Latest News

ശബരിമലയിലെ പുതിയ സ്വർണ കൊടിമരം കേടുവരുത്തിയ നിലയിൽ; അഞ്ചു പേർ പിടിയിൽ

ശബരിമല: ഞായറാഴ്ച പുനപ്രതിഷ്ഠ നടത്തിയ ശബരിമലയിലെ സ്വർണ കൊടിമരം കേടുവരുത്തിയ നിലയിൽ കണ്ടെത്തി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിൽ അഞ്ച് ആന്ധ്ര സ്വദേശികൾ പോലീസിന്‍റെ പിടിയിലായി.[www.malabarflash.com]

തുണിയിൽ മെർക്കുറി എന്ന ദ്രവം പുരട്ടിയ ശേഷം കൊടിമരത്തിലേക്ക് എറിഞ്ഞാണ് കേടുവരുത്തിയത്. കൊടിമരത്തിന്‍റെ തറയിൽ പൂശിയിരുന്ന സ്വർണം ഉരുകിയൊലിച്ച നിലയിലാണ്.

പന്പ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽനിന്ന് പിടികൂടിയ ആന്ധ്ര സ്വദേശികളെ പോലീസ് ചോദ്യം ചെയ്തു വരുന്നു. കൊടിമരത്തിൽ ദ്രാവകമൊഴിച്ചുവെന്ന് പിടിയിലായവർ മൊഴി നൽകിയിട്ടുണ്ട്. നവധാന്യത്തോടൊപ്പം പാദരസം ഒഴിച്ചെന്നും വിശ്വാസത്തിന്‍റെ ഭാഗമായാണ് ചെയ്തതെന്നും ഇവർ പറഞ്ഞു.

ഞായറാഴ്ച ഉച്ചയ്ക്ക്‌ 11.50നും 1.40നും മധ്യേയുള്ള മുഹൂർത്തത്തിലാണ് സ്വർണ കൊടിമര പ്രതിഷ്ഠ നടന്നത്. വലിയ ഭക്തജനത്തിരക്കും സന്നിധാനത്തുണ്ടായിരുന്നു. ഉച്ചപൂജയ്ക്ക് ശേഷം ഭക്തർ മലയിറങ്ങിയ ശേഷമാണ് കൊടിമരത്തിന് കേടുവരുത്തിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ദേവസ്വം അധികൃതർ വിവരം സുരക്ഷ ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.

ഫോറൻസിക് വിദഗ്ധരും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തും. കൊടിമരത്തിന് സമീപമുള്ള സിസിടിവി പരിശോധിച്ചതിൽ നിന്നാണ് മൂന്ന് പേർ എന്തോ ദ്രാവകം കൊടിമരത്തിൽ ഒഴിച്ചതിന്‍റെ ദൃശ്യങ്ങൾ ലഭിച്ചത്. പിന്നീട് ഇവർക്കായി വ്യാപക തെരച്ചിൽ ആരംഭിക്കുകയായിരുന്നു. പത്തനംതിട്ട എസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

3.20 കോടി രൂപ മുടക്കിയാണ് പുതിയ കൊടിമരം സന്നിധാനത്ത് പ്രതിഷ്ഠിച്ചത്. 9,161 കിലോ ഗ്രാം സ്വർണമാണ് ഇതിനായി ഉപയോഗിച്ചത്.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.