Latest News

വിവാദ ഉത്തരവുകള്‍ പുറപ്പെടുവിച്ച കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കര്‍ണനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശം

ന്യൂ ഡല്‍ഹി: കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കര്‍ണനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്. പശ്ചിമ ബംഗാള്‍ ഡിജിപിയോട് കര്‍ണന്റെ മാനസിക നില പരിശോധിച്ച് മെയ് 8ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതിനായി പ്രത്യേക ദൗത്യ സംഘത്തെ രൂപീകരിക്കാനും ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.[www.malabarflash.com]

മാത്രമല്ല 2017 ഫെബ്രുവരി എട്ടിനു ശേഷം ജസ്റ്റിസ് കര്‍ണന്‍ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളൊന്നും പരിഗണിക്കേണ്ടെന്ന് കോടതികള്‍ക്കും മറ്റും സുപ്രീം കോടതി നിര്‍ദ്ദേശവും നല്‍കുകയുണ്ടായി.സുപ്രീം കോടതിയിലെ ഏഴഗം ബെഞ്ചിന്റേതാണ് നടപടി.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ള ജഡ്ജിമാര്‍ക്കെതിരെ വിവാദ ഉത്തരവുകള്‍ പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണിത്. കഴിഞ്ഞ ദിവസം സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് ഉള്‍പ്പെടെ ഏഴ് ജഡ്ജിമാര്‍ക്ക് യാത്രനിരോധനം ഏര്‍പ്പെടുത്തി ജസ്റ്റിസ് കര്‍ണന്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സുപ്രീം കോടതി ജഡ്ജിമാര്‍ക്കെതിരെ കേസ് കഴിയുന്നതു വരെ ഇവരുടെയും വിദേശ യാത്രയ്ക്ക് വിലക്കേര്‍പ്പെടുക്കണമെന്ന് ഡല്‍ഹിയിലെ എയര്‍ കണ്‍ട്രോള്‍ അതോറിറ്റിക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കിയിരുന്നു.

നേരത്തെ തനിക്കെതിരെ നടപടിയെടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഭരണഘടനാ ബെഞ്ചിലെ ജഡ്ജിമാര്‍ 14 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കര്‍ണന്‍ ഉത്തരവിട്ടിരുന്നു. ജസ്റ്റിസ് കര്‍ണനെതിരായ കോടതി അലക്ഷ്യ നടപടികള്‍ ആരംഭിച്ചത് ചീഫ് ജസ്റ്റിസും മറ്റ് ആറ് ജഡ്ജിമാരും ചേര്‍ന്നായിരുന്നു. മാര്‍ച്ച് 31ന് മുമ്പ് കോടതി മുമ്പാകെ ഹാജരാകണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് കര്‍ണനെതിരെ അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെയായിരുന്നു ജസ്റ്റിസ് കര്‍ണന്റെ ഉത്തരവ്.

സുപ്രീം കോടതിയിലെ ജഡ്ജിമാരെയും മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനെയും പരസ്യമായി വിമര്‍ശിച്ചതിനാണ് ജസ്റ്റിസ് കര്‍ണനെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കാന്‍ സുപ്രീം കോടതി സ്വമേധയാ തീരുമാനിച്ചത്. പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസ് തുടങ്ങിയവര്‍ക്കുള്ള കത്തുകളിലാണ് ജഡ്ജിമാര്‍ക്കെതിരെ ആക്ഷേപങ്ങളുന്നയിച്ചത്.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.