Latest News

നടി ആക്രമിക്കപ്പെട്ട കേസ്: കാവ്യാ മാധവനെ ചോദ്യംചെയ്തു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടി കാവ്യാ മാധവനെ ചോദ്യംചെയ്തു. ദിലീപിന്റെ ആലുവയിലെ തറവാട്ട് വീട്ടില്‍വച്ചായിരുന്നു ചോദ്യംചെയ്യല്‍. അന്വേഷണ സംഘത്തിന്റെ ചോദ്യംചെയ്യല്‍ മണിക്കൂറുകള്‍ നീണ്ടു. രാവിലെ 11 ന് തുടങ്ങിയ ചോദ്യംചെയ്യല്‍ വൈകീട്ട് അഞ്ചിനാണ് അവസാനിച്ചത്. [www.malabarflash.com]

നടി ആക്രമിക്കപ്പെടാന്‍ ഇടയാക്കിയ സാഹചര്യങ്ങളെപ്പറ്റി അന്വേഷണസംഘം വിവരങ്ങള്‍ ശേഖരിച്ചുവെന്നാണ് സൂചന. സംഭവത്തിനുശേഷം കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയില്‍ എത്തിയെന്ന് പ്രതി പള്‍സര്‍ സുനി പോലീസിന് മൊഴി നല്‍കിയിരുന്നു.

ഇതിന് പിന്നാലെ ലക്ഷ്യയില്‍ അന്വേഷണസംഘം റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെയെല്ലാം വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചുവെന്നാണ് സൂചന. കാവ്യയുടെ ഭര്‍ത്താവും നടനുമായ ദിലീപ് കേസിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായിരുന്നു.

ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ് ദിലീപ്. അദ്ദേഹം സമര്‍പ്പിച്ച ജാമ്യാപേക്ഷ മജിസ്‌ട്രേട്ട് കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. ദിലീപിന്റെ വിവാഹബന്ധം തകര്‍ന്നതിന് പിന്നില്‍ യുവ നടിയാണെന്ന് കരുതിയാണ് ആക്രമണത്തിന് ദിലീപ് ക്വട്ടേഷന്‍ നല്‍കിയതെന്നാണ് പോലീസിന് ലഭിച്ച വിവരം.

പ്രമുഖ നടനും നിര്‍മ്മാതാവും വിതരണക്കാരനുമായ ദിലീപിന് ജാമ്യം നല്‍കുന്നത് ജാഗ്രതയോടെ വേണമെന്ന് വിലയിരുത്തിയാണ് അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്.

അന്വേഷണ പുരോഗതി വിലയിരുത്താന്‍ എ.ഡി.ജി.ബി ബി സന്ധ്യ ആലുവ പോലീസ് ക്ലബ്ബില്‍ എത്തിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരുമായി അവര്‍ ചര്‍ച്ച നടത്തി.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.