Latest News

കോഴിക്കോട് വ്യാപക അക്രമം: ശനിയാഴ്ചയും ഹര്‍ത്താല്‍

കോഴിക്കോട്: കോഴിക്കോട്ട് സിപിഎമ്മും ബിജെപിയും ആഹ്വാനം ചെയ്ത ഹർത്താലിൽ പരക്കെ അക്രമം. ബാലുശേരിയിൽ ഇരുവിഭാഗം പ്രവർത്തരും തമ്മിലുണ്ടായ ഏറ്റുമുട്ടൽ നിയന്ത്രണാതീതമായതോടെ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. [www.malabarflash.com]

രാവിലെ നടന്ന സിപിഎം പ്രകടനത്തിനിടെ ബിജെപി ഓഫീസിനുനേർക്ക് കല്ലേറുണ്ടായിരുന്നു. ഇതിൽ പ്രതിഷേധിച്ച് വൈകിട്ട് ബാലുശേരിയിൽ ബിജെപി നടത്തിയ മാർച്ചിനുനേരെ കല്ലേറുണ്ടായതിനെ തുടർന്നാണ് സംഘർഷം ഉടലെടുത്തത്.

പാർട്ടി ഓഫിസുകൾ വ്യാപകമായി ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കോഴിക്കോട് ശനിയാഴ്ച ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.

സിപിഎം ആഹ്വാനം ചെയ്ത കോഴിക്കോട് ജില്ലാ ഹർത്താലും അഞ്ചു നിയോജക മണ്ഡലങ്ങളിൽ ബിജെപി പ്രഖ്യാപിച്ച ഹർത്താലും പൂർണമായിരുന്നു. കടകൾ തുറന്നില്ല. ബസ് സർവീസുകൾ നിർത്തിയത് യാത്രക്കാരെ വലച്ചു. പ്രതിഷേധ പ്രകടനങ്ങൾ പലയിടത്തും അക്രമാസക്തമായി. മാധ്യമപ്രവർത്തകർക്കു നേരെ സിപിഎം അക്രമമുണ്ടായി. വടകര ആർഎസ്എസ് കാര്യാലയത്തിന് നേരെ വീണ്ടും ബോംബെറിഞ്ഞു.

തലക്കുളത്തൂരിൽ ബിജെപി ഒാഫിസും ചോറോട് സിപിഎം ലോക്കൽ കമ്മിറ്റി ഒാഫിസും അടിച്ചുതകർത്തു. വടകരയിൽ വായനശാലകളും അക്രമിക്കപ്പെട്ടു. ഹര്‍ത്താലില്‍ നിന്ന് വാഹനങ്ങളെ ഒഴിവാക്കിയെന്ന് സിപിഎം ജില്ലാ നേതൃത്വം അറിയിച്ചെങ്കിലും പല സ്ഥലങ്ങളിലും തടഞ്ഞു. വടകരയിൽ മൂന്ന് കെഎസ്ആർടിസി ബസുകൾക്കു നേരെ കല്ലേറുണ്ടായി.

ശനിയാഴ്ച കൂടി ഹർത്താൽ പ്രഖ്യാപിച്ചതോടെ തുടർച്ചയായി രണ്ടാം ദിവസവും ജനജീവിതം സ്തംഭിക്കും. ദേശീയ അഗ്രിക്കൾച്ചറൽ എൻട്രൻസ് പരീക്ഷയ്ക്കായി ശനിയാഴ്ച കോഴിക്കോട്ടെത്തുന്ന വിദ്യാർഥികളെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.