Latest News

പുതിയ സ്‌കൂളില്‍ പോകാന്‍ പുത്തനുടുപ്പും ചെരുപ്പും വാങ്ങാന്‍ പോയ കൂട്ടുകരായ വിദ്യാര്‍ത്ഥികള്‍ കാറിടിച്ചു മരിച്ചു

കോഴിക്കോട്: വ്യാഴാഴ്ച അധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ തോളുരുമ്മി സ്‌കൂളിലേക്കു പോകാനിരുന്നവരാണ് അവര്‍ രണ്ടുപേരും. കോഴിക്കോട് കുന്ദമംഗലം ആരാമ്പ്രം കരിപ്പൂര്‍മലയില്‍ ആദിലും അല്‍ത്താഫും. പതിനാലു വയസുകാര്‍.[www.malabarflash.com] 

പുതിയ സ്‌കൂളില്‍ വ്യാഴാഴ്ച എട്ടാം ക്ലാസില്‍ ചേരുന്ന ആവേശത്തിലായിരുന്നു ഇരുവരും. വ്യാഴാഴ്ച പുത്തനുടുപ്പും ചെരുപ്പുമൊക്കെയിട്ടു സ്‌കൂളില്‍ പോകാന്‍ കരുതിയിരിക്കുകയായിരുന്നു. അതിനു ചെരുപ്പും വസ്ത്രങ്ങളും വാങ്ങാന്‍ പോയ ഇരുവരെയും കാത്തു വഴിയില്‍ പതിയിരുന്നതാകട്ടെ മരണവും.

ബുധനാഴ്ച 1.40നായിരുന്നു കുന്ദമംഗലത്തെ നടുക്കിയ അപകടം. ആരാമ്പ്രം ഗവണ്‍മെന്റ് യുപി സ്‌കൂളില്‍നിന്ന് ഏഴാം ക്ലാസ് പൂര്‍ത്തിയാക്കിയതാണ് ഇരുവരും. ആരാമ്പ്രം കരിപ്പൂര്‍മലയില്‍ ഷെമീറിന്റെ മകനാണ് മുഹമ്മദ് ആദില്‍. ആരാമ്പ്രംകരിപ്പൂര്‍ മലയില്‍ മുഹമ്മദിന്റെ മകനാണ് അല്‍ത്താഫ്. നഴ്‌സറി ക്ലാസ് മുതല്‍ ഇണപിരിയാത്ത കൂട്ടുകാരായിരുന്നു ഇരുവരും. ഒരു ക്ലാസില്‍ ഒരേബഞ്ചിലാണ് ഇതുവരെയും ഇവര്‍ ഇരുന്നു പഠിച്ചത്.

പുതിയ വസ്ത്രവും ചെരുപ്പും വാങ്ങാനെന്നു പറഞ്ഞാണ് ഇരുവരും കുന്ദമംഗലത്തേക്ക് ഉച്ചയ്ക്കു വീട്ടില്‍നിന്നുമിറങ്ങിയത്. പടനിലത്താണ് അപകടമുണ്ടായത്. നടന്നു പോവുകയായിരുന്ന ഇരുവരുടെയും മേലേക്ക് നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു കയറുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ഇരുവരേയും രക്ഷിക്കാനായില്ല.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.