Latest News

ജമാ അത്തെ ഇസ്ലാമിയുടെ 14 പുസ്തകങ്ങള്‍ പരിശോധിക്കാന്‍ മൂന്നംഗ സര്‍ക്കാര്‍ സമിതി

തിരുവനന്തപുരം: മാധ്യമ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ നടത്തുന്ന ജമാഅത്തെ ഇസ്‌ലാമിയുടെ 14 പുസ്തകങ്ങള്‍ ദേശവിരുദ്ധ പരാമര്‍ശമുണ്ടോ എന്നു പരിശോധിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഇന്റലിജന്‍സ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക സമിതിക്കു രൂപം നല്‍കി.[www.malabarflash.com]

ഇന്റലിജന്‍സ് മേധാവി ബി.എസ് മുഹമ്മദ് യാസീന്‍, പി.ആര്‍.ഡി ഡയറക്ടര്‍ ഡോ. കെ. അമ്പാടി, മുന്‍ എം.പി സെബാസ്റ്റ്യന്‍പോള്‍ എന്നിവരാണ് സമിതി അംഗങ്ങള്‍. ജൂണ്‍ 27ന് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ദേശവിരുദ്ധത പ്രചരിപ്പിക്കുന്ന ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് എന്ന സംഘടനയുടെ പുസ്തകങ്ങള്‍ നിരോധിക്കണമെന്ന പൊതുതാല്‍പര്യഹര്‍ജി പരിഗണിച്ച ഹൈക്കോടതിയാണ് അവ പരിശോധിക്കാന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചത്.

വര്‍ഗീയ രാഷ്ട്രീയം മിത്തും യാഥാര്‍ത്ഥ്യവും, ബുദ്ധന്‍യേശുമുഹമ്മദ്, ഇസ്‌ലാമിന്റെ രാഷ്ട്രീയ സിദ്ധാന്തം, ഇന്ത്യയിലെ ഭീകരാക്രമണങ്ങളും ഉത്തരംകിട്ടാത്ത ചോദ്യങ്ങളും, ഒരു ജാതി, ഒരു ദൈവം, പ്രകാശം പരത്തുന്ന പ്രസ്ഥാനം, മതേതരത്വം ജനാധിപത്യം വിശകലനം, ജയില്‍ അനുഭവങ്ങള്‍, സത്യസാക്ഷ്യം, യേശുവിന്റെ പാത മുഹമ്മദിന്റെയും, ജമാഅത്തെ ഇസ്‌ലാമി ലഘുപരിചയം തുടങ്ങിയ പുസ്തകങ്ങള്‍ ഇവയില്‍പ്പെടുന്നു. ഇവയില്‍ നാലെണ്ണം ഇപ്പോള്‍ ലഭ്യമല്ലെന്ന് പി.ആര്‍.ഡി ഡയറക്ടര്‍ ഡോ. അമ്പാടി പറഞ്ഞു.

ജമാഅത്തെ ഇസ്‌ലാമിയുടെ പുസ്തകങ്ങളില്‍ ദേശവിരുദ്ധ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതായി ഇന്റലിജന്‍സ് മേധാവിയായിരിക്കെ ടി.പി സെന്‍കുമാര്‍ 2013ല്‍ ആഭ്യന്തരവകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മറ്റു മതങ്ങളോട് വിദ്വേഷമുണ്ടാക്കുന്നതും മതേതരവിരുദ്ധവുമാണ് ഈ പുസ്തകങ്ങളെന്നായിരുന്നു റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. എന്നാല്‍ റിപ്പോര്‍ട്ടില്‍ യു.ഡി.എഫ്, എല്‍.ഡി.എഫ് സര്‍ക്കാരുകള്‍ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഒടുവില്‍ ഹൈക്കോടതി ഇടപെട്ടപ്പോള്‍ മാത്രമാണ് പരിശോധനക്കായി സമിതിയെ രൂപീകരിക്കാന്‍ പോലും തയ്യാറായത്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.