Latest News

ആറര പതിറ്റാണ്ടുകാലത്തെ പൂര്‍വ്വവിദ്യര്‍ത്ഥികളുടെ സംഗമം

ഉദുമ: ആറര പതിറ്റാണ്ടുകാലത്തെ പൂര്‍വ്വവിദ്യര്‍ത്ഥികളുടെ സംഗമം ഓര്‍മ്മകൂട്ടെന്ന പേരില്‍ ഉദുമ അംബിക എ എല്‍ പി സ്‌കൂളില്‍ ചേര്‍ന്നു.[www.malabarflash.com] 

ഉദുമയുടെ പടിഞ്ഞാറന്‍ തീരങ്ങളില്‍ തങ്ങളുടെ കുലത്തൊഴിലുകളായ കള്ളുചെത്തിലും നെയ്ത്തിലും മാത്രം ഒതുങ്ങിക്കൂടി കുട്ടികള്‍ക്ക് ഗുരുകുല വിദ്യഭ്യാസം നല്‍കിയ കാലത്ത് 1951 ല്‍ ഒരു സ്‌കൂള്‍ സ്ഥപിക്കണമെന്ന ആഗ്രഹത്തില്‍ ഉദുമ പടിഞ്ഞാറില്‍ പാലക്കുന്ന് ദേവസം വിദ്യഭ്യാസ കമ്മിറ്റി രൂപീകരിക്കുകയും അന്നത്തെ പ്രസിഡന്റായിരുന്ന കെ വി പൊക്ലിയുടെ മാതാവ് ചോയിച്ചിയമ്മ തനിക്ക് തായ്വഴിയായി ലഭിച്ച 18 സെന്റ് സ്ഥലം സ്‌കൂളിനായി ദാനം ചെയുകയുമായിരുന്നു. 

പ്രസ്തുത സ്ഥലത്ത് സ്‌കൂള്‍ കെട്ടിടം പണിനടന്നുകൊണ്ടിരിക്കെയാണ് 1951 മാര്‍ച്ച് 26 ന് സ്‌കൂളിന്റെ ആദ്യ ബാച്ച് ആരംഭിച്ചത്. ആറര പതിറ്റാണ്ടു പിന്നിട്ട സ്‌കൂളില്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രഗല്‍ഭരായ മാന്യ വ്യക്തികളെ വാര്‍ത്തെടുക്കാന്‍ സാധിച്ചിട്ടുണ്ട്. 

അഭിഭാഷകവൃത്തിയില്‍ അരനൂറ്റാണ്ടിന്റെ നിറവില്‍ നില്‍ക്കുന്ന സി കെ ശ്രീധരന്‍, ഹൈക്കോടതി ന്യായാധിപനായി വിരമിച്ച ജസ്റ്റിസ് എന്‍ കെ ബാലകൃഷ്ണന്‍, മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ തുടങ്ങിയവര്‍ ആദ്യക്ഷരം കുറിച്ചത് ഈ വിദ്യലയത്തില്‍ നിന്നാണ്. 

എല്‍ പി സ്‌കൂളായി ആറരപതിറ്റാണ്ടു കഴിഞ്ഞിട്ടും ഇതുവരെയായി സ്‌കൂള്‍ അപ്പ്ഗ്രേഡ് ചെയാത്തതില്‍ പൂര്‍വ വിദ്യര്‍ത്ഥികള്‍ക്കുള്ള ആശങ്ക പരിപാടിക്കെത്തിയ ജനപ്രതിനിധികളെയും മറ്റും ശ്രദ്ധയില്‍ പെടുത്തി.
പി കരുണാകരന്‍ എം പി ഓര്‍മ്മക്കൂട്ട് ഉല്‍ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ കെ വി രമണന്‍ അധ്യക്ഷത വഹിച്ചു. കെ കുഞ്ഞിരാമന്‍ എം എല്‍ എ ഓടകുഴല്‍ അവാര്‍ഡ് ജേതാവ് പ്രൊഫ: എം എ റഹ്മാന് ഉപഹാരം സമ്മാനിച്ചു. 

ചടങ്ങില്‍ സി കെ ശ്രീധരന്‍, ജസ്റ്റിസ് എന്‍ കെ ബാലകൃഷ്ണന്‍, സി മാധവന്‍, കെ വി കുഞ്ഞിക്കോരന്‍ മാസ്റ്റര്‍, കേവീസ് ബാലകൃഷ്ണന്‍ മാസ്റ്റര്‍, കെ വിശാലാക്ഷന്‍ മാസ്റ്റര്‍, പി കെ ഗംഗാധരന്‍ മാസ്റ്റര്‍, ആദ്യ ബാച്ചിലെ അംഗങ്ങള്‍ എന്നിവരെ പൊന്നാടയും ഉപഹാരവും നല്‍കി ആദരിച്ചു. മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ ഗുരുസ്മരണയും കെ കസ്തുരി റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അന്‍വര്‍ മാങ്ങാട്, പഞ്ചായത്ത് മെമ്പര്‍മാരായ കെ വി അപ്പു, പ്രീന മധു, സൈനബ അബുബക്കര്‍, കെ പ്രഭാകരന്‍, പാലക്കുന്ന് ഭഗവതി ക്ഷേത്ര ഭരണ സമിതി പ്രസിഡണ്ട് കെ ബാലകൃഷ്ണന്‍, വിദ്യഭ്യാസ സമിതി പ്രസിഡണ്ട് എ ബാലകൃഷ്ണന്‍, ഒത്തവത്ത് ചുളിയാര്‍ ഭഗവതി ക്ഷേത്ര ഭരണ സമിതി പ്രസിഡണ്ട് സി ബാലകൃഷ്ണന്‍, ഉദുമ പടിഞ്ഞാര്‍ ജമാ അത്ത് സെക്രട്ടറി എസ് വി അബ്ദുല്ല, സ്‌കൂള്‍ മാനേജര്‍ എച്ച് ഹരിഹരന്‍, പി ടി എ പ്രസിഡണ്ട് രമേശ്കുമാര്‍ കൊപ്പല്‍, കുട്ടികൃഷ്ണന്‍, രമണി കെ എന്നിവര്‍ സംസാരിച്ചു. 

സംഘാടക സമിതി കണ്‍വീനര്‍ കെ വിജയന്‍ സ്വാഗതവും ഖജാന്‍ജി കെ ശ്രീധരന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഓര്‍മ്മപുതുക്കലും സ്‌കൂള്‍ കുട്ടികളുടെയും പൂര്‍വ്വ വിദ്യര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.