Latest News

സ്വർണ ഖുർആന്റെ ശോഭയിൽ അബുദാബിയിലെ മലയാളി കുടുംബം

അബുദാബി: ഇൗ ഖുർആൻ സ്വർണലിപികളിൽ രചിച്ചത് മാത്രമല്ല, പൂർണമായും സ്വർണത്തിൽ തന്നെ നിർമിച്ചതാണ്. വൻതുക വില മതിക്കുന്ന സ്വര്‍ണ ഖുര്‍ആനിന്റെ ഒരു ഭാഗം നിധിപോലെ സൂക്ഷിക്കുന്നത് അബുദാബിയിലെ മലയാളി കുടുംബം.[www.malabarflash.com]

22 ക്യാരറ്റ് സ്വർണത്തിലാണ് അഞ്ഞൂറ് വർഷത്തിലേറെ പഴക്കമുള്ള ഈ ഖുർ ആൻ നിർമിച്ചിട്ടുള്ളത്. പതിനേഴര സെന്‍റീമീറ്റർ വീതിയും ഇരുപത്തിനാല് സെന്‍റീമീറ്റർ നീളവുമുള്ള ഖുര്‍ആന്‍ ചൈനയില്‍ നിര്‍മിച്ചതാണെന്നാണ് അനുമാനം.

കോഴിക്കോട് നാദാപുരം സ്വദേശി മുഹമ്മദ് ഹാരിസിന്റെ ഭാര്യ ആയിഷ ഖാസിമിന് അഞ്ച് വർഷം മുൻപ് മലേഷ്യയിലുള്ള സഹോദരനാണ് രണ്ട് കിലോ ഭാരമുള്ള ഈ സുവര്‍ണ ഗ്രന്ഥം സമ്മാനിച്ചത്. തുർക്കിയിൽ നിന്ന് ചൈനയിലെത്തിച്ച ശേഷമാണ് ഇത് മലേഷ്യയിലെത്തിയതെന്ന് കരുതുന്നു.

സ്വര്‍ണത്തില്‍ തീര്‍ത്ത കയ്യെഴുത്ത് പ്രതി അത്യപൂര്‍വ ശേഖരമായാണ് കണക്കാക്കുന്നത്. 28 വാല്യങ്ങളുടെ ശേഖരങ്ങളിൽപ്പെടുന്നതാണ് ഈ സ്വർണ ഖുർആൻ. ഖുർ ആൻ സൂക്തങ്ങൾ ആലേഖനം ചെയ്ത 20 സ്വർണ തകിടിന്റെ പേജുകളാണ് ഉള്ളത്.

പത്ത് ലക്ഷം ദിർഹം (ഏകദേശം ഒന്നേമുക്കാൽ കോടി ഇന്ത്യൻ രൂപ) യാണ് മതിപ്പ് വിലയെന്ന് കരുതുന്നു. കഴിഞ്ഞ മുപ്പത് വർഷമായി അബുദാബിയിലെ ബാങ്കിങ് രംഗത്ത് ജോലി ചെയ്യുന്ന തന്റെ കുടുംബ ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും ഇൗ ഖുർആൻ സ്വർണശോഭ പരത്തുന്നതായി ഹാരിസ് പറയുന്നു.

അമൂല്യസമ്പത്ത് ലോകം കാണുംവിധം പ്രദര്‍ശിപ്പിക്കുകയോ പൂര്‍ണമായും ജീവകാരുണ്യത്തിനായി ചെലവാക്കാൻ വേണ്ടി കൈമാറുകയോ ആണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

അഞ്ചു വർഷമായി വീട്ടിൽ സൂക്ഷിക്കുന്ന ഈ സുവര്‍ണ ഗ്രന്ഥത്തിന്റെ രേഖകൾ തയ്യാറാക്കുന്നതിന് ഒരു വർഷം വേണ്ടിവന്നു. വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണ ഖുർആൻ എല്ലാ റമസാനിലും പാരായണത്തിന് ഉപയോഗിക്കുന്നു.


Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.