Latest News

കുമ്പളയില്‍ യുവാവിനെ കഴുത്തറുത്ത് കൊന്ന കേസില്‍ മാങ്ങമുടി സിദ്ദീഖ് അടക്കം ആറുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: പേരാലിലെ അബ്ദുല്‍സലാമി(27)നെ പെര്‍വാഡ് മാളിയങ്കരക്ക് സമീപം കോട്ടയിലെ ഗ്രൗണ്ടില്‍ തലയറുത്ത് കൊന്ന കേസില്‍ ആറുപേരെ കുമ്പള സി.ഐ വി.വി മനോജ് അറസ്റ്റ് ചെയ്തു.[www.malabarflash.com]

കുമ്പള ബദ്രിയ നഗറിലെ മാങ്ങാമുടി സിദ്ദീഖ് എന്ന സിദ്ദീഖ് (39), ബദ്രിയ നഗറിലെ ഉമ്മര്‍ ഫാറൂഖ് (29), പെര്‍വാഡിലെ സഹീര്‍ (32), പേരാലിലെ നിയാസ് (31), പെര്‍വാഡ് കോട്ടയിലെ ലത്തീഫ് (36), ആരിക്കാടി ബംബ്രാണയിലെ ഹരീഷ് (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 

മൂന്ന് ആയുധങ്ങളും സിദ്ദീഖിന്റെ ചോരപുരണ്ട വസ്ത്രങ്ങളും കുണ്ടങ്കരടുക്കയിലെ ശ്മശാനത്തിലെ ടവറിന് കീഴിലുള്ള കുഴിയിലിട്ട് കത്തിച്ചതായി പ്രതികള്‍ മൊഴി നല്‍കി. സിദ്ദീഖിനേയും കൊണ്ട് സ്ഥലത്തെത്തിയ പോലീസ് സംഘം ആയുധങ്ങള്‍ കണ്ടെടുത്തു. ഇവ ശാസ്ത്രിയ പരിശോധനക്ക് അയച്ചുകൊടുക്കുമെന്ന് പോലീസ് പറഞ്ഞു. കുണ്ടങ്കരടുക്കയിലെ ശ്മശാനത്തിനടുത്ത് നിന്നാണ് ആറുപേരേയും പിടികൂടിയതെന്ന് സി.ഐ വി.വി മനോജ് പറഞ്ഞു.

ഏപ്രില്‍ 30ന് വൈകിട്ടാണ് കൊലനടന്നത്. 29ന് പുലര്‍ച്ചെ മൂന്ന് മണിക്ക് വീട്ടില്‍ കയറി ഉമ്മയേയും തന്നെയും ഭീഷണി മുഴക്കിയതിന്റെ പ്രതികാരമായാണ് സലാമിനെ കൊന്നതെന്ന് സിദ്ദീഖ് പോലീസില്‍ മൊഴി നല്‍കി. തനിക്ക് നേരെ സലാം വധഭീഷണി മുഴക്കിയിരുന്നുവെന്നും സിദ്ദീഖ് പറഞ്ഞു. സിദ്ദീഖ് നേരത്തെ ഒരു കൊലക്കേസില്‍ പ്രതിയാണ്. ഉമ്മര്‍ ഫാറൂഖ് രണ്ട് കൊലക്കേസിലും പ്രതിയായിരുന്നു.

സി.ഐക്ക് പുറമെ കുമ്പള എസ്.ഐ ജയശങ്കര്‍, സ്പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ ബാലകൃഷ്ണന്‍, നാരായണന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.