Latest News

വിവാഹച്ചടങ്ങിനെത്തിയ സൈനികനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ ലഫ്റ്റനന്റ് റാങ്കിലുള്ള സൈനിക ഉദ്യോഗസ്ഥനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ ഉമര്‍ ഫയാസ് എന്ന ഉദ്യോഗസ്ഥനെ, ചൊവ്വാഴ്ച രാത്രിയാണ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. [www.malabarflash.com]

പോലീസും സൈന്യവും സംയുക്തമായി ഭീകരര്‍ക്കായി നടത്തിയ തിരച്ചിലിലാണ് സൈനികന്റെ മൃതദേഹം കണ്ടെത്തിയത്. അഞ്ചു മാസം മുന്‍പാണ് ഉമര്‍ സൈന്യത്തില്‍ ചേര്‍ന്നത്.

മൃതദേഹത്തിന്റെ ശിരസിലും അടിവയറ്റിലും വെടിയേറ്റിരുന്നു. ദക്ഷിണ കശ്മീരിലെ കുല്‍ഗാമിലുള്ള ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി അവധിയിലായിരുന്നു ഉമര്‍. ചൊവ്വാഴ്ച രാത്രി 10 മണിയോടെ ഉമറിനെ ഭീകരര്‍ തട്ടിയെടുത്തതായി വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് സൈന്യം മേഖലയില്‍ വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും ഇദ്ദേഹത്തെ കണ്ടെത്താനായില്ല. ഇന്നു പുലര്‍ച്ചെ പരിശോധന നടത്തിയപ്പോഴാണ് വെടിയേറ്റ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

സൈനികര്‍ ഡ്യൂട്ടിയിലല്ലെങ്കിലും അവരെ ലക്ഷ്യമിടുന്ന ഭീകരരുടെ പുതിയ രീതിയാണ് ഈ സംഭവത്തിലൂടെ വെളിവാകുന്നതെന്ന് സൈനികവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. പ്രശ്‌നബാധിത ജില്ലകളിലെ ബന്ധുവീടുകളിലേക്കുള്ള സന്ദര്‍ശനം സൈനികര്‍ പരമാവധി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജമ്മു കശ്മീര്‍ പൊലീസ് കഴിഞ്ഞ ദിവസം നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

ഭീകരര്‍ വ്യാപകമായി രംഗത്തുള്ള ദക്ഷിണ കശ്മീരിലെ പുല്‍വാമ, ഷോപ്പിയാന്‍, അനന്ത്‌നാഗ്, കുല്‍ഗാം ജില്ലകളിലേക്കുള്ള അനൗദ്യോഗിക സന്ദര്‍ശനങ്ങള്‍ പരമാവധി ഒഴിവാക്കണമെന്നായിരുന്നു പോലീസ് നല്‍കിയ നിര്‍ദ്ദേശം. 

ഈ പ്രദേശങ്ങളില്‍ ഭീകരര്‍ക്ക് നാട്ടുകാരുടെ സഹായം ലഭിക്കുന്നതായാണ് വിലയിരുത്തല്‍. അതുകൊണ്ടുതന്നെ പകല്‍വെളിച്ചത്തില്‍ പോലും ഭീകരര്‍ പുറത്തിറങ്ങി നടക്കുന്ന പ്രദേശങ്ങളാണിത്. കഴിഞ്ഞ ആഴ്ച ഷോപ്പിയാനിലുണ്ടായ ഭീകരാക്രമണത്തില്‍ ഒരു ഗ്രാമീണനും രണ്ടു സൈനികരും കൊല്ലപ്പട്ടിരുന്നു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.