Latest News

കുട്ടികളടക്കമുള്ള യാത്രക്കാരുമായി ഓട്ടോ പുഴയില്‍ വീണു; വഞ്ചിവീട് തൊഴിലാളികള്‍ രക്ഷകരായി

നീലേശ്വരം: പിഞ്ചുകുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ളവരുമായി പോയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു പുഴയിലേക്കു മറിഞ്ഞു, സമീപത്തുണ്ടായിരുന്ന വഞ്ചിവീട് ജീവനക്കാരുടെ സമയോചിത ഇടപെടലില്‍ മുഴുവന്‍ പേരും അദ്ഭുതകരമായി രക്ഷപ്പെട്ടു.[www.malabarflash.com] 
കോട്ടപ്പുറം നടപ്പാലത്തിനു സമീപം വെളളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം.
മടക്കരയിലെ അബ്ദുല്ല ഷരീഫ ദമ്പതികളുടെ മകള്‍ അഫീഫ (നാല്), രാമന്തളിയിലെ സെയ്ദിന്റെ ഭാര്യ റംസീന (28), ഇവരുടെ മകന്‍ സബീഹ് (നാല്), മടക്കരയിലെ സിറാജിന്റെ ഭാര്യ നഫീസത്ത് (30), മകള്‍ ഫാത്തിമ (ആറ്), തൃക്കരിപ്പൂരിലെ സീനത്ത് (28), ഡ്രൈവര്‍ ആനച്ചാലിലെ മുസ്താഖ് (26) എന്നിവര്‍ക്കാണു പരുക്കേറ്റത്. ഇവരെ തേജസ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്നു രണ്ടു കുട്ടികളെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇവരില്‍ ഒരാളെ സ്ഥിതി ഗുരുതരമായതിനെത്തുടര്‍ന്ന് രാത്രി വൈകി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടു പോയി. 

നടപ്പാലത്തിനു സമീപത്തുനിന്നു കുടുംബത്തെ കയറ്റിയ ഓട്ടോറിക്ഷ പുഴയോരത്തെ വീതികുറഞ്ഞ റോഡിലൂടെ സഞ്ചരിക്കവേ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.
യാത്രക്കാരുടെ നിലവിളി കേട്ടാണ് സമീപത്തുണ്ടായിരുന്ന വഞ്ചിവീട് ജീവനക്കാര്‍ പുഴയിലേക്കു ചാടിയത്. ഓരോരുത്തരെയായി മുങ്ങിയെടുത്തു കരയ്‌ക്കെത്തിക്കുകയായിരുന്നു. നീലേശ്വരത്തേക്കു വരികയായിരുന്നു ഓട്ടോറിക്ഷ. 

വഞ്ചിവീട് ജീവനക്കാരായ ഷിജില്‍, സുരേശന്‍, വിനു, വിനോദ്, മധു, പ്രവീണ്‍, സത്യന്‍, സുനില്‍, സജീവന്‍ എന്നിവരാണു ഡ്രൈവറെയും യാത്രക്കാരെയും മരണമുഖത്തുനിന്നു രക്ഷപ്പെടുത്തിയത്.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.