Latest News

ചെളിവെള്ളത്തിലിറങ്ങി അവര്‍ തിമിര്‍ത്താടി; നാട്ടി മഴ മഹോത്സവം ശ്രദ്ധേയമായി

ബേക്കല്‍: കൊച്ചുകുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ അനുഭൂതി പകര്‍ന്ന് നടത്തിയ നാട്ടി മഴമഹോത്സവം അരവത്ത് ഗ്രാമത്തിന്റെ മഹോത്സവമായി.[www.malabarflash.com]

അരവത്ത് പുലരി സാംസ്‌കാരിക കേന്ദ്രത്തിന്റെയും ജില്ലാ കുടുംബശ്രീ മിഷന്റെയും പള്ളിക്കര പഞ്ചായത്ത് കൃഷിഭവന്റെയും എം.എസ്. സ്വാമിനാഥന്‍ റിസേര്‍ച്ച് ഫൗണ്ടേഷന്റെയും നേതൃത്വത്തിലാണ് മഹോത്സവം സംഘടിപ്പിച്ചത്. 

കുട്ടികള്‍ വയലിലിറങ്ങി നാട്ടി നടാനും നാടന്‍ കളികളിലും ഏര്‍പ്പെടുകയും ചെയ്തപ്പോള്‍ കൃഷിയോട് ആഭിമുഖ്യമുള്ള ഒരു പുതിയ തലമുറയെ സൃഷ്ടിച്ചതിന്റെ ആവേശത്തിലാണ് സംഘാടകര്‍. 

വയല്‍ വെള്ളത്തിലായിരുന്നു കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിവിധ നാടന്‍ കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചത്. മഴയത്ത് മഴവെള്ളത്തില്‍ നീന്തിനടക്കുന്ന കുട്ടികള്‍ ആഹ്ലാദതിമിര്‍പ്പിലായിരുന്നു. 

ഞായറാഴ്ച രാവിലെ മുതല്‍ തുടങ്ങിയ മത്സരത്തില്‍ കാര്‍ഷിക കൂട്ടായ്മ, വിത്ത് കൈമാറ്റം, കാര്‍ഷിക പ്രദര്‍ശനം, വിത്ത് വണ്ടി, ഞാറ് നടല്‍, നാട്ടിപാട്ട്, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള വിവിധ മത്സരങ്ങള്‍ എന്നിവ നടന്നു. നാടന്‍ നെല്ലിനങ്ങളുടെ കൃഷിയിറക്കലും ഉണ്ടായി. 
കാര്‍ഷിക സെമിനാര്‍ കെ കുഞ്ഞിരാമന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. 
പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് പി. ഇന്ദിര അധ്യക്ഷത വഹിച്ചു. കാര്‍ഷിക കമ്പളം എന്ന പരിപാടി ഡി.വൈ.എസ്.പി കെ. ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. പുലരി ക്ലബ്ബ് പ്രസിഡണ്ട് പ്രണവ് കുമാര്‍ അധ്യക്ഷത വഹിച്ചു. നാട്ടി നടലിന്റെ ഉദ്ഘാടനം മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.