Latest News

പ്രണവിന്റെ ജീവനെടുത്തത് വൈദ്യുതി വകുപ്പിന്റെ അനാസ്ഥ; പ്രതിഷേധമിരമ്പുന്നു

കാഞ്ഞങ്ങാട്: പുതുക്കൈ ചതുരക്കിണറിലെ പ്രണവ് കക്ക വാരുന്നതിനിടയില്‍ ഷോക്കേറ്റ് മരണപ്പെട്ടത് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരുടെ കനത്ത അനാസ്ഥ മൂലം. ഇതിനെതിരെ ജനങ്ങളില്‍ പ്രതിഷേധമിരമ്പുന്നു.[www.malabarflash.com]

മോനാച്ച ആലിക്കടവ് പുഴയോരത്തെ ഇലക്ട്രിക് പോസ്റ്റ് അപകടകരമായി ചരിഞ്ഞ് കമ്പി പുഴയിലേക്ക് തൂങ്ങി നില്‍ക്കുന്ന കാര്യം നാട്ടുകാര്‍ പലവട്ടം വൈദ്യുതി സെക്ഷന്‍ ഓഫീസില്‍ അറിയിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ കെഎസ്ഇ ബി ഉദ്യോഗസ്ഥന്‍ സംഭവ സ്ഥലത്ത് എത്തി പരിശോധിക്കുകയും പിന്നീട് വരാമെന്ന് പറഞ്ഞ് തിരിച്ച് പോകുകയുമായിരുന്നു. എന്നാല്‍ പിന്നീട് വരാനോ നന്നാക്കാനോ തയ്യാറായില്ലെന്ന് മാത്രമല്ല ലൈന്‍ ഓഫാക്കുക പോലും ചെയ്തില്ല. അതു കൊണ്ട് തന്നെ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വന്ന കടുത്ത അനാസ്ഥയാണ് ഒരു യുവ വിദ്യാര്‍ത്ഥിയുടെ ജീവനെടുക്കാന്‍ കാരണമായത്.
വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥയില്‍ യുവാവ് മരണപ്പെടാനുണ്ടായ സംഭവത്തെക്കുറിച്ച് അടിയന്തിര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ മുഖ്യമന്ത്രിക്കും വൈദ്യുതി വകുപ്പ് മന്ത്രിക്കും ഫാക്‌സ് സന്ദേശം അയച്ചു.ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും ചെയര്‍മാന്‍ ആവശ്യപ്പെട്ടു. 

പ്രണവിന്റെ മരണം ഒറ്റപ്പെട്ട സംഭവമല്ല. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ വൈദ്യുതി വകുപ്പിന്റെ അനാസ്ഥയില്‍ മൂന്ന് മനുഷ്യ ജീവനുകളാണ് നഷ്ടപ്പെട്ടത്. പള്ളിക്കരയില്‍ ഒരു ക്ഷീര കര്‍ഷകനും പനത്തടിയില്‍ ഒരു ഗൃഹനാഥനും മരണപ്പെട്ടത് ഒരു വര്‍ഷത്തിനുള്ളിലാണ്. 
എന്നിട്ടു പോലും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ക്രിയാത്മകമായ നടപടി ഉണ്ടാകാത്തത് ഗൗരവമായി കാണണമെന്ന് ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍ ആവശ്യപ്പെട്ടു.

ഉദ്യോഗസ്ഥര്‍ മാത്രമല്ല വൈദ്യുതി വകുപ്പിന് തന്നെ ഇക്കാര്യത്തില്‍ ഉത്തരവാദിത്വം ഉണ്ടെന്ന് ഹക്കീം പറഞ്ഞു. മനുഷ്യ ജീവന് യാതൊരു വിലയും കല്പിക്കാത്ത ഉദ്യോഗസ്ഥരുടെ സമീപനം ശരിയല്ല. പ്രണവിന്റെ മരണത്തെക്കുറിച്ച് അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും ഡി സിസി പ്രസിഡണ്ട് അവശ്യപ്പെട്ടു.
വൈദ്യുതി വകുപ്പിന്റെ അനാസ്ഥമൂലം ഷോക്കേറ്റ് മരിച്ച പ്രണവിന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ട പരിഹാരം നല്‍കണമെന്ന് ബി ജെ പി ജില്ലാ പ്രസിഡണ്ട് അഡ്വ കെ ശ്രീകാന്ത് ആവശ്യപ്പെട്ടു. മരണത്തിന് ഉത്തരവാദിയായ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തി കേസെടുക്കണമെന്നും വകുപ്പ് തല അന്വേഷണം നടത്തി ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കണമെന്നും ശ്രീകാന്ത് ആവശ്യപ്പെട്ടു. 

പ്രണവിന്റെ മരണം വൈദ്യുതി ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ കടുത്ത അനാസ്ഥയാണെന്നും സിപിഎം ജില്ലാ കമ്മിറ്റിയംഗവും മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ സി പ്രഭാകരനും ആവശ്യപ്പെട്ടു.
മോനാച്ചയിലെ 10 കുടുംബങ്ങള്‍ക്ക് വേണ്ടി 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാഞ്ഞങ്ങാട് ഡിവിഷണില്‍ നിന്നും നേരിട്ട് വലിച്ചതാണ് ഈ വൈദ്യുതി ലൈന്‍ പിന്നീട് നീലേശ്വരം സെക്ഷന്‍ ഓഫീസിന്റെ പരിധിയില്‍ മോനാച്ചയിലെ എല്ലാ വീടുകളും വൈദ്യൂതികരിക്കുകയും ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു അതിനാല്‍ അപകടരമായ ഈ വൈദ്യുതി ലൈന്‍ വിച്ഛേദിച്ച് ഈ പത്ത് വീടുകള്‍ക്കും മോനാച്ചയിലെ ട്രാന്‍സ്‌ഫോര്‍മര്‍ വഴി കണക്ഷന്‍ നല്‍കണമെന്നും മോനാച്ച വിവേകാനന്ദ ക്ലബ്ലും മറ്റ് സാംസ്‌കാരിക സംഘടനകളും വൈദ്യുതി വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും നടപടി ഉണ്ടായില്ല.
അതേ സമയം വെളളിയാഴ്ച ഉച്ചയ്ക്ക് പുഴയില്‍ കക്ക വാരാനിറങ്ങിയ പോളിടെക്‌നിക് വിദ്യാര്‍ഥി പുഴയിലേക്ക് താഴ്ന്നു കിടന്ന വൈദ്യുത കമ്പിയില്‍ തട്ടി ഷോക്കേറ്റു മരിച്ചതിന്റെ ഞെട്ടലില്‍ നിന്നും പുതുക്കൈ ഗ്രാമം ഇപ്പോഴും മുക്തമായിട്ടില്ല. തൃക്കരിപ്പൂര്‍ പോളിടെക്‌നിക് വിദ്യാര്‍ഥിയായ പുതുക്കൈ ചതുരക്കിണര്‍ ചിറ്റിക്കുന്ന് വളപ്പിലെ സി വി പ്രണവ് (19) ആണു വെളളിയാഴ്ച ഉച്ചയ്ക്ക് അരയി പുഴയിലെ മോനാച്ച കടവില്‍ ദുരന്തത്തിനിരയായത്.
നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു. നാട്ടിലെ സാമൂഹ്യ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ സക്രിയ സാന്നിധ്യമായിരുന്ന പ്രണവ് എല്ലാവരുമായും നല്ല സൗഹൃദ ബന്ധമാണ് കാത്തു സൂക്ഷിച്ചിരുന്നത്. കൂട്ടുകാരുടെ വീടുകളില്‍ നടക്കുന്ന ഏതു കാര്യങ്ങളിലും ഈ വിദ്യാര്‍ത്ഥി സജീവമായി ഇടപെടുമായിരുന്നു. അതുകൊണ്ട് തന്നെ പ്രണവിന്റെ വിയോഗം അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഗ്രാമത്തെ കണ്ണീര്‍ക്കയത്തിലാക്കി.
വിവരമറിഞ്ഞ ഉടന്‍ തന്നെ സുഹൃത്തുക്കളും സഹപാഠികളും ഉള്‍പ്പെടെ നൂറ്കണക്കിന് ആളുകളാണ് വീട്ടിലേക്കും മൃതദേഹം സൂക്ഷിച്ച ജില്ലാ ആശുപത്രിയിലേക്കും ഒഴുകിയെത്തിയത്. സുഹൃത്തുക്കളായ ഹരീഷ്, ഷിബു, പ്രസാദ്,അഖില്‍ എന്നിവര്‍ക്കൊപ്പമാണ് പ്രണവ് കക്ക വാരാന്‍ പോയത്. മുന്നില്‍ നടക്കുകയായിരുന്ന പ്രണവ് ഷോക്കേറ്റ് പിടയുന്നത് കണ്ട് ഓലമടല്‍ കൊണ്ട് അടിച്ച് വീഴ്ത്തുകയായിരുന്നു. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിലേക്ക് കൊണ്ടു പോകുകയായിരുന്നു. ആ സമയം ജീവനുണ്ടായിരുന്നുവെങ്കിലും ആശുപത്രില്‍ എത്തുമ്പോഴേക്കും മരണപ്പെട്ടിരുന്നു.

ചേടിറോഡിലെ സി വി വാസുവിന്റെയും പ്രഭാവതിയുടെയും മകനാണ് പ്രണവ്. സഹോദരങ്ങള്‍: വിപിന്‍, വിനിഷ.
ജില്ലാ ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം പ്രണവ് പഠിക്കുന്ന തൃക്കരിപ്പൂര്‍ പോളിടെക്‌നിക്കില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം വീട്ടിലേക്ക് കൊണ്ടുവന്ന് സംസ്‌കരിച്ചു. 

മകന്റെ മരണവാര്‍ത്തയറിഞ്ഞ് തളര്‍ന്നുവീണ മാതാവിനെ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.