മലപ്പുറം: ഏപ്രില്‍ 12ന് മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ നിഷ്പക്ഷ നിലപാട് സ്വീകരിക്കുവാന്‍ എസ്.ഡി.പി.ഐ തീരുമാനിച്ചു.[www.malabarflash.com]
ഏതെങ്കിലും മുന്നണിക്ക് പ്രത്യേക പിന്തുണ നല്‍കേണ്ട സാഹചര്യം മലപ്പുറത്ത് നിലവിലില്ല. ഇരുമുന്നണികളും സവിശേഷ പിന്തുണ അര്‍ഹിക്കുന്നുമില്ല. മനഃസാക്ഷിക്കനുസരിച്ച് വോട്ട് ചെയ്യാന്‍ പ്രവര്‍ത്തകരോടും അനുഭാവികളോടും അഭ്യര്‍ത്ഥിക്കും. പാര്‍ട്ടിയുടെ തനത് രാഷ്ട്രീയ വ്യക്തിത്വം ഉയര്‍ത്തി പിടിക്കുന്നതിന് വേണ്ടിയാണ് ഈ തീരുമാനം.
മതേതര സങ്കല്‍പ്പത്തിന്റെ വിരോധികളായ ഫാഷിസ്റ്റുകള്‍ രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങളെ കൈപ്പിടിയിലൊതുക്കുന്നതാണ് വര്‍ത്തമാന ഇന്ത്യ നേരിടുന്ന വലിയ വെല്ലുവിളി. ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് കോണ്‍ഗ്രസിനും ഇടതുകക്ഷികള്‍ക്കും ഒഴിഞ്ഞുമാറാനാവില്ല. മുസ്‌ലിം സംഘാടനത്തെ മാത്രം വര്‍ഗീയതയായി ചിത്രീകരിക്കുകയും വോട്ടിന് വേണ്ടി മൃദുഹിന്ദുത്വ നയം സ്വീകരിക്കുകയും ചെയ്തതും പാര്‍ട്ടികളുടെ തലപ്പത്ത് സവര്‍ണജാതി നേതാക്കളുടെ സ്വാധീനവുമാണ് ഈയവസ്ഥക്ക് കാരണം.
ഫാഷിസത്തിന്റെ ഭീകരമായ വളര്‍ച്ച യാഥാര്‍ഥ്യമായി കൊണ്ടിരിക്കുമ്പോഴും അവരുടെ ഇരകളായ ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങള്‍ ഐക്യത്തെക്കുറിച്ച് ചിന്തിക്കുന്നതും സ്വന്തമായി സംഘടിക്കുന്നതും മാത്രം വര്‍ഗീയതയായി ചിത്രീകരിക്കുന്ന ഇടതുപക്ഷ നിലപാട് വിരോധാഭാസമാണ്. ഇരകളുടെ ഐക്യം വേട്ടക്കാരെ സഹായിക്കുന്നതാണെന്ന വിചിത്രകരമായ വാദമാണ് ഇടതുപക്ഷവും കോണ്‍ഗ്രസും ഉയര്‍ത്തുന്നത്. വര്‍ഗ്ഗീയതയുടെ വിഷവിത്തുകള്‍ വിതക്കുന്നതിന് പുറമെ സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയവും പാര്‍ട്ടി വളര്‍ത്തുന്നതിനുള്ള മുഖ്യായുധമായി ബി.ജെ.പി ഉപയോഗപ്പെടുത്തുന്നുവെന്ന വസ്തുത നിഷേധിക്കാവുന്നതല്ല.
സാമൂഹിക സാമ്പത്തിക നയങ്ങളില്‍ മുതലാളിത്ത കാഴ്ചപ്പാടിനെ പിന്തുടരുന്നതിലും നവ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ മേല്‍ വര്‍ഗീയതയും തീവ്രവാദവും ആരോപിച്ച് അകറ്റിനിര്‍ത്തുന്നതിലും ഇരുപക്ഷവും ഒരേ തൂവല്‍പ്പക്ഷികളാണ്. യു.എ.പി.എ പോലുള്ള കരിനിയമങ്ങള്‍ പ്രയോഗിക്കുന്ന കാര്യത്തിലും യു.ഡി.എഫും എല്‍.ഡി.എഫും വ്യത്യസ്തത പുലര്‍ത്തുന്നതായി അനുഭവപ്പെടുന്നില്ല.
കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരിച്ചപ്പോഴാണ് യു.എ.പി.എ നിയമം കൊണ്ട് വന്നതെങ്കില്‍ കേരളത്തില്‍ എല്‍.ഡി.എഫ് ഭരണകാലത്താണ് ഈ കരിനിയമം പ്രയോഗിക്കാനാരംഭിച്ചത്.
ഫാസിസത്തിനെതിരെയുള്ള നിലപാടില്‍ കൃത്യതയും സത്യസന്ധതയും പുലര്‍ത്തുന്ന പാര്‍ട്ടിയാണ് എസ്.ഡി.പി.ഐ. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി എസ്.പി-കോണ്‍ഗ്രസ് സഖ്യത്തിന് പിന്തുണ പ്രഖ്യാപിക്കുകയും സജീവ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയും ചെയ്തു. കഴിഞ്ഞ കേരള അസംബ്ലി തിരഞ്ഞെടുപ്പില്‍ ബി.ജെ.പി മുന്നേറിയ ആറ് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താതെ രണ്ടിടത്ത് എല്‍.ഡി.എഫിനെയും നാലിടത്ത് യു.ഡി.എഫിനെയും പിന്തുണച്ചതും പാര്‍ട്ടിയുടെ നിലപാടിന്റെ ഭാഗമാണ്. കോണ്‍ഗ്രസിന്റെയും സി.പി.എമ്മിന്റെയും അധികാര ദുര്‍മോഹമാണ് കേരള നിയമസഭയില്‍ ബി.ജെ.പി അക്കൗണ്ട് തുറക്കാന്‍ ഹേതുവായത്.
2016 മെയ് വരെ കേരളം ഭരിച്ച ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിക്കുകയും ആര്‍.എസ്.എസ് വര്‍ഗീയതയുടെ വളര്‍ച്ചക്ക് കൂട്ടുനില്‍ക്കുകയും ചെയ്തു. ശേഷം വന്ന പിണറായി സര്‍ക്കാരാകട്ടെ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ കേരള ജനതയുടെ പ്രതീക്ഷ തെറ്റിച്ചിരിക്കുകയാണ്.
മലപ്പുറത്ത് മതം മാറിയതിന്റെ പേരില്‍ മാത്രം ഫൈസല്‍ എന്ന യുവാവിനെ കൊലപ്പെടുത്തിയതും കാസര്‍കോട്ട് മദ്രസാധ്യാപകനെ പള്ളിക്കകത്ത് കയറി തലയറുത്ത് കൊന്നതും ഇടതുപക്ഷ ഭരണ കാലത്താണെന്നതും ഈ സംഭവങ്ങളില്‍ പോലീസ് സ്വീകരിച്ച പ്രതികള്‍ക്കനുകൂലമായ നിലപാടും ന്യൂനപക്ഷ വിഭാഗങ്ങളെ അസ്വസ്ഥപ്പെടുത്തുന്നതാണ്.
പക്ഷപാത സമീപനം തിരുത്തുകയും ആര്‍.എസ്.എസിനെതിരെ വെള്ളം ചേര്‍ക്കാത്ത നിലപാടെടുക്കുകയും ചെയ്യാത്തിടത്തോളം കേരളത്തിലെ ഇരുമുന്നണികളിലും ന്യൂനപക്ഷ പിന്നാക്ക ജനതയുടെ ഭാവി സുരക്ഷിതമാകില്ല. മുന്നണി സംവിധാനത്തിന്റെ ബന്ധനങ്ങളും രാഷ്ട്രീയ പക്ഷപാതിത്തവും മാറ്റിവെച്ച് ഐക്യത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്താന്‍ പിന്നാക്ക, ന്യൂനപക്ഷ സംഘടനകള്‍ തയ്യാറാകണമെന്ന് പാര്‍ട്ടി അഭ്യര്‍ത്ഥിക്കുന്നു.
വാര്‍ത്താസമ്മേളനത്തില്‍ പി. അബ്ദുല്‍ മജീദ് ഫൈസി (സംസ്ഥാന പ്രസിഡന്റ്), പി.കെ. ഉസ്മാന്‍ (സംസ്ഥാന സെക്രട്ടറി), എ.കെ. അബ്ദുല്‍ മജീദ് (സംസ്ഥാന സെക്രട്ടറി), ജലീല്‍ നീലാമ്പ്ര (മലപ്പുറം ജില്ലാ പ്രസിഡന്റ്) പങ്കെടുത്തു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment