Latest News

ജന്മദിനാഘോഷത്തിന് പകരം 1000 പേര്‍ക്ക് ഇഫ്താര്‍ ഒരുക്കി സഹല്‍ മോന്‍

അജ്‌മാൻ : ഇക്കുറി സഹലിന്റെ ഈദുൽ ഫിത്ർ ആഘോഷത്തിന് നിറം കൂടും. സജ ലേബർ ക്യാംപിലെ 1000 പേർക്ക് ഇഫ്‌താർ വിരുന്നു നൽകാനായതിന്റെ സന്തോഷത്തിലാണ് സഹൽ.[www.malabarflash.com]

കഴിഞ്ഞ വര്ഷം, തന്റെ പത്താം ജന്മദിനത്തില്‍ സഹല്‍ തന്റെ പിതാവിനോട് ആവശ്യപ്പെട്ടത് വിലയേറിയ കളിപ്പാട്ടമോ ഗാഡ്ജറ്റുകളോ വിനോദ യാത്രയോ ആയിരുന്നില്ല, പകരം മരുഭൂമിയിൽ കഷ്ടപ്പെടുന്ന മനുഷ്യർക്ക് ഒരു നേരം ഭക്ഷണം കൊടുക്കണമെന്നായിരുന്നു. അങ്ങനെയാണ് അജ്മാന്‍ ഹാബിറ്റാറ്റ് സ്കൂള്‍ വിദ്യാര്‍ഥിയായ സഹലും സഹോദരൻ ലഹലും സജ ലേബര്‍ ക്യാമ്പിലെത്തിയത്. അന്ന് 800 പേര്‍ക്ക് വിരുന്നൊരുക്കി അവർ മടങ്ങി.

ഈ വർഷം , തന്റെ പതിനൊന്നാം ജന്മദിനത്തില്‍ സഹല്‍ വീണ്ടും സജ ക്യാംപിലെത്തി. കൂട്ടിന് ലഹനും രക്ഷിതാക്കളുമുണ്ടായിരുന്നു. ഇത്തവണ 1000 പേര്‍ക്കുള്ള വിരുന്നുമായിട്ടായിരുന്നു വരവ്. റംസാനിന്റെ നന്മ ചേര്‍ത്തുവച്ച് ആയിരം പേര്‍ക്കുള്ള നോമ്പ് തുറ.

രണ്ടു വർഷം മുൻപ് വളണ്ടിയർ ആയിട്ടാണ് സഹൽ ആദ്യമായി സജ കാമ്പിലെത്തിയത്. ടീം ഇഫ്‌താർ നടത്തുന്ന വിരുന്നിൽ വളണ്ടിയർ ആയി എത്തിയപ്പോഴാണ് വീടും നാടും വിട്ട്, പ്രിയപ്പെട്ടവരിൽ നിന്ന് അകന്നു താമസിക്കുന്നവരൂണ്ടെന്ന് മനസ്സിലായത് . അപ്പോൾ അവന്റെ കുഞ്ഞു മനസ്സ് വേദനിച്ചു. ഒരു ദിവസം പോലും ഉപ്പയെ വിട്ട് നിൽക്കാൻ കഴിയാത്ത അവൻ കുടുംബത്തിനായി പ്രവാസിയായ മനുഷ്യരെ കുറിച്ച് ആലോചിക്കാൻ തുടങ്ങി. അങ്ങനെയാണ് അവർക്ക് ഇഫ്‌താർ ഒരുക്കുന്ന മോഹം മനസ്സിൽ ഉദിച്ചത്.

കുട്ടികള്‍, പ്രത്യേകിച്ചും പ്രവാസി കുട്ടികള്‍, വീടിന്റെ അകത്തളങ്ങളിലെ ഗെയിമിങ്ങ് ലോകത്തു മാത്രമൊതുങ്ങി ജീവിക്കുന്ന കാലത്ത് മാതൃകയാവുകയാണ് സഹല്‍.

"നാം നല്ല നിലക്ക് ജീവിക്കുമ്പോൾ തന്നെ കഴിയുന്നത്ര പാവപ്പെട്ടവരെയും ഓർക്കുകയും പരിഗണിക്കുകയും ചെയ്യേണ്ടതുണ്ട്ന. നമുക്ക് കിട്ടിയ അനുഗ്രഹങ്ങള്‍ മറന്നുപോകരുതല്ലോ. കഴിവിന്റെ പരമാവധി മറ്റുള്ളവരുടെ ജീവിതത്തെ സഹായിക്കണം. കൂടെ നില്‍ക്കാനാവണം. ” – സഹല്‍ പറഞ്ഞു.

"കാരുണ്യം എല്ലാവരിലേക്കുമെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഈ വര്‍ഷം യു.എ.ഇ ' ഇയർ ഓഫ് ഗിവിങ്' ആ ചരിക്കുകയാണ്. അതിനോടു സഹകരിക്കണമെന്നും മനസ്സിലുണ്ടായിരുന്നു" സഹല്‍ പറഞ്ഞു

ആരും നിര്‍ബന്ധിച്ചിട്ടോ പറഞ്ഞിട്ടോ അല്ല ഇങ്ങനെയൊരു വഴി സഹല്‍ തിരഞ്ഞെടുത്തത് എന്ന് അഭിമാനപൂര്‍വം മാതാപിതാക്കളായ സി.ടി ഷംസുവും ജസീലയും പറയുന്നു. ” അവന്റെ സ്വന്തം തീരുമാനമാണ്" ഷംസു പറഞ്ഞു. കോഴിക്കോട് മുക്കത്തിനടുത്ത് ചേന്ദമംഗല്ലൂര്‍ സ്വദേശിയാണ് ഷംസു.


Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.