Latest News

മരണമടഞ്ഞ മകന്റെ പേരില്‍ പണപ്പിരിവ് നടത്തുന്നു; ആരോപണവുമായി അമ്മ

കോട്ടയം:പിച്ചചട്ടിയില്‍ കൈയിട്ട് വാരുക എന്നു പറഞ്ഞാല്‍ ഇതാണ്. മരണമടഞ്ഞ മകന്റെ പേരില്‍ സി.എസ്.ഡി.എസ് വ്യാപക പണപ്പിരിവും തട്ടിപ്പും നടത്തുന്നതായി ആരോപണം. വാഴൂര്‍ പുളിക്കകവല പൂവത്തുംകുഴി മിനിമോള്‍ പി.സി യാണ് ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കാനൊരുങ്ങുന്നത്. [www.malabarflash.com ]

2013 മെയ് 26നാണ് മിനിയുടെ മകന്‍ മിഥുന്‍ കൊലചെയ്യപ്പെടുന്നത്. തുടര്‍ന്ന് കേസ് നടത്താനും മറ്റും ആരും സഹായിക്കാനില്ലാത്ത സ്ഥിതിയിലാണ് കുറച്ചുപേര്‍ ചേര്‍ന്ന് സി.എസ്.ഡി.എസ് എന്ന സംഘടനയുണ്ടാക്കുന്നത്. പിന്നീട് ഇവര്‍ സംഘടന വിപുലപ്പെടുത്തുകയും മിഥുന്റെ കുടുംബത്തെ സഹായിക്കാനെന്ന പേരില്‍ സംസ്ഥാന വ്യാപകമായി പണപ്പിരിവ് നടത്തുകയും ചെയ്തു. വാഴൂരില്‍ ചേര്‍ന്ന സമ്മേളനത്തില്‍ തനിക്ക് 50000 രൂപ നല്‍കിയിരുന്നു. എന്നാല്‍ പല യോഗങ്ങളിലും ഇവര്‍ പത്തരലക്ഷം രൂപ കുടുംബത്തിന് നല്‍കിയെന്നും, കുടുംബ ചിലവും, കേസും നടത്തുന്നത് സംഘടനയാണെന്നും വ്യാപകമായി പ്രചാരണം നടത്തുകയായിരുന്നു.

മിഥുന്റെ കുടുംബസഹായനിധി പിരിവിനായി സംഘടനാ ഭാരവാഹികളായ കെ കെ സുരേഷ്, സജന്‍, ഷാജി എന്നിവരുടെ പേരിലാണ് വാഴൂര്‍ എസ്.ബി.ടിയില്‍ ജോയിന്റ് അക്കൗണ്ട് ആരംഭിച്ചത്. ഇതില്‍ മാത്രം ലക്ഷക്കണക്കിന് രൂപ വന്നിട്ടുണ്ടെന്നാണ് വിവരം. ഈ പണം നേതാക്കള്‍ അപഹരിച്ചു. പിന്നീട് മിഥുന്റെ പേരില്‍ ആംബുലന്‍സ് സര്‍വ്വീസ് തുടങ്ങാനായും പിരിവ് നടത്തി. എന്നാല്‍ മിഥുന്‍ മെമ്മോറിയല്‍ എന്ന പേരുപോലും നല്‍കാന്‍ നേതാക്കള്‍ തയ്യാറായില്ല. വീണ്ടും മിഥുന്റെ പേരില്‍ പിരിവുമായി ഇറങ്ങിയതിനെ തുടര്‍ന്ന് സംഘടനാ നേതാക്കളെ തങ്ങള്‍ താക്കീത് ചെയ്തിരുന്നു. ഇനി മിഥുന്റെ പേരില്‍ പിരിവ് നടത്തരുതെന്ന് മുന്നറിയിപ്പും നല്‍കിയിരുന്നു. എന്നാല്‍ ഭാരവാഹികള്‍ ഇത് കൂട്ടാക്കുന്നില്ലെന്നാണ് മിനിയുടെ ആക്ഷേപം.

സ്ഥലത്തെ വ്യാപാരസ്ഥാപനത്തിനുടമയായ പുള്ളിയില്‍ വാവയാണ് കുറ്റക്കാരനെന്ന് മകന്‍ മരണക്കിടക്കിയില്‍ തന്നോട് പറഞ്ഞതായും മിനി സാക്ഷ്യപ്പെടുത്തുന്നു.എന്നാല്‍ പോലീസ് കേസില്‍ വാവയുടെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല. എഴുത്തും വായനയും അറിയാത്ത തന്നെ സംഘടനാ ഭാരവാഹികളും പോലീസും കബളിപ്പിക്കുകയായരുന്നുവെന്നും മിനി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഇക്കാര്യങ്ങളെല്ലാം വിശദമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് മിനി മുഖ്യമന്ത്രിക്ക് പരാതി നല്‍കാനൊരുങ്ങുന്നത്.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.