് പങ്കുണ്ടെന്ന് ഇരയുടെ കുടുംബം നല്‍കിയ മൊഴിയും പോലീസ് മുഖവിലയ്ക്ക് എടുത്തില്ല.

2007 ഡിസംബര്‍ 27ന് ഹോസ്്റ്റല്‍ മുറിയിലാണ് ആയിഷയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് ആയിഷയെ താന്‍ ബലാത്സംഗം ചെയ്ത ശേഷം കുത്തിക്കൊല്ലുകയായിരുന്നെന്ന് പ്രതി എഴുതിയ കത്തും സംഭവ സ്ഥലത്ത് നിന്ന് ലഭിച്ചിരുന്നു. കൊലപാതകം നടന്ന് മാസങ്ങള്‍ പിന്നിട്ടിട്ടും പ്രതിയെ സംബന്ധിച്ച സൂചനയൊന്നും ലഭിച്ചില്ല.

അങ്ങനെയിരിക്കെ 2008 ഓഗസ്റ്റില്‍ മൊബൈല്‍ ഫോണ്‍ മോഷണവുമായി ബന്ധപ്പെട്ട ഒരു കേസില്‍ സത്യം ബാബു അറസ്റ്റിലായി. തുടര്‍ന്ന് ഇയാളുടെ തലയില്‍ കുറ്റം ചുമത്തി പോലീസ് കേസ് അവസാനിപ്പിക്കുകയായിരുന്നു. സത്യം ബാബു കുറ്റം സമ്മതിച്ചുവെന്ന് അവകാശപ്പെട്ടു കൊണ്ടാണ് പോലീസ് കേസ് അവസാനിപ്പിച്ചത്.

എന്നാല്‍ മുന്‍ ഉപമുഖ്യമന്ത്രി കൊണേരു രംഗ റാവുവിന്റെ ചെറുമകനെ രക്ഷിക്കുന്നതിനാണ് പോലീസ് സത്യം ബാബുവിന്റെ തലയില്‍ കുറ്റം ചുമത്തിയതെന്ന് ബന്ധുക്കള്‍ അന്നേ ആരോപിച്ചിരുന്നു. നാഡീരോഗത്തെ തുടര്‍ന്ന ശരിയായി നടക്കാന്‍ പോലും കഴിവില്ലാത്ത യുവാവിനെ പ്രതിയാക്കിയതിനെതിരെ അന്ന് തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. എട്ട് വര്‍ഷം ജയിലില്‍ കഴിഞ്ഞ ശേഷമാണ് നിരപരാധിയെന്ന് കണ്ട് സത്യം ബാബുവിനെ വിട്ടയ്ക്കുന്നത്.

Keywords:National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.