Latest News

പരേതന്‍ തിരിച്ചു വരുമെന്ന് കരുതി; മലപ്പുറത്ത് വീട്ടില്‍ മൃതദേഹം സൂക്ഷിച്ചത് മൂന്ന് മാസം

പെരിന്തല്‍മണ്ണ: മരിച്ചയാളുടെ ജീവന്‍ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയില്‍ ഭാര്യയും മൂന്നുമക്കളും മൃതദേഹത്തിന് മൂന്നുമാസം പ്രാര്‍ഥനയോടെ കാവലിരുന്നു. കൊളത്തൂര്‍ അമ്പലപ്പടി പാറമ്മലങ്ങാടിയിലാണ് സംഭവം. 

വാഴയില്‍ മൊയ്തീന്‍കുട്ടിയുടെ മകന്‍ സെയ്തി(55)ന്റെ മൃതദേഹമാണ് ജീര്‍ണിച്ചനിലയില്‍ വീട്ടിലെ അടച്ചിട്ടമുറിയില്‍ കണ്ടെത്തിയത്.

സെയ്തിന്റെ ഭാര്യാസഹോദരനായ മൊയ്തീന്‍കുട്ടിയുടെ ഇടപെടലുകളാണ് സംഭവം ബുധനാഴ്ച പുറത്തറിയാന്‍ കാരണമായത്. വിദേശത്തുനിന്ന് അവധിക്കുവന്ന മൊയ്തീന്‍കുട്ടി സെയ്തിനെക്കുറിച്ച് പലതവണ അന്വേഷിച്ചിട്ടും വിവരം കിട്ടിയില്ല. സംശയത്തെത്തുടര്‍ന്ന് ബുധനാഴ്ച ഉച്ചയോടെ വാര്‍ഡ് മെമ്പര്‍ ഷാഹിദ, സി.ഡി.എസ്. പ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിവരോടൊപ്പം വീട്ടിലെത്തി. അടച്ചിട്ടമുറി ബലംപ്രയോഗിച്ച് തുറന്ന് അകത്തുകടന്നപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച കണ്ടത്.

നിലത്ത് ഒരു വെള്ളത്തുണിയില്‍ പുതപ്പിച്ച മൃതദേഹത്തിനു ചുറ്റും സെയ്തിന്റെ ഭാര്യ റാബിയ, മക്കളായ മുഹമ്മദ് കാസിം ഉവൈസ് (21), കദീജ നാജിയ (17), ഫാത്തിമ ഫര്‍ഹ (14) എന്നിവര്‍ മന്ത്രം ചൊല്ലിക്കൊണ്ടിരിക്കുകയായിരുന്നു. ഉടന്‍ പോലീസില്‍ വിവരംനല്‍കി. 

പെരിന്തല്‍മണ്ണ സി.ഐ സാജു കെ. എബ്രഹാം മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. മലപ്പുറത്തുനിന്ന് ഫോറന്‍സിക് വിദഗ്ധരുമെത്തി. മൃതദേഹം മഞ്ചേരി മെഡിക്കല്‍കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

സെയ്ത് പുത്തന്‍പള്ളി പ്രദേശത്ത് മദ്രസ അധ്യാപകനായി ഫെബ്രുവരി വരെ ജോലിചെയ്തിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. മകന്‍ ഉവൈസ് മലപ്പുറം മഅദിന്‍ അക്കാദമിയിലെ വിദ്യാര്‍ഥിയാണ്. ഒരുമാസത്തോളമായി പഠിക്കാന്‍പോകാതെ വീട്ടിലിരിക്കുകയാണ്. പെണ്‍കുട്ടികള്‍ രണ്ടുവര്‍ഷത്തിലധികമായി പഠനം നിര്‍ത്തിയിട്ട്. 

വീട്ടിലേക്കാവശ്യമായ ഭക്ഷണസാധനങ്ങള്‍ തന്റെ ഇരുചക്രവാഹനത്തില്‍ വീട്ടിലെത്തിക്കുന്നത് ഉവൈസാണ്. വീട്ടിലെ സ്ത്രീകള്‍ക്ക് രണ്ടുവര്‍ഷത്തോളമായി അയല്‍വാസികളുമായി ഒരു ബന്ധവുമില്ലെന്നു പറയുന്നു. ഭാര്യയുടെയും മക്കളുടെയും മൊഴി പോലീസ് പരിശോധിച്ചുവരികയാണ്.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.