Latest News

ഉച്ചചൂടില്‍ രണ്ട് വയസുകാരനെയും മടിയില്‍ കിടത്തി ജീവിതം തേടി പിതാവിന്റെ യാത്ര

മുംബൈ: മടിയില്‍ രണ്ട് വയസായ മകനെയുമിരുത്തിയാണ് മുഹമ്മദ് സയീദ് ഓട്ടോ ഓടിക്കാന്‍ മുംബൈയിലെ വെര്‍സോവ സ്റ്റാന്‍ഡിലെത്തുക. ചൂടില്‍ ഉരുകുന്ന നഗരത്തിലൂടെ നേരത്തിനും കാലത്തിനും ഭക്ഷണമോ വെള്ളമോ കിട്ടാതെ കുഞ്ഞു മുസമ്മില്‍ അങ്ങനെയിരിക്കും. ചൂടില്‍ തളരുമ്പോള്‍ ബാപ്പയുടെ മടിയില്‍ അവന്‍ കിടന്നുറങ്ങും.[www.malabarflash.com]

മകനെ നഗരം കാണിക്കാനല്ല, മുഹമ്മദ് സയീദ് അവനെയും കൂട്ടി പണിക്കെത്തുന്നത്. പക്ഷാഘാതം വന്നു തളര്‍ന്ന ഭാര്യയുടെ അടുത്ത് അവനെ കൂടി ഏല്‍പ്പിച്ചു വരാന്‍ കഴിയാത്തതുകൊണ്ടാണ്. രാത്രി ഓട്ടം നിര്‍ത്തുന്നതുവരെ മുസമ്മില്‍ ബാപ്പക്കൊപ്പം ഓട്ടോറിക്ഷയില്‍ കഴിയും. 

വിയര്‍ത്ത് കുളിച്ച്, വിശന്നു തളര്‍ന്ന് കുഞ്ഞു മുസമ്മില്‍ കഷ്ടപ്പെടുന്നതു കാണാന്‍ ബാപ്പക്ക് ഇഷ്ടമില്ല. '' എന്റെ കുഞ്ഞിനെ ഇങ്ങനെ നരകിപ്പിക്കുന്നതില്‍ എനിക്ക് സങ്കടമുണ്ട്. ചെറുപ്പക്കാരനായ ഒരാള്‍ക്കുപോലും 10 –12 മണിക്കൂര്‍ നഗരത്തില്‍ ഓട്ടോ യാത്ര ചെയ്യാന്‍ കഴിയില്ല. എന്നിട്ടും രണ്ടു വയസുമാത്രമുള്ള എന്റെ മകന്‍ ഒട്ടും പതറാതെ എന്നോടൊപ്പമുണ്ട്'' – സയീദ് എന്ന പിതാവ് മകനെ നെഞ്ചോടുചേര്‍ത്ത് പറയുന്നു.

രണ്ടാഴ്ചയായി സയീദിന്റെയും മുസമ്മിലിന്റെയും യാത്ര ഇങ്ങനെയാണ്. മൂന്നാഴ്ച മുമ്പ് ഭാര്യ യാസ്മിന് പക്ഷാഘാതം വന്ന് ഇടതുവശം തളര്‍ന്നു. മൂന്ന് വയസുകാരിയായ മകള്‍ മുസ്‌കാനക്കും യാസ്മിനും ഭക്ഷണവും മരുന്നുമെത്തിക്കാന്‍ സയീദിന് മറ്റൊരു വഴിയില്ല. മുസ്‌കാനയെ അടുത്ത വീട്ടില്‍ ഏല്‍പ്പിച്ചാണ് സയീദ് മകനെയും കൂട്ടി സ്റ്റാന്‍ഡിലെത്തുക.
ഓട്ടോ സവാരിക്കിടെ സയീദിന്റെയും മടിയില്‍ തളര്‍ന്നുറങ്ങുന്ന കുഞ്ഞിന്റെയും ചിത്രം ബോളിവുഡ് സംവിധായകന്‍ വിനോദ് കാപ്രി ട്വിറ്ററില്‍ പങ്കുവെച്ചതോടെയാണ് ഈ കുടുംബത്തിന്റെ ദുരവസ്ഥ പുറംലോകം അറിയുന്നത്. 

സയീദിന്റെയും മകന്റെയും ചിത്രം വാര്‍ത്തയായതോടെ സഹായ ഹസ്തവുമായി ഏറെപ്പേര്‍ മുന്നോട്ട് വന്നു.
പക്ഷാഘാതം വന്ന് ഭാര്യ യാസ്മിനെ ആശുപത്രിയില്‍ കിടത്തി ചികിത്സിക്കാന്‍ സയീദിന് സാമ്പത്തിക സ്ഥിതിയില്ല. സഹായിക്കാന്‍ അടുത്ത ബന്ധുക്കളും ഉണ്ടായിരുന്നില്ല. ഉത്തര്‍പ്രദേശിലെ ഗരഖ്പൂരില്‍ നിന്നും ജീവിതമാര്‍ഗം തേടിയാണ് സയീദും കുടുംബവും മുംബൈയിലെത്തിയത്. അഞ്ചുമാസം മുമ്പാണ് അവര്‍ വെര്‍സോവയിലെ ഒറ്റമുറി വാടകവീട്ടില്‍ താമസമാക്കിയത്.

24 കാരിയായ യാസ്മിന് എഴുന്നേറ്റ് നടക്കണമെന്നും മക്കളെ നോക്കണമെന്നുമുള്ള ആഗ്രഹം മാത്രമാണുള്ളത്. ''ജീവിക്കാന്‍ കൂടുതല്‍ സമ്പാദ്യം വേണമെന്നില്ല. മക്കളെ നോക്കാനെങ്കിലും കഴിഞ്ഞാല്‍ മതിയായിരുന്നു'' കണ്ണീര്‍ തുടച്ചുകൊണ്ട്? യാസ്മിന്‍ പറയുന്നു.
ചികിത്സയുടെ ഭാഗമായ ഇന്‍ജെക്ഷനുമാത്രം ഒന്നേകാല്‍ ലക്ഷം രൂപ വരുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. കൂടാതെ യാസ്മിന്‍ എഴുന്നേറ്റ് നടക്കുന്നതു വരെ ചികിത്സിക്കാന്‍ വീണ്ടും പണം വേണ്ടി വരും. പട്ടിണിയില്ലാതെ കഴിയാന്‍ പോലുമാകാത്ത ഞങ്ങളെന്തു ചെയ്യാന്‍??'' സയീദ് ചോദിക്കുന്നു.
കുഞ്ഞുങ്ങള്‍ക്കും ഭാര്യക്കും വിശപ്പടക്കാനുള്ള വക തേടിയാണ് ദിവസവും കുട്ടിയെയുമെടുത്ത് സയീദ് ഓട്ടോ ഓടിക്കാന്‍ എത്തുന്നത്. കുഞ്ഞിനെ മടിയിലിരുത്തിയത് കാണുമ്പോള്‍ വല്ല സഹായവും നല്‍കേണ്ടി വരുമോ എന്ന ഭാവത്തോടെ ചില യാത്രക്കാര്‍ തന്റെ ഓട്ടോ പിടിക്കാതെ മറ്റ് ഓട്ടോയില്‍ കയറി പോവുന്ന സംഭവവും ഉണ്ടാകാറുണ്ടെന്ന് സയീദ് പറയുന്നു.
കുഞ്ഞിനെ മടിയില്‍ കിടത്തി വാഹനമോടിക്കുന്നത് നിയമവിരുദ്ധമായതിനാല്‍ ഒരു തവണ പോലീസും പിടിച്ചു. അന്ന് ഓടി കിട്ടിയ 450 രൂപ പെറ്റി അടക്കേണ്ടി വന്നു. ''ജീവിതത്തില്‍ ആരെയും അറിഞ്ഞ് കൊണ്ട് ചതിക്കുകയോ പറ്റിക്കുകയോ ചെയ്തിട്ടില്ല. അതിനാല്‍ എന്നും ദൈവത്തിന്റെ കാരുണ്യമുണ്ടാകുമെന്നും എല്ലാം ശരിയാവുമെന്ന ഉറച്ച വിശ്വാസവുമുണ്ട്. 

പത്തൊമ്പതാം വയസില്‍ എനിക്ക് തുണയായി വന്ന യാസ്മിന് നല്ല ചികിത്സ കൊടുക്കണം. അവള്‍ സുഖപ്പെടുമെന്ന് ഉറപ്പുണ്ട്'' മക്കളെ ചേര്‍ത്തു നിര്‍ത്തി സയീദ് പറയുന്നു.

മുഹമ്മദ് സയീദിന്റെ വാര്‍ത്ത പുറംലോകത്തെത്തിയതോടെ മസഗാവിലെ സ്വകാര്യ ആശുപത്രി യാസ്മിന് സൗജന്യ ചികിത്സ നല്‍കാമെന്ന് അറിയിച്ചു. മുംബൈ മിറര്‍ ഈ സംഭവം വാര്‍ത്തയാക്കി. മുഹമ്മദ് സയീദിനെ സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ 
Rehana Mohd Raees Shaikh
Bank of India, Account Number : 010510410000136
IFSC Code : BKID0000105
Contact Number: 9702098346
എന്ന വിലാസത്തില്‍ ബന്ധപ്പെട്ട് സഹായത്തെിക്കാമെന്ന് മുംബൈ മിറര്‍ പറയുന്നു.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.