Latest News

ഷാർജ വ്യവസായ മേഖലയിലെ എണ്ണസംഭരണ കേന്ദ്രത്തിൽ വൻ അഗ്നിബാധ

ഷാർജ: വ്യവസായ മേഖല പത്തിലെ എണ്ണ സംഭരണശാലയിലുണ്ടായ വൻതീപിടിത്തത്തിൽ കനത്തനാശനഷ്‌ടം. ബുധനാഴ്ച ഉച്ചയ്‌ക്ക് രണ്ടരയോടെയായിരുന്നു മേഖലയെ നടുക്കിയ അഗ്നിബാധ. വിവിധ മേഖലയിൽ നിന്നെത്തിയ സിവിൽഡിഫൻസ് യൂണിറ്റുകൾ മണിക്കൂറുകളോളം കഠിനാധ്വാനം നടത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.[www.malabarflash.com]

ഫയർ എൻജിനുകളും ആംബുലൻസുകളും ഇവിടേക്കു പോകുന്നതു കാണാമായിരുന്നുവെന്ന് സമീപമേഖലയിലുള്ളവർ പറഞ്ഞു. ആളപായമില്ലെന്നാണു പ്രാഥമിക നിഗമനം. തീപടർന്ന ഉടനെ സ്‌ഥലത്തെത്തിയ സിവിൽഡിഫൻസ് ഈ ഭാഗത്തേക്കുള്ള ഗതാഗതം തടഞ്ഞു. ഇതുമൂലം സമീപ റോഡുകളിൽ ഏറെ നേരം ഗതാഗതക്കുരുക്കുണ്ടായി. 

തൊഴിലാളികളെയും മറ്റും സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറ്റി. സുരക്ഷ കണക്കിലെടുത്ത് വൈദ്യുതിബന്ധം വിച്‌ഛേദിച്ചു. കനത്ത ചൂടും കാറ്റും രക്ഷാപ്രവർത്തനം ദുസ്സഹമാക്കി. മേഖലയിലാകെ കറുത്തപുക മൂടിക്കെട്ടി.

ഷാർജ നാഷനൽ പെയിന്റ്‌സിന് അടുത്ത് വ്യവസായമേഖലയിൽ തിങ്കളാഴ്‌ചയുണ്ടായ വൻതീപിടിത്തത്തിൽ 14 വെയർഹൗസുകൾ കത്തിനശിച്ചിരുന്നു. തടിയും കെട്ടിടനിർമാണ സാമഗ്രികളും സൂക്ഷിച്ചിരുന്ന വെയർഹൗസുകളായിരുന്നു ഇവ. ലക്ഷങ്ങളുടെ നഷ്‌ടമുണ്ടായി. 

ഷാർജയ്‌ക്കു പുറമെ ദുബായിൽ നിന്നും അജ്‌മാനിൽ നിന്നും സിവിൽ ഡിഫൻസ് യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.