Latest News

പാക്കിസ്ഥാനിൽ ഇന്ധനടാങ്കർ പൊട്ടിത്തെറിച്ച് മരിച്ചവരുടെ എണ്ണം 148 ആയി

ഇസ്‍ലാമാബാദ് ∙ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ബഹവൽപുരിലെ അഹമ്മദ്പുർ ഷർക്കിയയിൽ ഇന്ധന ടാങ്കറിന് തീപിടിച്ച് 148 പേർ വെന്തുമരിച്ചതായി റിപ്പോർട്ട്. നൂറിലധികം പേർക്കു പരുക്കേറ്റു. ഇവരിൽ പലരുടെയും നില ഗുരുതരമാണ്.[www.malabarflash.com ]

പാക്ക് മാധ്യമങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് െചയ്തത്.  പുലർച്ചെയാണ് സംഭവം. തെക്കുപടിഞ്ഞാറൻ പാക്ക് നഗരമായ മുൾട്ടാനിൽനിന്ന് 100 കീലോമീറ്റർ അകലെ ദേശീയ പാതയിലാണ് അപകടം നടന്നത്. തുറമുഖ നഗരമായ കറാച്ചിയിൽനിന്ന് പഞ്ചാബ് പ്രവിശ്യയുടെ തലസ്ഥാനമായ ലഹോറിലേക്ക് ഇന്ധനവുമായി പോകുമ്പോഴായിരുന്നു സംഭവം.

അമിതവേഗത്തിലായിരുന്ന ടാങ്കർ, നിയന്ത്രണം വിട്ട് തലകീഴായി മറിയുകയും പിന്നീട് തീപിടിക്കുകയുമായിരുന്നെന്നാണ് സൂചന. നഗരത്തിലെ തിരക്കേറിയ സ്ഥലത്തുവച്ചാണ് അപകടം നടന്നത്. ഇതാണ് മരണസംഖ്യ നൂറു കവിയാൻ കാരണം. വാഹനം മറിഞ്ഞതിനെ തുടർന്ന് ഇന്ധനടാങ്കറിൽ ചോർച്ച സംഭവിക്കുകയും പിന്നീട് തീപിടിക്കുകയുമായിരുന്നു. വലിയ ശബ്ദത്തോടെ ടാങ്കർ പൊട്ടിത്തെറിച്ചതായും പാക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അപകടം നടന്ന സ്ഥലത്ത് ചിലർ പുകവലിച്ചിരുന്നതായും ഇതാകാം തീപിടിക്കാൻ കാരണമെന്നും ദൃസാക്ഷികളെ ഉദ്ധരിച്ച് പാക്ക് മാധ്യമങ്ങൾ ചൂണ്ടിക്കാട്ടി.

അതേസമയം, മറിഞ്ഞ ടാങ്കറിൽനിന്നും ഇന്ധനം ശേഖരിക്കാനായി ആളുകൾ ഓടിക്കൂടിയതാണ് മരണസംഖ്യ ഉയരാൻ കാരണമെന്നും പറയപ്പെടുന്നു. ആളുകൾ കൂടിനിൽക്കെ ടാങ്കർ പൊട്ടിത്തെറിച്ചതാണ് അപകടം ഇത്ര ഭീകരമാകാൻ കാരണമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ്‌ ആളുകളെ ഒഴിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇവർ ഇന്ധനം ശേഖരിക്കുന്നതിനായി തിക്കിത്തിരക്കുകയായിരുന്നു. തിരക്ക് നിയന്ത്രണാതീതമായി തുടരുന്നതിനിടെ ടാങ്കർ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.

അപകടത്തെ തുടർന്ന് സമീപത്തുണ്ടായിരുന്ന ആറോളം കാറുകളും 12 ബൈക്കുകളും അഗ്നിക്കിരയായി. അപകടത്തിന് ഇരയായവരെ സഹായിക്കുന്നതിനായി പഞ്ചാബ് മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ വിട്ടുനൽകിയിട്ടുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. 

പരുക്കേറ്റവരെ ബഹവൽപുർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുരുതരമായ പരുക്കേറ്റ ചിലരെ മുൾട്ടാനിലെ ആശുപത്രിയിലേക്കു മാറ്റി.



Keywords: World  News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.