Latest News

മലേഷ്യന്‍ വിസ വാഗ്ദാനംചെയ്ത് ലക്ഷങ്ങള്‍ തട്ടി മുങ്ങിയ കാസര്‍കോട് സ്വദേശിയെ തട്ടിപ്പിനിരയായവര്‍ പൊക്കി

കണ്ണൂര്‍: മലേഷ്യയില്‍ ജോലിനല്‍കാമെന്ന ഉറപ്പില്‍ ലക്ഷങ്ങള്‍ തട്ടിയയാളെ ഇരകളാക്കപ്പെട്ടവര്‍ വലയിലാക്കി. കാസര്‍കോട് ചെമ്മനാട് ദേളി സ്വദേശി അബ്ദുള്‍ കബീറിനെയാണ് പിടികൂടിയത്.[www.malabarflash.com] 

മറ്റൊരാള്‍ക്ക് വിസ നല്‍കാമെന്നറിയിച്ച് ചെന്നൈയിലേക്ക് കൊണ്ടുപോകാനുള്ള നീക്കത്തിനിടെയാണ് ഇയാളെ കുടുക്കിയത്. തട്ടിപ്പിനിരയായ പത്ത് യുവാക്കള്‍ കണ്ണൂരില്‍ കാത്തുനിന്ന് മംഗളൂരു-ചെന്നൈ മെയിലിലെ എ.സി. കമ്പാര്‍ട്ടുമെന്റില്‍നിന്ന് ഇയാളെ പിടിച്ചിറക്കി പോലീസില്‍ ഏല്പിക്കുകയായിരുന്നു.

കണ്ണൂര്‍, വയനാട്, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളില്‍നിന്നായി 27 പേരില്‍നിന്ന് പണംതട്ടിയെന്നാണ് ഇപ്പോഴുള്ള പരാതി. ഇതുസംബന്ധിച്ച് പെരിങ്ങോം പോലീസില്‍ കേസ് നിലവിലുണ്ട്. 50,000 രൂപവരെ ഓരോ ആളില്‍നിന്നും വാങ്ങിയിട്ടുണ്ടെന്നാണ് പരാതിക്കാര്‍ പറയുന്നത്. 23 പേരില്‍നിന്ന് ആദ്യവും നാലുപേരില്‍നിന്ന് പിന്നീടുമാണ് പണം വാങ്ങിയത്. ഹോട്ടല്‍, സൂപ്പര്‍മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ ജോലിനല്‍കാമെന്നായിരുന്നു വാഗ്ദാനം.

23 പേരെ മെഡിക്കല്‍ പരിശോധനയ്ക്കായി ചെന്നൈയില്‍ കൊണ്ടുപോയി. നാല് ജില്ലയില്‍നിന്നുള്ളവരായിരുന്നു ഇവര്‍. കണ്ണൂരില്‍നിന്ന് പത്തും തൃശ്ശൂരില്‍നിന്ന് ഏഴും പേര്‍ ഇതിലുണ്ടായിരുന്നു. ചെന്നൈയില്‍നിന്ന് മെഡിക്കല്‍ പരിശോധനകഴിഞ്ഞപ്പോഴേക്കും അബ്ദുള്‍ കബീര്‍ മുങ്ങി. പിന്നെ, ഇയാളെ കണ്ടിട്ടില്ല. മൂന്നുദിവസം ചെന്നൈയില്‍ തങ്ങിയശേഷം തട്ടിപ്പിനിരയായവര്‍ മടങ്ങി. ഇവരാണ് കണ്ണൂര്‍ പെരിങ്ങോം സ്റ്റേഷനില്‍ പരാതിനല്‍കിയത്. കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി, മുഖ്യമന്ത്രി എന്നിവര്‍ക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍, അബ്ദുള്‍ കബീറിനെക്കുറിച്ച് ഒരുവിവരവും ലഭിച്ചില്ല.

ഇതിനിടെയാണ് വിസ നല്‍കാമെന്നറിയിച്ച് തളിപ്പറമ്പിലെ നാലുപേരില്‍നിന്നായി 1.15 ലക്ഷം രൂപ വാങ്ങിയെന്ന വിവരം തട്ടിപ്പിനിരയായവര്‍ക്ക് ലഭിച്ചത്. ഇതിലൊരാളുടെ ബന്ധുവെന്നനിലയില്‍ ഇവര്‍ അബ്ദുള്‍ കബീറിനെ വിളിച്ചു. ഒറ്റയ്ക്ക് ചെന്നൈയിലെത്താന്‍ പ്രയാസമുണ്ടെന്നും അതിനാല്‍ തീവണ്ടിയില്‍ കൂടെത്തന്നെ കൊണ്ടുപോകണമെന്നും ആവശ്യപ്പെട്ടു. ചെന്നൈ മെയിലില്‍ കണ്ണൂരില്‍നിന്ന് കയറാന്‍ അബ്ദുള്‍ കബീര്‍ പറഞ്ഞു.

ഇതനുസരിച്ച് തട്ടിപ്പിനിരയായ പത്തുപേര്‍ കണ്ണൂരില്‍ ഒത്തുകൂടി. വെള്ളിയാഴ്ച വൈകുന്നേരം ആറരയോടെ തീവണ്ടി സ്റ്റേഷനിലെത്തിയപ്പോള്‍ ഇവര്‍ കമ്പാര്‍ട്ടുമെന്റില്‍നിന്ന് അബ്ദുള്‍ കബീറിനെ പിടിച്ചിറക്കി. ഉടന്‍ റെയില്‍വേ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. രാത്രിയോടെ പെരിങ്ങോം പോലീസിന് കൈമാറി. പരാതിയില്‍ പരിശോധന പൂര്‍ത്തിയാക്കിയശേഷമാകും ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുക.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.