Latest News

കോടിയേരി ബാലകൃഷ്ണന്റെ തല മണ്ണില്‍ കിടന്ന് ഉരുളാത്തത് മലപ്പുറത്തെ യുവാക്കള്‍ക്ക് ചങ്കുറപ്പ് നഷ്ടപ്പെട്ടത് കൊണ്ട്: വിവാദ പ്രസ്താവനയുമായി നൗഷാദ് ബാഖവി

മലപ്പുറം: സി.പി.എം സംസ്ഥാന സെക്രട്ടറി കേടിയേരി ബാലകൃഷ്ണനെതിരേ കൊലവിളിയുമായി പ്രമുഖ മതപ്രഭാഷകന്‍ നൗഷാദ് ബാഖവി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും സന്യാസിയുമായ യോഗി ആദിത്യനാഥിനെയും പാണക്കാട് തങ്ങളെയും താരതമ്യം ചെയ്ത കോടിയേരിയുടെ നടപടിയാണ് ബാഖവിയെ പ്രകോപിപ്പിച്ചത്. [www.malabarflash.com]

അതേസമയം ബാഖവിയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമാണ് നവമാധ്യമങ്ങളില്‍ ഉയരുന്നത്.

കഴിഞ്ഞ ദിവസമാണു കോടിയേരിയുടെ വിവാദ പരാമര്‍ശം ഉണ്ടായത്. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിനെ ബിജെപി ഉപയോഗിക്കുന്നതും മുസ്ലിം ലീഗ് പാണക്കാട് തങ്ങളെ ഉപയോഗിക്കുന്നതും ഒരു പോലെയാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ പറഞ്ഞത്. ക്ഷേത്രത്തിലെ പൂജാരിയായിരുന്ന യോഗി ആദിത്യനാഥിനെ ഉപയോഗിച്ച് ബിജെപി ഉത്തര്‍പ്രദേശില്‍ വര്‍ഗീയത വളര്‍ത്തുകയാണ്. നിരവധി പളളികളില്‍ ഖാസിയായ പാണക്കാട് തങ്ങളെ നേതാവാക്കി മുസ്ലിം ലീഗ് വളര്‍ത്തുന്ന രാഷ്ട്രീയവും വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നതാണ്. മീഡിയവണ്‍ ചാനലിനോടായിരുന്നു കോടിയേരിയുടെ ഈ പരാമര്‍ശങ്ങള്‍. മലപ്പുറം ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ തന്നെ ഇത്. ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു.

മലപ്പുറത്തെ യുവാക്കള്‍ക്കു ചങ്കുറപ്പു നഷ്ടപ്പെട്ടു തുടങ്ങിയതുകൊണ്ടാണ് മലപ്പുറത്തെ മണ്ണില്‍വന്ന് ഓരാള്‍ ഇത്തരം ചങ്കൂറ്റം കാണിച്ചതെന്നാണ് നൗഷാദ് ബാഖവി പറയുന്നത്

പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളൊക്കെ ജീവിച്ചിരുന്ന കാലത്താണെങ്കില്‍ തങ്ങളോട് അനുവാദം പോലും ചോദിക്കാതെ സ്വന്തം വാപ്പയാണെങ്കില്‍പ്പോലും തല മലബാറിന്റെ മണ്ണില്‍ക്കിടന്ന് ഉരുണ്ടേനേയെന്ന് ബാഖവി കൊലവിളി മുഴക്കുന്നു.
''പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ഒരുവാക്ക് കൊണ്ടുപോലും ആ മഹാനുഭാവനോട് യോജിക്കാത്ത ഒരു വ്യക്തിയുമായി താരതമ്യം ചെയ്യാന്‍ മലപ്പുറത്തിന്റെ മണ്ണില്‍ വന്ന് ഒരു രാഷ്ട്രീയക്കാരന്‍ ചങ്കൂറ്റം കാണിച്ചത്, മലപ്പുറത്തെ യുവാക്കള്‍ക്ക് ചങ്കുറപ്പ് നഷ്ടപ്പെട്ട് തുടങ്ങിയെന്ന ബോധം ആ പ്രഭാഷകന്റെ മനസിലുള്ളതുകൊണ്ടുതന്നെയാണ്. ഒരു സംശയവും എനിക്ക് അക്കാര്യത്തില്‍ ഇല്ല.

കുറച്ച് കാലങ്ങള്‍ക്ക് മുന്‍പ് ഇത് പറഞ്ഞാല്‍, പാണക്കാട് സയ്യിദ് മുഹമ്മദ് ശിഹാബ് തങ്ങളൊക്കെ ജീവിച്ചിരിക്കുന്ന കാലത്ത് ഇത് പറഞ്ഞാല്‍, തങ്ങളുടെ അനുവാദം പോലും ചോദിക്കാന്‍നില്‍ക്കൂല്ല. അബു ഉബൈദത്ത് ബിന്‍ ജറാഹിന്റെ ചരിത്രം പറഞ്ഞപോലെ സ്വന്തം വാപ്പയാണെങ്കിലും തല മലബാറിന്റെ മണ്ണില്‍ കിടന്ന് ഉരുണ്ടുപോകുമായിരുന്നു. ഇപ്പോഴത്തെ മക്കള്‍ക്കും തങ്ങള്‍മാരോട് മതിപ്പ് കുറഞ്ഞു തുടങ്ങിയെന്നതിന്റെ തെളിവാണിത്'' ബാഖവി പറഞ്ഞു.

അതേസമയം, മലപ്പുറം ഉപതെരഞ്ഞെടുപ്പിനു മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ബാഖവി നടത്തിയ പ്രസ്താവന തങ്ങള്‍ക്കു തിരിച്ചടിയാകുമെന്ന് ലീഗ് നേതൃത്വത്തിനു ബോധ്യമായിട്ടുണ്ട്. അതിനാല്‍തന്നെ ബാഖവിക്കെതിരേ ലീഗ് നേതൃത്വത്തിലും അണികള്‍ക്കിടിയിലും പ്രതിഷേധം ശക്തമായിട്ടുണ്ട്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.