Latest News

ലോകത്തെ ഭാരമേറിയ യുവതിയെ കാസര്‍കോട് സ്വദേശിയായ ഡോ. ഷാജിര്‍ ഗഫാറിന്റെ നേതൃത്വത്തില്‍ അബൂദാബിയിലേക്ക് മാററി

അബുദാബി: ഭാരം കുറഞ്ഞെന്നും ഇല്ലെന്നുമുള്ള വിവാദങ്ങള്‍ക്കിടയില്‍, ലോകത്തിലെ ഭാരമേറിയ വനിത ഈജിപ്തുകാരി ഇമാന്‍ അഹമ്മദ് അബ്ദുല്‍ എത്തിയെ മുംബൈയില്‍ നിന്ന് അബുദാബിയിലെ വി.പി.എസ് ബുര്‍ജീല്‍ ആസ്പത്രിയിലേക്ക് തുടര്‍ ചികിത്സക്കായി മാററിയപ്പോള്‍ എല്ലാറ്റിനും ചുക്കാന്‍ പിടിച്ച് കാസര്‍കോട് സ്വദേശിയായ ഡോക്ടര്‍.[www.malabarflash.com]

വ്യവസായി എം.എ. യൂസഫലിയുടെ മരുമകനും വി.പി.എസ്. ഗ്രൂപ്പിന്റെ ചെയര്‍മാനുമായ ഡോ. ശംസീര്‍ വയലില്‍ ചെയര്‍മാനായ അബുദാബി ബുര്‍ജീല്‍ ആസ്പത്രിയിലാണ് ഇമാന്‍ എത്തിയുടെ തുടര്‍ ചികിത്സ നടക്കുക. 

ആസ്പത്രിയുടെ ദൂബായ് -നോര്‍ത്തേണ്‍ എമിറേറ്റ്‌സ് സി.ഇ.ഒയാണ് കോഴിക്കോട് റീജ്യണല്‍ എഞ്ചിനീയറിംഗ് കോളേജ് പ്രൊഫസറായിരുന്ന കാസര്‍കോട് ചൗക്കി സ്വദേശി പ്രൊഫ. അബ്ദുല്‍ ഗഫാറിന്റെയും ജമീലയുടെയും മകന്‍ ഡോ. ഷാജിര്‍ ഗഫാര്‍. 

ഡോ. ശംസീര്‍ വയലിലിന്റെയും ഡോ. ഷാജിര്‍ ഗഫാറിന്റെയും നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം മുംബൈ സൈഫി ആസ്പത്രിയില്‍ ഇമാന്‍ എത്തിയെ സന്ദര്‍ശിക്കുകയും ആസ്പത്രി അധികൃതരുമായി സംസാരിക്കുകയും ചെയ്തിരുന്നു. ഡോ. ഷാജിറിന്റെ നേതൃത്വത്തില്‍ ഇന്ത്യയിലെയും ഗള്‍ഫിലെയും വിദഗ്ധ ഡോക്ടര്‍മാരടങ്ങുന്ന സംഘം ഇമാനെ  മുംബൈയിലെ സൈഫി ആസ്പത്രിയില്‍ നിന്ന് അബുദാബിയിലെ വി.പി.എസ്. ബുര്‍ജീല്‍ ആസ്പത്രിയിലേക്ക് മാററി.

ഇമാനെയും കൊണ്ട് രാജ്യാന്തര വിമാനത്താവളത്തിലേക്ക് പുറപ്പെട്ട ആംബുലന്‍സിനായി പോലീസും നാട്ടുകാരും ഗ്രീന്‍ കോറിഡോര്‍ സൃഷ്ടിച്ചു. പ്രത്യേകമൊരുക്കിയ വിമാനത്തിലായിരുന്നു അബൂദാബിയിലേക്കുള്ള യാത്ര.
ഫെബ്രുവരി 11നാണ് 500 കിലോ ഭാരമുണ്ടായിരുന്ന ഇമാനെ ഭാരം കുറക്കാനുള്ള ചികിത്സക്കായി മുംബൈ യിലെ ആസ്പത്രിയിലെത്തിച്ചത്.
ഭക്ഷണക്രമീകരണം, ശസ്ത്രക്രിയ എന്നിവയിലൂടെ രണ്ട് ഘട്ടങ്ങളിലായി ഇമാന്റെ ഭാരം 240 കിലോ കുറഞ്ഞതായി സൈഫി ആസ്പത്രി അധികൃതര്‍ അവകാശപ്പെട്ടിരുന്നെങ്കിലും ബന്ധുക്കള്‍ ഇക്കാര്യം നിഷേധിച്ചതോടെ വിവാദം ഉടലെടുത്തിരുന്നു. 

ഇമാനെ ഈജിപ്തിലേക്ക് തിരിച്ചയക്കാനുള്ള സൈഫി ആസ്പത്രി അധികൃതരുടെ നീക്കത്തെ സഹോദരി ചോദ്യം ചെയ്തതോടെ വിവാദം ഉടലെടുക്കുകയും തുടര്‍ന്ന് വി.പി.എസ്. ഗ്രൂപ്പ് ചികിത്സാ വാഗ്ദാനം നല്‍കുകയുമായിരുന്നു.
ഇമാന്‍ എത്തിയുടെ ചികിത്സക്ക് വേണ്ട ക്രമീകരണങ്ങളെല്ലാം അബുദാബിയിലെ ആസ്പത്രിയില്‍ സജ്ജമാക്കിയിട്ടുണ്ടെന്നും ഭാരം കുറക്കാനുള്ള ശസ്ത്രക്രിയ അടക്കമുള്ള കാര്യങ്ങള്‍ കാലതാമസം കൂടാതെ ചെയ്ത് തീര്‍ത്ത് തങ്ങള്‍ ഉറപ്പ് പാലിക്കുമെന്നും ഡോ. ഷജീര്‍ ഗഫാര്‍ പറഞ്ഞു.

Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.