Latest News

എ കെ ജി ഭവനില്‍ സീതാറാം യെച്ചൂരിക്കുനേരെ ആര്‍എസ്എസ് ആക്രമണം

ന്യുഡല്‍ഹി: സിപിഐ എം ആസ്ഥാനമായ എ കെ ജി ഭവനില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ആക്രമിക്കാന്‍ ആര്‍എസ്എസ് ശ്രമം. രണ്ടു ദിവസമായി നടന്ന പൊളിറ്റ് ബ്യൂറോ യോഗത്തിനു ശേഷം ബുധനാഴ്ച വൈകിട്ട് നാലു മണിക്ക് വാര്‍ത്താസമ്മേളനം നടത്താന്‍ എത്തിപ്പോഴാണ് പാര്‍ടി ഓഫീസിനുള്ളില്‍ കയറി യെച്ചൂരിയെ രണ്ടു ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കടന്നാക്രമിക്കാന്‍ ശ്രമിച്ചത്.[www.malabarflash.com]

ഓഫീസിലെ സിപിഐ എം പ്രവര്‍ത്തകരുടെ ജാഗ്രത മൂലമാണ് അദ്ദേഹം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. അക്രമികളില്‍ രണ്ടു പേരെ പ്രവര്‍ത്തകര്‍ കീഴ്പ്പെടുത്തി പോലീസിലേല്‍പ്പിച്ചു. മൂന്നുവര്‍ഷത്തിനിടെ മൂന്നുവട്ടം സംഘപരിവാറുകാര്‍ എ കെ ജി ഭവനുനേരെ ആക്രമണം നടത്തിയിരുന്നെങ്കിലും അകത്തുകയറി നേതാക്കളെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നത് ആദ്യം.

വാര്‍ത്താസമ്മേളനത്തിനായി കാറില്‍ വന്നിറങ്ങിയ യെച്ചൂരിയെ മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന ചിലര്‍ അനുഗമിച്ചു. രണ്ടുപേര്‍ ഒന്നാം നിലയില്‍ വാര്‍ത്താസമ്മേളനം നടക്കുന്ന ഹാള്‍ വരെയെത്തി. യെച്ചൂരി ഹാളിലേക്കുള്ള കവാടത്തിലെത്തിയ ഉടന്‍ അക്രമികള്‍ ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചു. "സിപിഐ എം രാജ്യദ്രോഹികള്‍, യെച്ചൂരി പാകിസ്ഥാനിലേക്ക് പോ, സിപിഐ എം മൂര്‍ദാബാദ്, ആര്‍എസ്സ് സിന്ദാബാദ്, ഭാരത് മാതാ കീ ജയ്'' എന്നീ മുദ്രാവാക്യങ്ങളാണ് വിളിച്ചത്. 

ഉടന്‍ തന്നെ എന്താണ് ചെയ്യുന്നതെന്ന് യെച്ചൂരി ആരാഞ്ഞു. യെച്ചൂരിയെ ആക്രമിക്കാന്‍ മുതിര്‍ന്നപ്പോള്‍ തന്നെ പാര്‍ടി പ്രവര്‍ത്തകര്‍ ഇരുവരെയും പിടികൂടി. ഒരാള്‍ താഴെ നിലയിലേക്ക് ഓടിരക്ഷപ്പെട്ടെങ്കിലും പ്രവര്‍ത്തകര്‍ പിടികൂടി പോലീസിന് കൈമാറി. രണ്ടാമന്‍ ഓടിരക്ഷപ്പെട്ടെങ്കിലും ഒന്നാംനിലയിലെ മുറിയിലാണെത്തിയത്. മുറിക്കുള്ളില്‍ കയറിയ പ്രവര്‍ത്തകര്‍ ഇയാളെ അകത്തുനിന്നു പൂട്ടി. തുടര്‍ന്ന് ഇവരെ കീഴ്പ്പെടുത്തി പോലീസില്‍ ഏല്‍പ്പിച്ചു.

ഭാരതീയ ഹിന്ദു സേന പ്രവര്‍ത്തകരാണെന്ന് അറസ്റ്റിലായ ഉപേന്ദ്ര കുമാറും പവന്‍ കൌളും പറഞ്ഞതായി പോലീസ് പറഞ്ഞു. അക്രമികളെ മന്ദിര്‍ മാര്‍ഗ് പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്തുവരികയാണ്. ബിജെപിക്കെതിരെ നിലപാടെടുത്താല്‍ ഇത്തരം ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന് പോലീസ് പിടിച്ചുകൊണ്ടുപോകും വഴി ഇവര്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.



Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.