Latest News

പരാതി രഹിത പട്ടയ വിതരണം സര്‍ക്കാര്‍ ലക്ഷ്യം: മുഖ്യമന്ത്രി

കാഞ്ഞങ്ങാട്: പരാതികളില്ലാതെയും സമയബന്ധിതമായും അര്‍ഹരായ മുഴുവന്‍ ഭൂരഹിതര്‍ക്കും വാസയോഗ്യമായ ഭൂമി ലഭ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.[www.malabarflash.com] 

കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ മുന്നോടിയായി സംഘടിപ്പിച്ച സംസ്ഥാനത്തെ ആദ്യത്തെ ജില്ലാതല പട്ടയമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
പട്ടയ വിതരണവുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരാറുണ്ട്. ലഭിച്ച ഭൂമി കണ്ടെത്താനാവാത്തവര്‍ പട്ടയം ലഭിച്ച ഭൂമി മറ്റുള്ളവരുടെ കൈവശമുള്ള പ്രശ്‌നം, തുടങ്ങി വിവിധ പ്രശ്‌നങ്ങള്‍ പരിഹരിച്ചുകൊണ്ട് പട്ടയവിതരണം നടത്തുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 

വിവര സാങ്കേതിക വിദ്യ ഇതിന് പ്രയോജനപ്പെടുത്താനാകും. പട്ടയവുമായുള്ള പ്രശ്‌നങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇടുക്കി ജില്ലയില്‍ ഈ മാസം 21ന് പട്ടയം വിതരണം ചെയ്യും. പട്ടയമേളയെ രാഷ്ട്രീയ മേളയായി മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

തെരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള പ്രത്യേക സാഹചര്യങ്ങളില്‍ തട്ടിക്കൂട്ടി പട്ടയം വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല.
സമയബന്ധിതമായി എല്ലാ ജില്ലകളിലും പട്ടയ വിതരണം നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
1957ല്‍ ഏഴര ലക്ഷം ഏക്കര്‍ മിച്ചഭൂമിയായിരുന്നു വിതരണം ചെയ്യാനുണ്ടായിരുന്നത്. അന്നത്തെ സര്‍ക്കാര്‍ അര്‍ഹരായവര്‍ക്ക് ഭൂമി വിതരത്തിന് തയ്യാറായെങ്കിലും പിരിച്ചുവിടപ്പെട്ടു. പിന്നീട് നമുക്ക് മനസ്സിലായത് ഈ മിച്ചഭൂമി രണ്ടര ലക്ഷം ഏക്കറായി കുറഞ്ഞുവെന്നുള്ളതാണ്. യഥാസമയം ഭൂമി വിതരണം ചെയ്യാനുള്ള സാഹചര്യമുണ്ടായിരുന്നുവെങ്കില്‍ അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും ഭൂമി ലഭിക്കുമായിരുന്നു.
അര്‍ഹതപ്പെട്ട മുഴുവനാളുകള്‍ക്കും ഭൂമി നല്‍കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇതിന്റെ ആദ്യപടിയായാണ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ പറഞ്ഞ വാക്ക് പാലിക്കുന്നതിനുള്ള നടപടി സ്വീകരിച്ചത്.
പട്ടയം നല്‍കിയ ഭൂമി കൃത്യമായി അതിര് തിരിച്ച് കാണിച്ചുകൊടുത്ത് പട്ടയം ലഭിച്ചാലുടന്‍ പ്രവേശിക്കാനുള്ള സാഹചര്യം ഒരുക്കാന്‍ സാധിക്കണം.
കുമ്പള ബംബ്രാണ വില്ലേജില്‍ നാല് വികലാംഗര്‍ ഉള്‍പ്പെടെയുള്ള 12 കുടുംബങ്ങള്‍ക്ക് ഈ സര്‍ക്കാരാണ് അര്‍ഹമായ ഭൂമി അനുവദിച്ച് നല്‍കിയത്. 

തെക്കില്‍ വില്ലേജില്‍ വാസയോഗ്യമല്ലാത്ത ഭൂമി ലഭിച്ച 93 കുടുംബങ്ങള്‍ക്ക് പാടി വില്ലേജില്‍ പകരം ഭൂമി നല്‍കി. ഹൈക്കോടതി ഉത്തരവ് പ്രകാരം ഭൂമി ലഭിക്കേണ്ടിയിരുന്ന കയ്യാര്‍ വില്ലേജില്‍ 69 കുടുംബങ്ങള്‍ക്കും ഭൂമി ലഭ്യമാക്കി.
റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. പി. കരുണാകരന്‍ എം.പി മുഖ്യാതിഥിയായിരുന്നു. എം.എല്‍.എമാരായ പി.ബി. അബ്ദുല്‍ റസാഖ്, എന്‍.എ. നെല്ലിക്കുന്ന്, കെ. കുഞ്ഞിരാമന്‍, എ. രാജഗോപാലന്‍, കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി. രമേശന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ഗൗരി, വാര്‍ഡ് കൗണ്‍സിലര്‍ സി.എച്ച്. റംഷീദ്, സി.പി.എം. ജില്ലാസെക്രട്ടറി കെ.പി. സതീഷ്ചന്ദ്രന്‍, ഡി.സി.സി. പ്രസിഡന്റ് ഹക്കീം കുന്നില്‍, സി.പി.ഐ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, കെ.ഇ.എ. ബക്കര്‍ (ഐ.യു.എം.എല്‍), കുര്യാക്കോസ് പ്ലാപ്പറമ്പില്‍ (കേരള കോണ്‍. എം), കേരളാ കോണ്‍ഗ്രസ് ബി ജില്ലാ പ്രസിഡന്റ് എ. കുഞ്ഞിരാമന്‍, കോണ്‍ഗ്രസ് എസ്. ജില്ലാപ്രസിഡന്റ് കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, എന്‍.സി.പി. ജില്ലാ പ്രസിഡന്റ് അഡ്വ. സി.വി. ദാമോദരന്‍, ജനതാദള്‍ എസ്. ജില്ലാ പ്രസിഡന്റ് പി.കെ. മുഹമ്മദ്, സി.എം.പി ജില്ലാ സെക്രട്ടറി ജ്യോതിബാസു, കേരളാ കോണ്‍ഗ്രസ് (ജെ) ജില്ലാ പ്രസിഡന്റ് അബ്രഹാം എസ്. തോണക്കര, വി.കെ. രമേശന്‍ (ആര്‍.എസ്.പി എന്നിവര്‍ ആശംസ അര്‍പ്പിച്ചു. ജില്ലാകളക്ടര്‍ ജീവന്‍ബാബു കെ. ഐ..എ.എസ് സ്വാഗതവും ആര്‍.ഡി.ഒ. ഡോ. പി.കെ. ജയശ്രീ നന്ദിയും പറഞ്ഞു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.