Latest News

പോലീസിന്റെ അടിയേറ്റ് കര്‍ണപുടം തകര്‍ന്നതായി പരാതി

കണ്ണൂര്‍: പോലീസിന്റെ അടിയേറ്റ് കര്‍ണപുടത്തിന് പരിക്കേറ്റ നിലയില്‍ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടക്കുന്ന് യു.പി.സ്‌കൂളിനു സമീപം വാടകയ്ക്ക് വര്‍ക്ഷോപ്പ് നടത്തുന്ന നാറാത്ത് 'റിസിയാസി'ല്‍ കെ.ടി.അഷ്‌റഫിനെയാണ് കണ്ണൂര്‍ എ.കെ.ജി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.[www.malabarflash.com]

വെള്ളിയാഴ്ച വൈകുന്നേരം നാലിന് വളപട്ടണം സ്റ്റേഷനിലേക്ക് വിളിപ്പിച്ചശേഷം എസ്.ഐ. ശ്രീജിത്ത് കൊടേരിയും മഫ്തിയിലുള്ള പോലീസും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നുവെന്ന് അദ്ദേഹം ആശുപത്രിയില്‍ കൊടുത്ത മൊഴിയില്‍ പറയുന്നു.

മര്‍ദനമേറ്റ അഷ്‌റഫിന് കേള്‍വിക്കുറവും ചെവിയില്‍ കടുത്തവേദനയും അനുഭവപ്പെട്ടു. ഇതേത്തുടര്‍ന്ന് ഞായറാഴ്ച രാവിലെ ആസ്​പത്രിയില്‍ പോയി പരിശോധിച്ചപ്പോഴാണ് ഇരുചെവികളുടെയും കര്‍ണപുടത്തിന് തകരാറുണ്ടായതായി ഡോക്ടര്‍ പറഞ്ഞത്. ഒരു ചെവിക്ക് ശസ്ത്രക്രിയ വേണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

നാറാത്തെ ബാലകൃഷ്ണന്‍ എന്നയാളിന്റെ ഉടമസ്ഥതയിലുള്ള ക്വാളിറ്റി ഓട്ടോമൊബൈല്‍ സ്ഥാപനം ധന്യേഷ് എന്നയാളിന് വാടകയ്ക്ക് കൊടുത്തിരുന്നു. ധന്യേഷ് ഇത് അഷ്‌റഫിന് നടത്തിപ്പിന് കൊടുത്തു. ഇവര്‍ തമ്മിലുള്ള വാടകപ്രശ്‌നത്തെത്തുടര്‍ന്ന് കേസ് നിലനില്‍ക്കുന്നുണ്ട്. പ്രശ്‌നത്തില്‍ അഷ്‌റഫുമായി തര്‍ക്കവും വാക്കേറ്റവുമുണ്ടായതായി പറയുന്നു. ഇക്കാര്യത്തില്‍ പോലീസ് തന്നെ സ്റ്റേഷനില്‍ കൂട്ടിക്കൊണ്ടുപോയശേഷം എസ്.ഐ. ഒന്നും ചോദിക്കാതെ മര്‍ദിച്ചെന്നാണ് അഷ്‌റഫിന്റെ മൊഴി.

എന്നാല്‍ മര്‍ദിച്ചതായുള്ള പരാതി അടിസ്ഥാനരഹിതമാണെന്ന് എസ്.ഐ. പറഞ്ഞു. വാടക ചോദിച്ചതിന്റെ പേരില്‍ അഷ്‌റഫ് പരാതിക്കാരെ മര്‍ദിച്ചതായി ആക്ഷേപമുണ്ടായിരുന്നു. ഇക്കാര്യം അന്വേഷിക്കാന്‍ സ്റ്റേഷനില്‍ വിളിപ്പിച്ച് ചോദ്യംചെയ്തതേയുള്ളൂ. വെള്ളിയാഴ്ച നടന്ന സംഭവത്തില്‍ ഞായറാഴ്ചയാണ് അഷ്‌റഫ് ആശുപത്രിയില്‍ പോയത്. ഇരുകൂട്ടരെയും വിളിച്ച് പ്രശ്‌നം പറഞ്ഞുതീര്‍ത്തശേഷം പിന്നെ ഈ പരാതി എന്തുകൊണ്ടാണെന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.