Latest News

കാര്‍ തോട്ടില്‍ വീണ് രണ്ടര വയസ്സുകാരന്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു

പറവൂര്‍: കാര്‍ തോട്ടില്‍ വീണ് രണ്ടര വയസ്സുകാരന്‍ ഉള്‍പ്പെട ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. കാര്‍ ഓടിച്ചിരുന്ന കുടുംബാംഗം നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. തുരുത്തൂര്‍ കൈമാതുരുത്തി പരേതനായ സെബാസ്റ്റ്യന്റെ ഭാര്യ മേരി (64), മകന്‍ ബെല്‍ബിയുടെ ഭാര്യ ഹണി (31), ഇവരുടെ മകന്‍ ആരോണ്‍ (രണ്ടര) എന്നിവരാണ് മരിച്ചത്. കാര്‍ ഓടിച്ചിരുന്ന ബെല്‍ബി (41) ആണ് രക്ഷപ്പെട്ടത്.[www.malabarflash.com]

പുത്തന്‍വേലിക്കര എളന്തിക്കര ചിറയ്ക്കല്‍ പമ്പ് ഹൗസ് റോഡില്‍ ആലമറ്റത്തിനു സമീപം ശനിയാഴ്ച രാത്രി 10.45ന് ആണ് അപകടം ഉണ്ടായത്. ആള്‍ത്താമസം ഇല്ലാത്ത തരിശു പാടത്തിലൂടെയുള്ള റോഡിന്റെ വളവിനു സമീപമുള്ള തോട്ടിലേയ്ക്കാണ് കാര്‍ നിയന്ത്രണംവിട്ട് വീണത്.

അപകടമുണ്ടായി പത്തു മിനിറ്റിനു ശേഷമാണ് അതുവഴി വന്ന രണ്ടുപേര്‍ അപകടം ഉണ്ടായത് അറിയുന്നത്. റോഡും തോടും തമ്മില്‍ തിരിച്ചറിയാനാകാത്തതും റോഡിനോടൊപ്പം തോട്ടില്‍ വെളളം പൊങ്ങി പായല്‍ മൂടിനിന്നതുമാണ് കാര്‍ തോട്ടിലേയ്ക്ക് വീഴാന്‍ ഇടയാക്കിയത്.

ഇവിടെ റോഡിനും തോടിനും ഇടയില്‍ വേര്‍തിരിക്കുന്ന അതിര്‍ത്തിക്കുറ്റികളില്ല. അപകടസ്ഥലത്ത് ഒട്ടും വെളിച്ചവും ഇല്ലായിരുന്നു. തോട്ടില്‍ രണ്ടാള്‍ താഴ്ചയിലെങ്കിലും വെള്ളവും ശക്തിയായ ഒഴുക്കും ഉണ്ടായിരുന്നു. കാറിന്റെ മുന്‍വശത്തെ ചില്ല് താഴ്ത്തിയാണ് ബെല്‍ബി പുറത്തിറങ്ങിയത്. മുന്‍ സീറ്റില്‍ ഇരുന്ന ഭാര്യ ഹണിയെയും കുട്ടിയെയും പുറത്തേയ്ക്ക് വലിച്ചെടുക്കാനുള്ള ശ്രമത്തില്‍ ഹണിയുടെ കൈയില്‍ നിന്ന് കുട്ടി വഴുതിപ്പോയി. ഹണിയെ പുറത്തെടുത്തെങ്കിവും അവശനിലയിലായിരുന്നു. പിന്‍സീറ്റില്‍ ഇരിക്കുകയായിരുന്നു അമ്മ മേരി. അപ്പോഴേയ്ക്കും കാര്‍ വെള്ളത്തിലേക്ക് താഴ്ന്നുപോയിരുന്നു.

കരയില്‍ കയറാനാകാതെ ഹണിയെയും താങ്ങി വെള്ളത്തില്‍ പിടിച്ചുനിന്ന ബെല്‍ബി അതുവഴി ബൈക്കില്‍ എത്തിയ രണ്ടു യുവാക്കളാണ് 'രക്ഷിക്കണേ...' എന്നുള്ള നിലവിളികേട്ട് എത്തിയത്. അവര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് നാട്ടുകാരും പിന്നീട് പോലീസും ഫയര്‍ഫോഴ്‌സും എത്തിയത്. 

നാട്ടുകാര്‍ കാറിന്റെ ചില്ലു തകര്‍ത്ത് കുടുങ്ങിക്കിടന്ന മേരിയെ പുറത്തെടുത്തെടുത്തെങ്കിലും മരിച്ചിരുന്നു. ഹണി ആശുപത്രിയില്‍ കൊണ്ടുംപോകുംവഴിയാണ് മരിച്ചത്. പിടിവിട്ടുപോയ ആരോണിനെ രണ്ടു മണിക്കൂറിനു ശേഷം ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് വെള്ളത്തില്‍ നിന്ന് മുങ്ങിയെടുത്തത്. ശക്തിയായ ഒഴുക്കുണ്ടായതിനാല്‍ 300 മീറ്റര്‍ അകലെനിന്നാണ് കുഞ്ഞിന്റെ മൃതദേഹം കിട്ടിയത്.

ബെല്‍ബിയും കുടുംബവും ശനിയാഴ്ച വൈകീട്ട് മേരിയുടെ സഹോദരന്‍ പുത്തന്‍കാടന്‍ പൗലോസിന്റെ മകളുടെ കുട്ടിയുടെ മാമോദീസ ചടങ്ങുമായി ബന്ധപ്പെട്ട് അവരുടെ വീട്ടില്‍ പോയി മടങ്ങുകയായിരുന്നു. ഇടയ്ക്ക് മറ്റൊരു മരിച്ച വീട്ടില്‍ കയറാനാണ് യാത്ര ഇതുവഴിയാക്കിയത്. തൃശ്ശൂര്‍ പത്താടന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ സിവില്‍ എന്‍ജിനീയറാണ് ബെല്‍ബി. രണ്ടര മാസം മുമ്പാണ് അച്ഛന്‍ സെബാസ്റ്റ്യന്‍ മരിച്ചത്. 

വലിയ പഴമ്പിള്ളിത്തുരുത്ത് പുതിയ വീട്ടില്‍ ആന്റണിയുടെ മകളാണ് ഹണി. പതിനൊന്ന് വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഏറെ പ്രാര്‍ത്ഥനകള്‍ക്കൊടുവിലാണ് രണ്ടു വര്‍ഷം മുമ്പ് മകന്‍ ആരോണ്‍ ജനിച്ചത്. പറവൂര്‍ താലൂക്ക് ഗവ. ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹങ്ങള്‍ ഞായറാഴ്ച വൈകീട്ട് തുരുത്തൂര്‍ സെന്റ് മേരീസ് പള്ളിയില്‍ സംസ്‌കരിച്ചു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.