Latest News

യുഡിഎഫ് പ്രകടനത്തിനിടെ സംഘർഷാവസ്ഥ: സിഐ തോക്കെടുത്തു

തൊടുപുഴ: ഇടുക്കി ജില്ലയിൽ യുഡിഎഫ് ഹർത്താലിനോടനുബന്ധിച്ചു പ്രകടനം നടത്തിയ പ്രവർത്തകർ അക്രമാസക്തരായപ്പോൾ സിഐ: എൻ.ജി. ശ്രീമോൻ തോക്കെടുത്തു. തോക്കു കണ്ട് പ്രകോപിതരായ പ്രവർത്തകർ വയ്ക്കെടാ വെടിയെന്ന് ആക്രോശിച്ച് സിഐയ്ക്കു നേരെ ചീറിയടുത്തു. സ്ഫോടനാത്മകമായ സാഹചര്യത്തിനിടെ കോൺഗ്രസ് നേതാക്കൾ ഏറെ പണിപ്പെട്ടാണു പ്രവർത്തകരെ പിന്തിരിപ്പിച്ചത്.[www.malabarflash.com]


വെളളിയാഴ്ച രാവിലെ പതിനൊന്നരയോടെ മൂപ്പിൽക്കടവ് റോഡിൽ കാഞ്ഞിരമറ്റം ജംക്‌ഷനിലാണു സംഭവം. കെഎസ്‌യു പ്രവർത്തകർക്കുനേരെ കഴിഞ്ഞദിവസം നടന്ന ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് വെളളിയാഴ്ച ഇടുക്കിയിൽ യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായുള്ള പ്രകടനത്തിനിടെ അനിഷ്ടസംഭവങ്ങളുണ്ടായി.

ഇതിനിടെ, പോലീസുകാർ വന്ന വാൻ യുഡിഎഫ് പ്രവർത്തകർ തടഞ്ഞു. ഈ വാനിൽ വന്ന സിഐ ശ്രീമോൻ പോലീസുകാരോടൊപ്പം പുറത്തിറങ്ങുന്നതു കണ്ട് പ്രതിഷേധവുമായി യുഡിഎഫ് പ്രവർത്തകർ എത്തി. കോൺഗ്രസ്–കെഎസ്‌യു നേതാക്കളെ തിരഞ്ഞുപിടിച്ചു മർദിച്ചത് ശ്രീമോനാണ് എന്നായിരുന്നു ആരോപണം. പോലീസുകാർ സിഐയ്ക്കു ചുറ്റും വലയം തീർത്തു. പ്രവർത്തകർ പ്രകോപനപരമായ രീതിയിൽ മുദ്രാവാക്യം വിളിച്ചതോടെ സിഐ ശ്രീമോൻ പിസ്റ്റൽ എടുത്ത് ലോഡ് ചെയ്തു.

പ്രശ്നത്തിൽ ഇടപെടാൻ ശ്രമിച്ച തൊടുപുഴ ഡിവൈഎസ്പി: എൻ.എൻ. പ്രസാദിനു നേരെയും പ്രവർത്തകർ രോഷം പ്രകടിപ്പിച്ചു. പോലീസുകാരെ തള്ളിമാറ്റി സിഐയുടെ അടുത്തെത്താനും ചില പ്രവർത്തകർ ശ്രമിക്കുന്നുണ്ടായിരുന്നു. ഇതിനിടെ ആരോ കല്ലെറിഞ്ഞു. കോൺഗ്രസ് നേതാക്കളായ റോയ് കെ.പൗലോസ്, സി.പി. മാത്യു എന്നിവർ ഇടപെട്ട് പ്രവർത്തകരെ ശാന്തരാക്കി.

അതേസമയം, അസഭ്യം പറഞ്ഞെത്തിയ യുഡിഎഫ് പ്രവർത്തകർ തന്നെ ലക്ഷ്യമിടുന്നതായി കണ്ടപ്പോൾ സ്വയരക്ഷാർഥമാണ് തോക്കെടുത്ത് ലോഡ് ചെയ്തതെന്നു തൊടുപുഴ സിഐ: ശ്രീമോൻ പറഞ്ഞു. ഇതിൽ അസ്വാഭാവികതയില്ലെന്നും സംഘർഷമുണ്ടാകുന്ന വേളയിൽ മുൻകരുതൽ എന്ന നിലയിൽ ഉദ്യോഗസ്ഥർ ഇതു ചെയ്യുന്നതാണെന്നും ഡിവൈഎസ്പി: എൻ.എൻ. പ്രസാദ് വിശദീകരിച്ചു.

അതേസമയം, സംഘർഷാവസ്ഥ സൃഷ്ടിക്കാൻ വേണ്ടിയാണു സിഐ തോക്കെടുത്തതെന്നു കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.