Latest News

ആത്മസംസ്‌കരണത്തിന്റെ നിലാവ് പെയ്തിറങ്ങുന്ന വിശുദ്ധമാസത്തെ വരവേല്‍ക്കാന്‍ വിശ്വാസികള്‍ ഒരുങ്ങി

കാസര്‍കോട്: മനസ്സും ശരീരവും ശുദ്ധീകരിക്കാന്‍ വിശ്വാസികള്‍ക്ക് വന്നണയുന്ന ആസന്നമായ വിശുദ്ധ റംസാനിനെ വരവേല്‍ക്കാന്‍ പള്ളികളും ഭവനങ്ങളും തകൃതിയായ ഒരുക്കത്തില്‍.[www.malabarflash.com]

ഹൃദയത്തില്‍ ആത്മസംസ്‌കരണത്തിന്റെ നിലാവ് പെയ്തിറങ്ങുന്ന മാസത്തെ പൂര്‍ണമായി നുകരാനുള്ള ഒരുക്കത്തിലാണ് എങ്ങും വിശ്വാസികള്‍. കഴിഞ്ഞ രണ്ടുമാസമായി റംസാനില്‍ നോമ്പനുഷ്ഠിക്കാനും ആരാധനയും സല്‍ക്കര്‍മങ്ങളും ചെയ്യാനും അവസരം ലഭിക്കണേ എന്നായിരുന്നു ഓരോ നമസ്‌കാരവേളയിലും വിശ്വാസികളുടെ പ്രാര്‍ഥന.

പള്ളികള്‍ പെയിന്റിങ് നടത്തിയും മോടിപിടിപ്പിച്ചും വരുകയാണ്. മിക്ക പള്ളികളിലും പുതിയ വിരിപ്പുകളും പുത്തന്‍പായയും വിരിച്ചുകഴിഞ്ഞു. ചുരുക്കം ചില പള്ളികളില്‍ ശുചീകരണപ്രവൃത്തികള്‍ അന്ത്യഘട്ടത്തിലാണ്. പല മഹല്ലുകളിലും റംസാനിന്റെ മുന്നൊരുക്കങ്ങളെക്കുറിച്ച് വിശ്വാസികളെ ഉണര്‍ത്തി പ്രത്യേക പ്രഭാഷണങ്ങള്‍ നടന്നുവരുകയാണ്.

മുസ്‌ലിം ഭവനങ്ങളാകട്ടെ റംസാനിനെ വരവേല്‍ക്കാനുള്ള തീവ്രയത്‌നത്തിലാണ്. പെയിന്റടിയും കഴുകി വൃത്തിയാക്കിയും വീടുകളൊക്കെയും റംസാനിന് സ്വാഗതമോതിക്കഴിഞ്ഞു. നോമ്പു തുറക്കാനും നോല്‍ക്കാനും വേണ്ട വിഭവങ്ങളുടെ സമാഹരണത്തിലാണ് എങ്ങും വിശ്വാസികള്‍. അരിയും പൊടിയും പലവ്യഞ്ജനങ്ങളും വാങ്ങുന്ന തിരക്കാണെങ്ങും. സ്‌കൂള്‍ വിപണിക്കൊപ്പം റംസാന്‍ വിപണികൂടി സജീവമായതോടെ നഗരത്തിലും നാട്ടിന്‍പുറങ്ങളിലും നല്ല തിരക്കാണ്.

നോമ്പു തുറക്കുള്ള പ്രധാന വിഭവമായ ഈത്തപ്പഴവും നാടെങ്ങുമെത്തിയിട്ടുണ്ട്. ഈത്തപ്പഴത്തിന്റെ വൈവിധ്യയിനങ്ങള്‍ നഗരത്തിലെന്നപോലെ നാട്ടിന്‍പുറങ്ങളിലും സുലഭമാണ്. പതിവിന് വ്യത്യസ്തമായി ഇത്തവണ നോമ്പിന്റെ സമയം ദൈര്‍ഘ്യമുള്ളതാണ്. പുലര്‍ച്ചെ 4.39ന് ആരംഭിക്കുന്ന നോമ്പ് വൈകീട്ട് 6.48നാണ് അവസാനിക്കുക. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഉദയാസ്തമയ സമയത്തിന് മാറ്റമുണ്ടാവുമെങ്കിലും സമയദൈര്‍ഘ്യത്തില്‍ മാറ്റമുണ്ടാവില്ല. 14 മണിക്കൂറും പത്ത് മിനിറ്റും നീളുന്നതാണ് ഓരോ നോമ്പും.

കാലവര്‍ഷം തുണക്കുന്നില്ലെങ്കില്‍ വിശ്വാസികള്‍ക്ക് നോമ്പ് ചൂടുള്ള പരീക്ഷണമാവും. എന്നാല്‍, സമയദൈര്‍ഘ്യമോ വേനലിന്റെ കാഠിന്യമോ വകവെക്കാതെ ജീവിതസംസ്‌കരണത്തിനും പാപമോചനത്തിനും പശ്ചാത്താപത്തിനും വേണ്ടി വന്നണയുന്ന റംസാനിനെ വരവേല്‍ക്കാന്‍ അരയും തലയും മുറുക്കി കാത്തിരിക്കുകയാണ് വിശ്വാസികള്‍. വെള്ളിയാഴ്ച സൂര്യനസ്തമിച്ച് മാസപ്പിറവി ദര്‍ശിച്ചാല്‍ ശനിയാഴ്ച റംസാന്‍ ഒന്നാകുകയും നോമ്പിനാരംഭം കുറിക്കുകയും ചെയ്യും.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.