Latest News

ഭരണാധികാരികളും രാഷ്ട്രീയക്കാരും മത സ്വാതന്ത്ര്യത്തില്‍ കയ്യിടരുത്: കാന്തപുരം

കാസറകോട്: ഭരണാധികാരികളും രാഷ്ട്രീയക്കാരും മതത്തില്‍ അഭിപ്രായം പറയരുതെന്ന് അഖിലേന്ത്യ സുന്നീ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ആവശ്യപ്പെട്ടു. പുത്തിഗെ മുഹിമ്മാത്ത് സില്‍വര്‍ ജൂബിലി സമാപന മഹാ സമ്മേളനത്തില്‍ ബിരുദ ദാന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.[www.malabarflash.com]

മത വിധികള്‍ പറയേണ്ടത് അതാതു മതത്തിന്റെ പണ്ഡിതരാണ്. അത് ആധുനികമാണോ, യുക്തിസഹമാണോ എന്നൊക്കെ അതാത് മതത്തിന്റെയാളുകള്‍ തീരുമാനിക്കട്ടെ. പുറത്തുള്ളവര്‍ മറ്റൊരു മതത്തിന്റെ നിയമങ്ങള്‍ മാറ്റണമെന്ന് പറയുന്നത് മതത്തിലേക്കുള്ള കടന്നു കയറ്റമാണ്. ഇന്ത്യന്‍ ഭരണ ഘടന എല്ലാ പൗരനും മതങ്ങള്‍ക്കും നല്‍കുന്ന സ്വാതന്ത്ര്യത്തില്‍ ആരും കയ്യിടരുത്. മത വിധികളെ ഒന്നൊന്നായി ഭേദഗതി ചെയ്യുക വഴി ഏക സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് ചിലരില്‍ നിന്ന് കാണുന്നത്.

മഹത്തായ നമ്മുടെ രാജ്യം നൂറ്റാണ്ടുകളായി കാത്തു സൂക്ഷിച്ച മതേതര പാരമ്പര്യം തകര്‍ക്കാന്‍ ആരെയും അനുവദിക്കരുത്. നാനാത്വത്തില്‍ ഏകത്വമെന്നതാണ് ഇന്ത്യയെ ലോക രാജ്യങ്ങള്‍ക്കിടയില്‍ ശ്രദ്ധാകേന്ദ്രമാക്കുന്ന ഘടകം. ഓരോ മതത്തിന്റെയാളുകളും അവരുടെ മതവിശ്വാസവും ആചാരവും കാത്തുസൂക്ഷിക്കുമ്പോഴാണ് ഇന്ത്യയുടെ സൗന്ദര്യം പ്രകടമാകുന്നത്. അതിന് ഭംഗം വരുന്ന നീക്കങ്ങള്‍ ഭരണാധികാരികളില്‍ നിന്നുണ്ടാവരുത്.

കേരള മുസ്‌ലിം ജമാഅത്ത് മാതൃകയില്‍ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും മുസ്‌ലിം ജമാഅത്ത് വ്യാപിപ്പിക്കുമെന്നും കാന്തപുരം പറഞ്ഞു. ഡല്‍ഹിയിലും ചില സംസ്ഥാനങ്ങളിലും മുസ്‌ലിം ജമാഅത്തിന്റെ പ്രഖ്യാപനം വന്നു കഴിഞ്ഞു.

മുത്വലാഖ്, ഗോവധ നിരോധനം, ബാബരി മസ്ജിദ് തുടങ്ങിയ സമകാലീന വിഷയങ്ങളില്‍ ഭരണ നേതൃത്വങ്ങളുമായി തുറന്ന സംവാദത്തിന് മുസ്‌ലിം ജമാഅത്ത് തയ്യാറാണ്. ഇത്തരം വിഷയങ്ങളില്‍ സമൂഹത്തിന്റെ നിലപാട് രാജ്യത്തിന്റെ എല്ലാ കോണുകളിലും എത്തിക്കാന്‍ മുന്നിട്ടിറങ്ങും. വിദ്യാഭ്യാസ ജീവകാരുണ്യ മേഖലകളില്‍ വിപുലമായ കര്‍മ്മ പദ്ധതികള്‍ക്കാണ് മുസ്‌ലിം ജമാഅത്ത് രൂപം നല്‍കിയിട്ടുള്ളത്.

മതത്തിന്റെ ആത്മീയ ചൈതന്യം ഉള്‍ക്കൊള്ളാത്തവരാണ് വിധ്വംസക പ്രവര്‍ത്തനങ്ങളിലേക്ക് നീങ്ങുന്നത്. തീവ്രവാദത്തിന്റെയും ഭീകരവാദിത്തിന്റെയും പിന്നില്‍ യഥാര്‍ത്ഥ മത വിശ്വാസികളെ കാണാന്‍ കഴിയില്ല. മുഹിമ്മാത്ത് അടക്കമുള്ള വിദ്യാഭ്യാസ സമുച്ഛയങ്ങള്‍ സമൂഹത്തിന്റെ ആത്മീയ ദാഹമകറ്റാനാണ് ശ്രമിക്കുന്നത്. രാജ്യത്തിന്റെ ഭാവി പ്രതീക്ഷ ഇത്തരം സ്ഥാപനങ്ങളിലാണ്. കാന്തപുരം പറഞ്ഞു.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ.സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. മുഹിമ്മാത്ത് ഉപാധ്യക്ഷന്‍ ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു.

Keywords: Kasaragod  News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.