Latest News

റിയാസ് മുസ്‌ല്യാര്‍ വധം: ഉത്തരമേഖല എ.ഡി.ജി.പി ഓഫീസിലേക്ക് എസ്.ഡി.പി.ഐ ബഹുജന മാര്‍ച്ച് നടത്തും

കാസര്‍കോട്: മദ്രസാ അധ്യാപകനും കാസര്‍കോട് ചൂരി ജുമുഅത്ത് പള്ളി പരിപാലകനുമായ റിയാസ് മുസ്‌ല്യാരെ അര്‍ദ്ധ രാത്രി പള്ളിയില്‍ കയറി മൃഗീയമായി വെട്ടികൊന്ന കേസിലെ ഗൂഢാലോചനക്കാരെയടക്കം മുഴുവന്‍ പ്രതികളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ) മെയ് 20 ന് കോഴിക്കോട് ഉത്തരമേഖലാ എ.ഡി.ജി.പി ഓഫീസിലേക്ക് ബഹുജനമാര്‍ച്ച് സംഘടിപ്പിക്കും.[www.malabarflash.com] 

കൊലക്ക് പിന്നില്‍ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള സംഘപരിവാരത്തിന്റെ ഉന്നതനേതാക്കന്മാരടക്കമുള്ളവരുടെ പങ്കാളിത്തം പകല്‍ പോലെ വ്യക്തമാണ്. എന്നാല്‍ അന്വേഷണ സംഘം തുടക്കം മുതല്‍ സംഭവവുമായി ബന്ധപ്പെട്ട് അപസര്‍പ്പക കഥകള്‍ മെനഞ്ഞ് കുറ്റം മദ്യത്തിന് അടിമപ്പെട്ട മൂന്ന് യുവാക്കളിലൊതുക്കി സംഘപരിവാരത്തിന്റെ പങ്കാളിത്തം മറച്ചുവെക്കാനുള്ള ശ്രമമാണ് നടത്തിവരുന്നതെന്ന് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

പോലീസും ചില തല്‍പര കേന്ദ്രങ്ങളും ചേര്‍ന്നു തയ്യാറാക്കിയ തിരകഥയ്ക്കനുസരിച്ചു മാത്രമുള്ള അന്വേഷണ പ്രഹസനമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിലൂടെ ജനങ്ങളെ വിഡ്ഡികളാക്കുകയാണ് പോലീസ്.
റിയാസ് മുസ്‌ല്യാര്‍ വധം സംസ്ഥാനത്ത് കലാപം സൃഷ്ടിക്കുന്നതിനുള്ള ആര്‍.എസ്.എസ്സിന്റെ ആസൂത്രിത നീക്കമെന്നാണ് മുഖ്യമന്ത്രി തന്നെ നിയമസഭയില്‍ പറഞ്ഞിട്ടുള്ളത്. എന്നാല്‍ ഗൂഢാലോചനയിലും ആസൂത്രണത്തിലും കൊലനടത്തുന്നതിലും പ്രതികളെ സംരക്ഷിക്കുന്നതിലും നടന്ന ശ്രമങ്ങള്‍ പുറത്തുകൊണ്ടുവരാനുള്ള യാതൊരു നീക്കവും പോലിസിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. മാത്രമല്ല, കേസ് അട്ടിമറിക്കുന്നതിനുള്ള ശ്രമമാണ് നടന്നിട്ടുള്ളത്. പ്രത്യേക അന്വേഷണ സംഘത്തെ ഏര്‍പ്പെടുത്തിയത് തന്നെ ലോക്കല്‍ പോലിസിനെ മാറ്റിനിര്‍ത്തി അന്വേഷണം അട്ടിമറിക്കാനായിരുന്നുവെന്ന് പോലിസ് സേനക്കകത്ത് തന്നെ സംസാരമുണ്ട്.

ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ താല്‍പ്പര്യമെന്താണെന്ന് വ്യക്തമാകേണ്ടതുണ്ട്. സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായ സമീപനമാണോ പോലിസിന്റെ ഭാഗത്ത്‌നിന്നുണ്ടാവുന്നത്. അതല്ല, മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതിനും കേവല രാഷ്ട്രീയ മുതലെടുപ്പ് ഉദ്ദേശിച്ചതുകൊണ്ടുള്ളതുമാണോ? ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും പ്രമുഖ പാര്‍ട്ടികള്‍ കേസ് ഒതുക്കിത്തീര്‍ക്കുന്നതിന് പ്രത്യക്ഷമായും പരോക്ഷമായും പങ്ക് വഹിച്ചതായി കാണാന്‍ കഴിയും.

റിയാസ് മുസ്‌ല്യാര്‍ വധത്തിന് പിന്നില്‍ നടന്നതിനേക്കാള്‍ ക്രൂരമായ ഗൂഢാലോചനയാണ് യഥാര്‍ഥ പ്രതികളെയും സംഘപരിവാര നേതൃത്വത്തെയും സംരക്ഷിക്കുന്നതിന് നടന്നതായി കാണാനാവുന്നത്. സംഘപരിവാര താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് പിണറായി സര്‍ക്കാര്‍ തുടര്‍ന്നുപോരുന്ന നിലപാടിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇവിടെ പ്രകടമാകുന്നത്.

റിയാസ് മുസ്‌ല്യാര്‍ വധത്തിന് പ്രേരണ നല്‍കുകയും ഗൂഢാലോചന നടത്തുകയും ആസൂത്രണത്തില്‍ പങ്കുവഹിക്കുകയും കുറ്റകൃത്യത്തില്‍ പങ്കെടുക്കുകയും പ്രതികളെ രക്ഷിക്കുകയും ചെയ്ത മുഴുവന്‍ ആളുകളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് എസ്.ഡി.പി.ഐ 2017 മെയ് 20ന് കോഴിക്കോട് ഉത്തരമേഖല എ.ഡി.ജി.പി ഓഫീസിലേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിക്കുകയാണ്. ഈ വിഷയത്തില്‍ ജില്ലക്ക് പുറത്ത് നടക്കുന്ന പ്രക്ഷോഭത്തിന്റെ തുടക്കമാണിത്. അനുകൂലമായ തീരുമാനവും നടപടിയും ഉണ്ടാകാത്ത പക്ഷം ശക്തമായ ജനകീയ പ്രക്ഷോഭം സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിപിക്കുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

എ.ഡി.ജി.പി ഓഫീസ് മാര്‍ച്ച് അടക്കമുള്ള പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി പി. അബ്ദുല്‍ ഹമീദ് (കണ്‍വീനര്‍), എം.കെ മനോജ്കുമാര്‍, എ.കെ അബ്ദുല്‍ മജീദ്, കെ.കെ അബ്ദുല്‍ ജബ്ബാര്‍, എന്‍.യു സലാം, എം.എ സലീം, നജീബ് അത്തോളി എന്നിവര്‍ അടങ്ങിയ സംഘാടക സമിതിയെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് ഉത്തരാവാദപ്പെടുത്തിയതായി നേതാക്കള്‍ പറഞ്ഞു.

എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി എ.കെ. അബ്ദുല്‍ മജീദ്, സംസ്ഥാന സമിതിയംഗം പി.ആര്‍. കൃഷ്ണന്‍കുട്ടി, കാസര്‍കോട് ജില്ലാ പ്രസിഡണ്ട് എന്‍.യു. അബ്ദുസ്സലാം, ജില്ലാ സെക്രട്ടറി ഖാദര്‍ അറഫ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.