Latest News

ഷോക്കേറ്റ് മരിച്ചയാളെ പൊട്ടക്കിണറ്റില്‍ കുഴിച്ചുമൂടിയെന്ന കേസില്‍ മൂന്നുപേര്‍ പിടിയില്‍

തൃശ്ശൂര്‍: കാണാതായ ഗൃഹനാഥന്റെ മൃതദേഹം പൊട്ടക്കിണറ്റില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. വെള്ളപ്പാറ ഒറവിങ്കല്‍ വേശന്റെ (65) മൃതദേഹമാണ് കണ്ടെത്തിയത്. 22 മുതല്‍ വേശനെ കാണാനില്ലെന്നു കാണിച്ച് വീട്ടുകാര്‍ പഴയന്നൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.[www.malabarflash.com] 

തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ഇയാള്‍ അസുഖബാധിതനായ അനുജന്‍ ഉണ്ണികൃഷ്ണനെ കാണുന്നതിനായി കുമ്പളക്കോട് എത്തിയിരുന്നതായി വിവരം ലഭിച്ചു. എന്നാല്‍, റോഡില്‍നിന്ന് ഇരുന്നൂറ്റിയന്‍പതോളം മീറ്റര്‍ അകലെ വനാതിര്‍ത്തിയോടു ചേര്‍ന്നുള്ള അനുജന്റെ വീട്ടില്‍ എത്തിയിട്ടുമുണ്ടായിരുന്നില്ല.

ഇതേത്തുടര്‍ന്ന് ഞായറാഴ്ച നാട്ടുകാരും പോലീസും ചേര്‍ന്ന് വനത്തിലും സമീപത്തെ പറമ്പുകളിലും നടത്തിയ അന്വേഷണത്തില്‍ കാടിനോടു ചേര്‍ന്നുള്ള പറമ്പിലെ പൊട്ടക്കിണറ്റില്‍ മണ്ണിളകിയ സ്ഥലത്ത് പച്ചില വെട്ടി മൂടിയിട്ട നിലയില്‍ കണ്ടെത്തി. ഇളകിയ മണ്ണ് മാറ്റിനോക്കിയപ്പോള്‍ മൃതദേഹത്തിന്റെ കാല്‍വിരല്‍ കണ്ടെത്തുകയായിരുന്നു. അഴുകിത്തുടങ്ങിയ മൃതദേഹം പ്ലാസ്റ്റിക് ഷീറ്റില്‍ പൊതിഞ്ഞനിലയിലായിരുന്നു. മൃതദേഹത്തിന്റെ മൂക്കില്‍നിന്ന് രക്തം ഒലിച്ചിറങ്ങിയ പാട് കാണാനുണ്ടായിരുന്നു. ഇയാള്‍ ധരിച്ചിരുന്ന ചെരുപ്പും മൃതദേഹത്തോടൊപ്പമുണ്ടായിരുന്നു.

തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ കാട്ടുമൃഗങ്ങളെ പിടിക്കുന്നതിനായി വെച്ച കെണിയുടെ ഭാഗങ്ങള്‍ കണ്ടെത്തുകയും കെണിയൊരുക്കിയ കുമ്പളക്കോട് ഇരട്ടക്കുളമ്പില്‍ അരുണിനെ (27) അറസ്റ്റ് ചെയ്യുകയുമായിരുന്നു. പിന്നീട് കൂട്ടുപ്രതികളായി അരുണിന്റെ അച്ഛനും കോണ്‍ഗ്രസ് പ്രാദേശികനേതാവുമായ ഇരട്ടക്കുളമ്പില്‍ ഉണ്ണികൃഷ്ണനെയും (55), അയല്‍വാസി അറയ്ക്കല്‍ വീട്ടില്‍ ഏലിയാസിനെയും (53) അറസ്റ്റ് ചെയ്തു.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: കാട്ടുമൃഗങ്ങളെ പിടിക്കാന്‍ അരുണ്‍ അയല്‍വാസിയായ ഏലിയാസിന്റെ പറമ്പില്‍ കെണിവെച്ചിരുന്നു. അനുജന്റെ വീട്ടിലേക്കുവന്ന വേശന്‍ അബദ്ധത്തില്‍ വൈദ്യുതിക്കെണിയില്‍നിന്ന് ഷോക്കേറ്റ് മരിക്കുകയായിരുന്നു. പുലര്‍ച്ചെ കെണിയില്‍ മൃഗങ്ങള്‍ പെട്ടത് പരിശോധിക്കാനെത്തിയ അരുണ്‍ ഇയാള്‍ മരിച്ചുകിടക്കുന്നത് കാണുകയും അച്ഛന്‍ ഉണ്ണികൃഷ്ണനെയും അയല്‍വാസിയായ ഏലിയാസിനെയും വിളിച്ചുവരുത്തുകയും ചെയ്തു. തുടര്‍ന്ന് മൂവരുംചേര്‍ന്ന് മൃതദേഹം അരുണിന്റെ വല്ല്യച്ഛന്‍ സുകുമാരന്റെ പറമ്പിലെ പൊട്ടക്കിണറ്റില്‍ കുഴിച്ചുമൂടുകയായിരുന്നു. 

കുന്നംകുളം ഡിവൈ.എസ്.പി. വിശ്വംഭരന്‍, ചേലക്കര സി.ഐ. വിജയകുമാരന്‍, പഴയന്നൂര്‍ എസ്.ഐ. ദാസ് പി.കെ. എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘവും ഡോഗ് സ്‌ക്വാഡും തെളിവെടുപ്പ് നടത്തി.

ഞായറാഴ്ച അറസ്റ്റ് രേഖപ്പെടുത്തിയ ഒന്നാംപ്രതിയായ അരുണിനെ മജിസ്‌ട്രേറ്റിനു മുന്‍പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മറ്റു പ്രതികളെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും. 

ചേലക്കര സി.ഐ. വിജയകുമാരനാണ് അന്വേഷണച്ചുമതല. തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. പൊന്നമ്മയാണ് മരിച്ച വേശന്റെ ഭാര്യ. വിനീഷ, പ്രജീഷ്, സനേഷ് എന്നിവര്‍ മക്കളാണ്.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.