Latest News

തലശ്ശേരിയില്‍ യുവാവിനെ നടുറോഡിലിട്ട് വെട്ടിക്കൊന്നു

തലശ്ശേരി: നഗരമധ്യത്തില്‍ യുവാവിനെ ഭാര്യാപിതാവ് നടുറോഡില്‍ വെട്ടിക്കൊന്നു. ചിറക്കര ഗണേഷ് എന്‍ജിനീയറിങ്ങിനു സമീപം ചന്ദ്രി വില്ലയില്‍ കെ.കെ.രാജേന്ദ്രന്റെയും രഞ്ജിനിയുടെയും മകന്‍ സന്ദീപ്(28) ആണു വെട്ടേറ്റു മരിച്ചത്.[www.malabarflash.com]

സംഭവവുമായി ബന്ധപ്പെട്ടു യുവാവിന്റെ ഭാര്യാപിതാവ് കോഴിക്കോട് പന്തീരാങ്കാവ് പന്നിയൂര്‍ക്കുളം തിരുമംഗലത്ത് ഹൗസില്‍ പ്രേമരാജിനെ(57) പോലീസ് അറസ്റ്റ് ചെയ്തു.
കുടുംബവഴക്കാണ് സംഭവത്തിനു കാരണമെന്നു കരുതുന്നതായി പോലീസ് പറഞ്ഞു. എടിഎമ്മില്‍ പണം നിറയ്ക്കുന്ന സ്വകാര്യ സെക്യൂരിറ്റി സര്‍വീസിലെ ജീവനക്കാരനാണ് സന്ദീപ്. പ്രതി പ്രേമരാജ് കോഴിക്കോട്ട് ചുമട്ടുതൊഴിലാളിയാണ്. ഞായറാഴ്ച രാവിലെ ഒന്‍പതു മണിയോടെയാണ് സംഭവം.
സന്ദീപിന്റെ വീട്ടിലെത്തിയ പ്രേമരാജന്‍ യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി 50മീറ്റര്‍ അകലെ തലശ്ശേരി –വളവുപാറ റോഡില്‍ എത്തിച്ച് കയ്യില്‍ കരുതിയ കത്തി കൊണ്ടു വെട്ടുകയായിരുന്നു. ഒറ്റവെട്ടിനു നിലത്തു വീണ സന്ദീപിനെ കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഓട്ടോറിക്ഷയില്‍ കയറ്റി ഉടനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പ്രതിയെ നാട്ടുകാര്‍ തന്നെയാണ് പോലീസില്‍ ഏല്‍പിച്ചത്. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. പ്രേമരാജന്റെ മകള്‍ നിമിഷയും സന്ദീപും മൂന്നു വര്‍ഷം മുമ്പാണ് വിവാഹിതരായത്. ഇവരുടേതു പ്രണയ വിവാഹമായിരുന്നു. മൂന്നു വയസ്സുള്ള വൈഗ മകളാണ്.

Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.