Latest News

വ്യാപാരിയുടെ ദുരൂഹ മരണം: ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു

നീലേശ്വരം:നീലേശ്വരം റെയില്‍വെ മേല്‍പ്പാലത്തിനു കീഴിലെ ചമയം ഫൂട്‌വേര്‍ ഉടമ മടിക്കൈ മേക്കാട്ടെ അരീക്കര വീട്ടില്‍ നാരായണന്റെ മകന്‍ നാരായണന്റെ(26) മരണത്തില്‍ ദുരൂഹ മരണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് രംഗത്തുവന്നു.[www.malabarflash.com]

കഴിഞ്ഞ മെയ് 23നാണ് നാരായണനെ വീട്ടു മുറ്റത്തെ കിണറില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്.അന്നു തന്നെ ബന്ധുക്കള്‍ പോലീസില്‍ സംശയം പ്രകടിപ്പിച്ചെങ്കിലും പോലീസില്‍ ഗൗരവത്തിലെടുത്തില്ലെന്ന് ആക്ഷന്‍ കമ്മിറ്റി ആരോപിച്ചു.
നാരായണന്റ അയല്‍വാസികളാണ് മരണത്തിന് പിന്നിലെന്ന് ആരോപിച്ച് നീലേശ്വരത്തെ ചമയം ഫാന്‍സി ഉടമയും സഹോദരനുമായ ഗംഗാധരന്‍ ഉന്നത പോലീസ് ഉദ്യോഗസ്ര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ യാതൊരുവിധ അന്വേഷണവും ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് മടിക്കൈ പഞ്ചായത്ത് മെമ്പര്‍ വി.ശശി ചെയര്‍മാനായി ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചത്.
നാരായണന്‍ വര്‍ഷങ്ങളോളം താമസിച്ചതും കിടന്നുറങ്ങിയതും അയല്‍വാസിയുടെ വീട്ടിലായിരുന്നു. ഇതിനിടയില്‍ 2013ല്‍ വാഴുന്നോറൊടിയിലെ ഒരു യുവതിയുമായി നാരായണന്റെ വിവാഹം നിശ്ചയിക്കുകയും മോതിരമാറ്റം നടത്തുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് അയല്‍വാസിയായ കുടുംബവുമായി അകന്നു തുടങ്ങിയത്. ഈ വീട്ടുകാര്‍ ആ പെണ്‍കുട്ടിയെ കല്ല്യാണം കഴിക്കരുതെന്ന് നാരായണനോട് പറഞ്ഞിരുന്നുവത്രെ. ഇതിനുശേഷം ഇതേ വീട്ടിലെ ഒരംഗം ഫെയ്‌സ് ബുക്കിലൂടെ പെണ്‍കുട്ടിയുമായി ചാറ്റിങ്ങ് നടത്തി നാരായണനെ കുറിച്ച് അപവാദം പ്രചരിപ്പിച്ചൂവെന്നും പരാതിയുണ്ട്.
ഇതിനിടയില്‍ വിവാഹം ഉറപ്പിച്ച പെണ്‍കുട്ടി ആത്മഹത്യാശ്രമം നടത്തുകയും ചെയ്തു. പിന്നീട് അധികം വൈകാതെ പെണ്‍കുട്ടി മറ്റൊരു കല്ല്യാണം കഴിച്ചതോടെ നാരായണന്‍ മാനസീക അസ്വാസ്ഥ്യം പ്രകടപ്പിച്ചു തുടങ്ങി. അയല്‍ വീട്ടുകാര്‍ നാരായണന്‍ തങ്ങളുടെ വീട്ടില്‍ വന്ന് ശല്ല്യപ്പെടുത്തുന്നുവെന്ന് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നീലേശ്വരം പോലീസ് അന്വേഷണത്തിന് വരികയും അയല്‍വാസിയുടെ വീട്ടില്‍ വെച്ച് മര്‍ദ്ദിക്കുകയും പോലീസ് സ്‌റ്റേഷനില്‍ കൊണ്ടു പോയി ഇനി ശല്ല്യപ്പെടുത്തില്ലെന്ന് എഴുതി ഒപ്പിട്ടു വാങ്ങിക്കുകയും ചെയ്തുവെന്നും ഗംഗാധരന്റെ പരാതിയില്‍ പറഞ്ഞിട്ടുണ്ട്.
നാരായണന്‍ മരണപ്പെടുന്നതിന് അഞ്ചു ദിവസം മുമ്പ് കടയില്‍ പോകാതെ വീട്ടീല്‍ തന്നെ അസ്വസ്ഥനായി കഴിഞ്ഞിരുന്നുവത്രെ.
മെയ് 23നാണ് നാരായണനെ വീട്ടു മുറ്റത്തെ കിണറിന്റെ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നുവെങ്കിലും പ്രഹസനമാക്കി അവസാനിപ്പിക്കുകയായിരുന്നുവത്രെ. 

ഇതിനു ശേഷം പലവട്ടം ഗംഗാധരന്‍ പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെട്ടിട്ടും നടപടി ഉണ്ടാവത്തതിനെ തുടര്‍ന്നാണ് ഗംഗാധരന്‍ ജില്ലാ പോലിസ് മേധാവിക്ക് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ നീലേശ്വരം സിഐ വി.ഉണ്ണികൃഷ്ണന് നിര്‍ദ്ദേശം നല്‍കിയിരുന്നുവെങ്കിലും തുടര്‍ നടപടികളൊന്നുമുണ്ടായില്ല. ഒരു പ്രമുഖ പാര്‍ട്ടി നേതാവിന്റെ ഇടപെടലാണ് പോലീസ് കേസ് ഗൗരവത്തിലെടുക്കാന്‍ കാരണമെന്നാണ് പറയുന്നത്.
ആക്ഷന്‍ കമിറ്റിയുടെ മറ്റ് ഭാരവാഹികളായി സുകുമാരന്‍ കുണ്ടുകര, പി.ഗംഗാധരന്‍ (കണ്‍വീനര്‍മാര്‍), കെ.പ്രമോദ് (വൈസ് ചെയര്‍മാന്‍) എന്നിവരെയും തെരഞ്ഞടുത്തു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.