Latest News

വിശുദ്ധ റംസാന്‍ അവസാന പത്തിലേക്ക്; ഇനിയുളളത് ലൈലത്തുല്‍ഖദ്‌റിന്റെ അനുഗ്രഹങ്ങള്‍ പെയ്തിറങ്ങുന്ന ദിനരാത്രങ്ങള്‍

കാസര്‍കോട്: വിശ്വാസികളുടെ മനസ്സില്‍ ആത്മശുദ്ധിയുടെ തെളിച്ചം ജ്വലിപ്പിച്ച വിശുദ്ധ റംസാന്‍ അവസാന പത്തിലേക്ക്. ദൈവ കാരുണ്യം വഴിഞ്ഞൊഴുകിയ ആദ്യ പത്തും പാപമോചനത്തിന് വഴി തുറന്ന രണ്ടാമത്തെ പത്തും വിട ചൊല്ലി. ഇനിയുളളത് നരക മോചനത്തിന് വഴിയൊരുങ്ങുന്ന അവസാനത്തെ പത്ത് ദിനങ്ങളാണ്.[www.malabarflash.com]

ലൈലത്തുല്‍ ഖദ്‌റിന്റെ അനുഗ്രഹങ്ങള്‍ പെയ്തിറങ്ങുന്ന ദിനരാത്രങ്ങളാണ് അവശേഷിക്കുന്നത്. ഇതിനാല്‍ റംസാന്‍ അവസാനത്തിലേക്ക് കടക്കുന്നതോടെ പളളികളും വിശ്വാസികളുടെ ഗൃഹങ്ങളും കൂടുതല്‍ പ്രാര്‍ത്ഥനാമുഖരിതമാകും. 

പളളികള്‍ക്കും വിശ്വാസികള്‍ക്കും ഉറക്കമില്ലാത്ത രാവുകളാണ് ഇനിയുളളത്. അന്നപാനീയങ്ങള്‍ വെടിഞ്ഞ് പതിനാലു മണിക്കൂറിലേറെ നീളുന്ന പകല്‍ നേരത്തെ നോമ്പിന്റെ ക്ഷീണം രാത്രി ഉറക്കമൊഴിഞ്ഞുളള പ്രാര്‍ത്ഥനയ്ക്കും നമസ്‌കാരത്തിനും വിശ്വാസികളെ തളര്‍ത്തുന്നില്ല.

രാത്രിയുളള തറാവീഹ് നിസ്‌കാരവും ചെറിയ ഇടവേളയ്ക്കുശേഷം പാതിരാത്രി കഴിഞ്ഞുളള ഖിയാമുല്ലൈല്‍ നിസ്‌കാരവും തെററുകുററങ്ങള്‍ ഏററു പറഞ്ഞുളള ദീര്‍ഘനേരത്തെ പ്രാര്‍ത്ഥനയും വിശ്വാസികളുടെ മനസ്സിനെ കൂടുതല്‍ ആര്‍ദ്രമാക്കുന്നു. റംസാന്റെ അവസാന ദിനങ്ങള്‍ കൂടുതല്‍ പുണ്യമുളളതിനാല്‍ നിര്‍ബന്ധ ദാനമായ സക്കാത്തും മററു ദാന ധര്‍മ്മങ്ങളും കൊടുത്തുവീട്ടാന്‍ വിശ്വാസികള്‍ ഈ സമയമാണ് ഉപയോഗപ്പെടുത്തുന്നത്.

റംസാനിലെ രാപ്പകലുകള്‍ ഏറെ ശ്രേഷ്ഠമാണ്. എന്നാല്‍, അവസാന പത്തിലെ നാളുകളുടെ പവിത്രത ഏറെയാണ്. ആയിരംമാസങ്ങളേക്കാള്‍ ശ്രേഷ്ഠമായ വിധിനിര്‍ണയ രാത്രി (ലൈലത്തുല്‍ഖദ്ര്‍) ആണ് ഈ നാളുകളെ കൂടുതല്‍ മഹത്ത്വപ്പെടുത്തുന്നത്. 

വിശുദ്ധ ഖുര്‍ആന്‍ അവതരിച്ച രാത്രിയാണെന്നതാണ് ലൈലത്തുല്‍ഖദ്‌റിന്റെ മഹത്ത്വം. പ്രപഞ്ചം സാക്ഷ്യംവഹിച്ച അതിമഹത്തായ രാവിനെക്കുറിച്ചുള്ള ഖുര്‍ആന്‍ വാക്യമാണിത്. മനുഷ്യന്‍ വിണ്ണിലേക്ക് ഉയരുകയും മാലാഖമാര്‍ ദൈവത്തിന്റെ എണ്ണമറ്റ അനുഗ്രഹങ്ങളുമായി ഭൂമിയിലേക്ക് ഇറങ്ങി വരുകയും ചെയ്യുന്ന മഹത്തായ രാവിനെക്കുറിച്ചുള്ള പ്രഖ്യാപനം പ്രവാചകനുമുന്നില്‍ വെളിപ്പെടുത്തിയ രാവാണിത്.

റംസാനിലെ അവസാന നാളുകളില്‍ ലൈലത്തുല്‍ഖദ്‌റിനെ പ്രതീക്ഷിക്കാമെന്നാണ് പ്രവാചകന്‍ അരുളിയിട്ടുള്ളത്. ലൈലത്തുല്‍ഖദ്‌റിന്റെ രാത്രിയിലെ നമസ്‌കാരവും ഖുര്‍ആന്‍ പാരായണവും ദൈവസ്മരണയും മററു സല്‍ക്കര്‍മങ്ങളുമെല്ലാം ആയിരംമാസത്തെ പുണ്യകര്‍മങ്ങളേക്കാള്‍ ശ്രേഷ്ഠമാണെന്നാണ് ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുള്ളത്. 

അതുകൊണ്ടുതന്നെ, റംസാന്‍ അവസാനത്തിലേക്ക് കടന്നാല്‍ പ്രവാചകന്‍ പള്ളിയില്‍ ഭജന(ഇഅ്തികാഫ്) ഇരിക്കുകയും ആരാധനകര്‍മങ്ങളാല്‍ രാത്രിയെ സജീവമാക്കുകയും തന്റെ കുടുംബത്തെ വിളിച്ചുണര്‍ത്തി ഇതിന് പ്രേരിപ്പിക്കുകയും ചെയ്തിരുന്നതായി ഹദീസുകള്‍ വ്യക്തമാക്കുന്നു.

ദൈവം മനുഷ്യന് നല്‍കിയ എണ്ണമറ്റ അനുഗ്രഹങ്ങള്‍ക്ക് തിരിച്ച് നന്ദി രേഖപ്പെടുത്താനുള്ള സുവര്‍ണാവസരം കൂടിയാണ് വിശ്വാസികള്‍ക്ക് ഈ പവിത്ര ദിനങ്ങള്‍.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.