Latest News

സന്ദീപിന്റെ മരണം: പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് ലഭിച്ചു, വീഴ്ചയില്‍ താടിയെല്ലിനേറ്റ ആഘാതം മൂലമുണ്ടായ തലച്ചോറിലെ രക്തസ്രാവം

കാസര്‍കോട്: ഏപ്രില്‍ ഏഴിന് ബീരന്ത്‌വയലില്‍ പോലീസ് കസ്റ്റഡിയിലെടുക്കുന്നതിനിടയില്‍ മരിച്ച ഓട്ടോ ഡ്രൈവറും ബി.എം.എസ് പ്രവര്‍ത്തകനുമായ ചൗക്കി സി.പി.സി.ആര്‍.ഐ ക്വാട്ടേഴ്‌സിലെ സന്ദീപി(28)ന്റെ വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കേസന്വേഷിക്കുന്ന എസ്.എം.എസ് ഡി.വൈ.എസ്.പി ബി. ഹരിശ്ചന്ദ്രനായകിന് ലഭിച്ചു. [www.malabarflash.com]

വീഴ്ചയില്‍ താടിയെല്ലിനേറ്റ ആഘാതംമൂലം തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പോലീസ് സര്‍ജന്‍മാരുടെ തലവന്‍മാരായ ഡോ. കെ. പ്രസന്നന്‍, അസി. പൊലീസ് സര്‍ജന്‍ ഡോ. ടി.എം പ്രജിത്ത്, സീനിയര്‍ റസിഡന്റ് ഡോ. വരുണ്‍ ചന്ദ്രന്‍ എന്നിവര്‍ അടങ്ങിയ ഡോക്ടര്‍മാരുടെ സംഘം തയ്യാറാക്കിയ റിപോര്‍ട്ടാണ് ചൊവ്വാഴ്ച ഡി.വൈ.എസ്.പിക്ക് നല്‍കിയത്.
അടിയുടേയോ പീഡനത്തിന്റെയോ പാട് ദേഹത്തില്ല. ഉറുമ്പരിച്ച ഭാഗം പോലും കൃത്യമായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. താടിക്കുണ്ടായ പരിക്ക് പുറമെ കാണുന്നതല്ല. 

കോണ്‍ക്രീറ്റ് റോഡില്‍ താടിയെല്ല് തട്ടി വീണപ്പോള്‍ അതിന്റെ ആഘാതം തലച്ചോറിലുണ്ടായതാണെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. ഇടതുകാല്‍മുട്ടിന് ഒന്നര സെന്റീമീറ്റര്‍ നീളവും അരസെന്റീമീറ്റര്‍ വീതിയുമുള്ള ചെറിയ പോറലുണ്ട്. കൈയുടെ ഇടത് കൈമുട്ടിന് ഒമ്പത് സെന്റീമീറ്റര്‍ നീളവും ഒന്നര സെന്റീമീറ്റര്‍ വീതിയുമുള്ള ഉരഞ്ഞപാടുണ്ട്. ഇടതുകൈയുടെ ചെറുവിരലിന്റെ പിന്നില്‍ ചെറിയ പാടുണ്ട്. ഇടതുഭാഗം പള്ളയില്‍ അകത്ത് നേരിയ രക്തസ്രാവമുണ്ട്. കാല്‍ മുട്ട് മടങ്ങി വീഴുമ്പോള്‍ ഇത് സംഭവിക്കാമെന്നും ഡോക്ടര്‍മാര്‍ കുറിച്ചിട്ടുണ്ട്. തുടയുടെ അടിഭാഗത്തായി ഉറുമ്പരിച്ച പാടുണ്ട്. ഇത് മോര്‍ച്ചറിയില്‍ നിന്ന് സംഭവിച്ചതാകാമെന്നാണ് നിഗമനം.
ബീരന്ത്‌വയലിലെ വിത്തുല്‍പ്പാദന കേന്ദ്രത്തിന്റെ വയലില്‍ എത്തുന്ന ഉദ്യോഗസ്ഥരേയും ജീവനക്കാരേയും മദ്യലഹരിയില്‍ ഒരു സംഘം പതിവായി ശല്യം ചെയ്യുന്നുവെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ എത്തിയ എസ്.ഐയേയും പോലീസുകാരേയും കണ്ടാണ് നാലുപേര്‍ ഓടിയത്. ഓട്ടത്തിനിടയില്‍ സന്ദീപ് കോണ്‍ക്രീറ്റ് റോഡില്‍ ശക്തമായി വീഴുകയായിരുന്നു. നാലുപേരേയും പിടിച്ച് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ അവശ നിലയില്‍ കാണപ്പെട്ട സന്ദീപിനെ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഡോക്ടര്‍മാര്‍ പരിശോധിച്ചപ്പോള്‍ ഹൃദയമിഡിപ്പ് കുറഞ്ഞുവരുന്നതായി കണ്ടു. ഉടന്‍ മരണവും സംഭവിച്ചു.
സന്ദീപിനെ ചവിട്ടികൊന്നതാണെന്ന് ആരോപിച്ച് ബി.ജെ.പി-ബി.എം.എസ് പ്രവര്‍ത്തകര്‍ കാസര്‍കോട് ടൗണ്‍ സ്റ്റേഷന്‍ ഉപരോധിക്കുകയും സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു പോലീസ് ജീപ്പും ഒരു ലോറിയും തകര്‍ക്കുകയും ചെയ്തിരുന്നു.
കൂടാതെ പിറ്റേന്ന് ബി.ജെ.പിയുടെ ആഹ്വാന പ്രകാരം കാസര്‍കോട് നിയോജക മണ്ഡലത്തില്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു. ഹര്‍ത്താലില്‍ ഉള്‍പ്പെടാത്ത കുമ്പളയില്‍ രണ്ട് ബസുകള്‍ കല്ലെറിഞ്ഞ് തകര്‍ക്കുകയുമുണ്ടായി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.