Latest News

ഭീകരര്‍ക്ക് സഹായം: ഖത്തറുമായി ഗള്‍ഫ് രാജ്യങ്ങള്‍ ബന്ധം വിഛേദിച്ചു

റിയാദ്: ഭീകരർക്ക് സാമ്പത്തിക സഹായം നൽകുന്നുവെന്ന് ആരോപിച്ച് സൗദി അറേബ്യ, യുഎഇ, ബഹ്റൈൻ, ഈജിപ്ത്, യെമൻ എന്നീ രാജ്യങ്ങൾ ഖത്തറുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിച്ചു.[www.malabarflash.com]

നടപടിയിൽ പ്രതിഷേധവുമായി രംഗത്തെത്തിയ ഖത്തർ ഇതു നീതികരിക്കാനാകില്ലെന്നും പ്രശ്നങ്ങൾ ജനങ്ങളെ ബാധിക്കില്ലെന്നും വ്യക്തമാക്കി.

സൗദി അറേബ്യ, യുഎഇ, ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ഖത്തറിലെ എംബസികളടച്ചു. തങ്ങളുടെ ജീവനക്കാരെ ഇവിടെനിന്നു പിൻവലിക്കുമെന്നു പറഞ്ഞതിനൊപ്പം പൗരന്മാരോട് ഒരാഴ്ചയ്ക്കകം രാജ്യം വിടണമെന്നും ആവശ്യപ്പെട്ടു. ഗൾഫ് മേഖലയിലെ സുരക്ഷ ഖത്തർ അസ്ഥിരമാക്കിയെന്ന് യുഎഇ ഭരണകൂടം ആരോപിച്ചു. യെമനിൽ പോരാട്ടം നടത്തുന്ന സഖ്യസേനയിൽനിന്ന് ഖത്തറിനെ ഒഴിവാക്കിയതായി സൗദിയും അറിയിച്ചു.

ഖത്തറിലേക്കുള്ള വ്യോമ – നാവിക ഗതാഗത സംവിധാനങ്ങൾ അവസാനിപ്പിക്കുകയാണെന്നും നാലു രാജ്യങ്ങളും പറഞ്ഞു. ഗതാഗതം അവസാനിപ്പിക്കുന്നത് ഖത്തർ എയർവെയ്സ് സർവീസിനെയും ഗുരുതരമായി ബാധിക്കും.

കഴിഞ്ഞ മാസം അവസാനത്തോടെ ഖത്തറിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തവർ പലസ്തീൻ – ഇസ്രയേൽ കലാപത്തെക്കുറിച്ചും ഇറാനുമായുള്ള നയതന്ത്രബന്ധത്തെക്കുറിച്ചും ഹമാസിനെയും സംബന്ധിച്ചുമുള്ള പ്രസ്താവനകൾ ഇറക്കിയിരുന്നു. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ പേരിലായിരുന്നു പ്രസ്താവനകൾ. ഇതും ഖത്തറിന്റെ ഉപരോധത്തിലേക്ക് നയിച്ചുവെന്നാണ് വിലയിരുത്തൽ.

വെബ്സൈറ്റ് ഹാക്ക് ചെയ്താണ് തെറ്റായ വിവരങ്ങൾ പ്രസിദ്ധീകരിച്ചതെന്ന് ഖത്തർ വ്യക്തമാക്കിയെങ്കിലും മറ്റു ഗൾഫ് രാജ്യങ്ങൾ ഖത്തർ മാധ്യമങ്ങളും ദോഹ കേന്ദ്രീകരിച്ച അൽജസീറ ചാനലും ബ്ലോക്ക് ചെയ്തിരുന്നു.



Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.